
ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിന് ഇന്ത്യയും ന്യൂസിലൻഡും നാളെ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചക്ക് 2.30നാണ് കലാശപ്പോരാട്ടം തുടങ്ങുക. പരാജയമറിയാതെ എത്തിയ ഇന്ത്യയും ഇന്ത്യയോട് മാത്രം തോറ്റ കിവീസും കലാശപ്പോരിൽ മാറ്റുരക്കുമ്പോള്‍ ആവേശപ്പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാന്‍ വേദിയായ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ പലതും മഴ മൂലം ഉപേക്ഷിക്കപ്പെട്ടത് നാളത്തെ ഫൈനലിനെക്കുറിച്ചും ആരാധകരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെങ്കിലും ദുബായിൽ നാളെ മഴ പ്രവചനവമൊന്നും ഇല്ല. എന്നാല്‍ മഴമൂലം ഫൈനല്‍ പൂര്‍ത്തിയാക്കാൻ കഴിയാതെ വരികയോ മത്സരം ടൈ ആവുകയോ ചെയ്താല്‍ ആരാകും കിരീടം നേടുകയെന്നത് ആരാധകമനസിലെ ചോദ്യമാണ്.
മത്സരം ടൈ ആയാല്‍
2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരം ടൈ ആയതിന്‍റെ ഓര്‍മകള്‍ ആരാധക മനസിലുണ്ടാകും. അന്ന് സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതോടെ നിശ്ചിത ഓവറുകളില്‍ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായത്. എന്നാല്‍ ഒട്ടേറെ വിമര്‍ശനം ഉയര്‍ന്ന ആ നിയമം ഐസിസി പിന്നീട് ഒഴിവാക്കി. അതുകൊണ്ട് തന്നെ നാളെ മത്സരം ടൈ ആയാല്‍ വീണ്ടും സൂപ്പര്‍ ഓവര്‍ നടത്തും. അതിലും ടൈ ആയാല്‍ വീണ്ടും സൂപ്പര്‍ ഓവര്‍ എന്ന രീതിയിലാണ് വിജയികളെ കണ്ടെത്തുക.
മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ കിരീടം ആര് നേടും
ദുബായില്‍ മഴ പെയ്യാനുള്ള സാധ്യത വിരളമാണെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ ആരാകും ജേതാക്കളാകുക എന്ന ചോദ്യവുമുണ്ട്. ഫൈനലിന് ഐസിസി റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നാളത്തെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. 2002ല്‍ ഇന്ത്യയും ശ്രീലങ്കയും ഇത്തരത്തില്‍ സംയുക്ത ജേതാക്കളായിട്ടുണ്ട്.
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍; കുല്‍ദീപ് പുറത്താകും?, പകരമെത്തുക അപ്രതീക്ഷിത താരം; ഇന്ത്യയുടെ സാധ്യതാ ടീം
എന്നാല്‍ അന്ന് റിസര്‍വ് ദിനത്തില്‍ മത്സരം വീണ്ടും ആദ്യം മുതല്‍ തുടങ്ങിയതിനാല്‍ 110 ഓവറുകളെറിഞ്ഞശേഷവും ഫലമില്ലാതെ പോകുകയായിരുന്നു. പിന്നീട് ഈ നിയമം മാറ്റിയ ഐസിസി നിശ്ചിത ദിവസം നിര്‍ത്തിയേടത്തുനിന്ന് റിസര്‍വ് ദിനത്തില്‍ കളി പുനരാരംഭിക്കുമെന്ന നിയം നടപ്പിലാക്കി. നാളത്തെ ഫൈനലിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ മഴമൂലമോ മറ്റേതെങ്കിലും സാഹചര്യങ്ങള്‍ മൂലമോ മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യയും ന്യൂസിലന്‍ഡും ജേതാക്കളാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!