
ജൊഹാനസ്ബര്‍ഗ്: എ ബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് ഡിവില്ലിയേഴ്സിനെ മടക്കിക്കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ബൗച്ചര്‍ പറഞ്ഞു.
ടി20 ലോകകപ്പിന് മുന്നോടിയായി രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതിനെക്കുറിച്ച് ഡിവില്ലിയേഴ്സുമായി ചര്‍ച്ച നടത്തുമെന്നും ബൗച്ചര്‍ പറഞ്ഞു. ലോകകപ്പില്‍ ഓരോ ടീമും അവരുടെ ഏറ്റവും മികച്ച കളിക്കാരെയാണ് ടീമിലെടുക്കുക. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്സുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഡിവില്ലിയേഴ്സിന് പുറമെ കോള്‍പാക് നിയമപ്രകാരം ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോയ ദക്ഷിണാഫ്രിക്കന്‍ കളിക്കാരെ വീണ്ടും ടീമിലേക്ക് തിരികെ കൊണ്ടുവരുന്നകാര്യവും സജീവമായി പരിഗണിക്കുമെന്നും ബൗച്ചര്‍ വ്യക്തമാക്കി.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്ടറായി നിയമിതനായ മുന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് ബൗച്ചറെ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചത്. മുന്‍ താരം ആഷ്‌വെല്‍ പ്രിന്‍സിനെ എ ടീമിന്റെ പരിശീലകനായും സ്മിത്ത് നിയമിച്ചിരുന്നു.
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും ബൗച്ചര്‍ മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്കന്‍ ടീം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഹാന്‍സി ക്രോണ്യ വിവാദത്തിനുശേഷം നടന്ന പരമ്പരയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടിയ ടീമാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ട് ഇംഗ്ലണ്ടിന് ടെസ്റ്റില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും ബൗച്ചര്‍ പറഞ്ഞു. അവസാനം നടന്ന അഞ്ച് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!