ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനാര്..? കോലിക്ക് വോട്ടില്ല, ഗംഭീറിന്റെ പിന്തുണ രോഹിത്തിന്

By Web TeamFirst Published Apr 19, 2020, 4:18 PM IST
Highlights

നേടിയ കിരീടങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തതെന്ന് ഗംഭീര്‍ വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം തുടര്‍ന്നു... ''രോഹിത് ശര്‍മയാണ് എന്റെ അഭിപ്രായത്തില്‍ മികച്ച ക്യാപ്റ്റന്‍. അദ്ദേഹത്തിന് കീഴില്‍ നാല് തവണ മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കി.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച ക്യാപ്റ്റനാരെന്ന ചോദ്യത്തിന് ഉത്തരവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് ശര്‍മയ്ക്കാണ് ഗംഭീറിന്റെ വോട്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറും രോഹിത്തിനാണ് വോട്ട് ചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പരിപാടിയില്‍ പങ്കെടുത്തു കമന്റേറ്റര്‍മാരായ കെവിന്‍ പീറ്റേഴ്‌സണും ഡാനി മോറിസനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ ധോണിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നായകനായ വിരാട് കോലിക്ക് ആരുടെയും പിന്തുണ കിട്ടിയില്ല.

നേടിയ കിരീടങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തതെന്ന് ഗംഭീര്‍ വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം തുടര്‍ന്നു... ''രോഹിത് ശര്‍മയാണ് എന്റെ അഭിപ്രായത്തില്‍ മികച്ച ക്യാപ്റ്റന്‍. അദ്ദേഹത്തിന് കീഴില്‍ നാല് തവണ മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കി. നായക മികവ് അളക്കപ്പെടുന്നത് കിരീടങ്ങളുടെ എണ്ണം നോക്കിയാണ്. രോഹിത് ശര്‍മ എക്കാലത്തെയും മികച്ച ഐപിഎല്‍ ക്യാപ്റ്റനായി മാറിയാലും അതിശയിക്കേണ്ടതില്ല. കരിയര്‍ അവസാനിപ്പിക്കും മുന്‍പ് രോഹിത് 67 കിരീടം നേടുമെന്നാണ് എന്റെ കണക്കുകൂട്ടല്‍.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി. ഗംഭീറിന്റെ അഭിപ്രായത്തെ ബംഗാറും പിന്തുണച്ചു.

ധോണിയെയാണ് പീറ്റേഴ്‌സണ്‍ പിന്തുണണച്ചത്. മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുക്കുമ്പോള്‍ ധോണിക്കെതിരെ കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം അത്രയ്ക്കാണ് ആളുകള്‍ അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. രോഹിത്തും മുംബൈ ഇന്ത്യന്‍സും കൈവരിച്ച നേട്ടങ്ങളെ കുറച്ചുകാണുകയല്ല. സ്ഥിരതകൊണ്ടും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള മികവുകൊണ്ടും ഞാന്‍ ധോണിക്കൊപ്പമാണ് മുന്‍ ഇംഗ്ലീഷ് താരം പറഞ്ഞുനിര്‍ത്തി. ക്യാപ്റ്റനെന്ന നിലയില്‍ ധോണി ചെലുത്തുന്ന സ്വാധീനവും സഹതാരങ്ങള്‍ക്കു നല്‍കുന്ന പ്രചോദനവുമാണ് ഞാന്‍ നോക്കുന്നതെന്ന് ഡാനി മോറിസണ്‍ വ്യക്തമാക്കി.

click me!