എന്തുകൊണ്ട് രോഹിത് ശർമ്മ ഔട്ട്, ഹാർദിക് പാണ്ഡ്യ ഇന്‍; ഉത്തരമുണ്ട്! ധോണി-കോലി കാലം ഓർമ്മിപ്പിച്ചുള്ള നീക്കം

Published : Dec 15, 2023, 09:46 PM ISTUpdated : Dec 15, 2023, 09:56 PM IST
എന്തുകൊണ്ട് രോഹിത് ശർമ്മ ഔട്ട്, ഹാർദിക് പാണ്ഡ്യ ഇന്‍; ഉത്തരമുണ്ട്! ധോണി-കോലി കാലം ഓർമ്മിപ്പിച്ചുള്ള നീക്കം

Synopsis

മുംബൈ ഇന്ത്യന്‍സ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് 'സൈക്കോളജിക്കല്‍ മൂവ്', ഇങ്ങനെ പറയാന്‍ നിരവധി കാരണങ്ങള്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ മുന്‍ മാതൃകകളും

മുംബൈ: 'ഫോർ-എവർ ക്യാപ്റ്റന്‍' രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനത്ത് നിന്ന് മാറിയിരിക്കുന്നു. ആരാധകർക്ക് ഈ വാർത്ത വലിയ ഞെട്ടലുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍സിയില്‍ എം എസ് ധോണി കാട്ടിയത് പോലെ വളരെ അനായാസമായ തലമുറമാറ്റമാണ് രോഹിത്തും മുംബൈ ഇന്ത്യന്‍സില്‍ നടത്തിയത് എന്ന് വേണം കരുതാന്‍. 

രോഹിത് ശർമ്മയ്ക്ക് കീഴില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളടക്കം ആറ് കപ്പുകള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനെ നയിക്കാനുള്ള ചുമതല ഇനി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കാണ്. ടീമിന്‍റെ ഭാവി മുന്നോട്ടു കണ്ടുള്ള മാനേജ്മെന്‍റിന്‍റെ സൈക്കോളജിക്കല്‍ നീക്കമായാണ് ഈ ക്യാപ്റ്റന്‍സി മാറ്റം വിലയിരുത്തപ്പെടുന്നത്. രോഹിത്തിന്‍റെ പിന്‍ഗാമിയായി മനസില്‍ കണ്ട് തന്നെയാണ് ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ടീം ഐപിഎല്‍ 2024 സീസണിന് മുമ്പ് കൊണ്ടുവന്നത് എന്ന് വ്യക്തമായിരിക്കുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്ന് ഹർഭജന്‍ സിംഗിലേക്കും അവിടെ നിന്ന് റിക്കി പോണ്ടിംഗിലേക്കും പിന്നീട് രോഹിത് ശർമ്മയിലേക്കും വന്നതുപോലെയുള്ള സ്വാഭാവിക ക്യാപ്റ്റന്‍സി മാറ്റമാണ് ഇപ്പോഴും സംഭവിച്ചത്. എന്നും സൂപ്പർ താരങ്ങളുടെ കോട്ടയായ മുംബൈ ഇന്ത്യന്‍സില്‍ കോലാഹലങ്ങളില്ലാതെ മറ്റൊരു ക്യാപ്റ്റന്‍ കൂടി സ്ഥാനമേല്‍ക്കുന്നു എന്നത് ചില്ലറക്കാര്യമല്ല.

ഐപിഎല്‍ 2013 സീസണിന് മധ്യേയാണ് ഓസീസിന്‍റെ ഇതിഹാസ നായകന്‍ എന്ന വിശേഷണമുള്ള റിക്കി പോണ്ടിംഗില്‍ നിന്ന് ക്യാപ്റ്റന്‍റെ തൊപ്പി രോഹിത് ശർമ്മയുടെ പക്കലെത്തിയത്. 2013, 2015, 2017, 2019, 2020 സീസണുകളില്‍ കിരീടവുമായി രോഹിത് ക്യാപ്റ്റനായുള്ള മാനേജ്മെന്‍റിന്‍റെ തെരഞ്ഞെടുപ്പ് ശരിവെച്ചു. രോഹിത് ശർമ്മയ്ക്കും ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം എം എസ് ധോണിക്കും മാത്രമേ ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ ക്യാപ്റ്റനായി നേടാനായിട്ടുള്ളൂ എന്നോർക്കണം. ഇത്രയധികം പരിചയസമ്പത്തും ക്യാപ്റ്റന്‍സി മികവുമുള്ള രോഹിത്തിനെ കൂടെനിർത്തി ഐപിഎല്‍ 2024 സീസണില്‍ ടീമിനെ നയിച്ച് തന്ത്രങ്ങളും ടീമിനെയും മിനുക്കിയെടുക്കാനുള്ള അവസരമാണ് ഹാർദിക്കിന് മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്‍റ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് എന്നുറപ്പ്. രോഹിത്തും ഹാർദിക്കും തമ്മിലുള്ള നല്ല ബന്ധം ഇതിന് ഗുണകരമാവും എന്ന് മാനേജ്മെന്‍റ് കണക്കുകൂട്ടുന്നു. 

ഐപിഎല്‍ 2024 സീസണില്‍ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ രോഹിത് ശർമ്മയെ വെറും ഓപ്പണർ ബാറ്ററുടെ റോളില്‍ മാത്രമായിരിക്കില്ല മൈതാനത്ത് കാണുക. രോഹിത്തിന്‍റെ മെന്‍റർഷിപ്പോടെയാവും ഹാർദിക് ഈ വരുന്ന സീസണില്‍ മുംബൈ ടീമിനെ നയിക്കുക എന്നാണ് സൂചനകള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചുമതല എം എസ് ധോണി,  വിരാട് കോലിക്ക് കൈമാറിയതിനെ ഓർമ്മിപ്പിക്കുന്നുണ്ട് മുംബൈ ഇന്ത്യന്‍സിലെ രോഹിത്-പാണ്ഡ്യ ക്യാപ്റ്റന്‍സി മാറ്റം. കോലിക്ക് കീഴില്‍ താരമായി കളിക്കുമ്പോഴും നല്ല ഉപദേശകനായി മാറാനും ഇരുവരും തമ്മിലുള്ള ആത്മബന്ധം തകരാതെ സൂക്ഷിക്കാനും ധോണിക്ക് സാധിച്ചിരുന്നു. ഇത് രോഹിത്തിനും കഴിയുമെന്ന കണക്കുകൂട്ടലിലാണ് 2024 സീസണിന് മുന്നോടിയായി ഹിറ്റ്മാനില്‍ നിന്ന് ക്യാപ്റ്റന്‍റെ തൊപ്പി പാണ്ഡ്യക്ക് മുംബൈ ഇന്ത്യന്‍സ് ഏല്‍പിച്ചിട്ടുണ്ടാവുക. 36 വയസായ രോഹിത്തിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ ഊഴമാണ് ഇനി മുംബൈ ഇന്ത്യന്‍സില്‍. 

Read more: 'ആരാധകർ അസ്വസ്ഥരാണ്, ഷെയിം ഓണ്‍ മുംബൈ ഇന്ത്യന്‍സ്'; രോഹിത് ശർമ്മയെ നീക്കിയതില്‍ പൊട്ടിത്തെറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്
'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി