വിരമിക്കല്‍ എപ്പോള്‍; നയം വ്യക്തമാക്കി ഓയിന്‍ മോര്‍ഗന്‍

By Web TeamFirst Published Oct 31, 2019, 8:15 PM IST
Highlights

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള ഇംഗ്ലണ്ടിന്‍റെ ഒരുക്കങ്ങളെ കുറിച്ചും നായകനായ മോര്‍ഗന്‍ സംസാരിച്ചു

ക്രൈസ്റ്റ്‌ചര്‍ച്ച്: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റ് ഭാവിയെ കുറിച്ച് തീരുമാനിക്കുമെന്ന് ഇംഗ്ലണ്ടിന്‍റെ ഏകദിന-ടി20 ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് മുപ്പത്തിമൂന്നുകാരനായ മോര്‍ഗന്‍. 

'ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പ് കളിക്കണം. അതിന് ശേഷം ഭാവിയെ കുറിച്ച് തീരുമാനമെടുക്കും. അടുത്ത ലോകകപ്പിന് ശേഷം കരിയര്‍ അവസാനിപ്പിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പ്രതിഭാസമ്പന്നരായ  താരങ്ങളുടെ സംഘമാണ് ഇംഗ്ലണ്ടിന്‍റേത്. അവരെ നയിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും' മോര്‍ഗന്‍ ഐസിസി വെബ‌്‌സൈറ്റിനോട് പറഞ്ഞു. 

ടി20 ലോകകപ്പിനായുള്ള ഒരുക്കങ്ങളെ കുറിച്ച് മോര്‍ഗന്‍റെ പ്രതികരണമിങ്ങനെ. 'മത്സരങ്ങള്‍ ജയിക്കാന്‍ കഴിവുണ്ട് എന്ന് ഞങ്ങള്‍ക്ക് ഉറപ്പുള്ള ടീമിനെയാണ് തെര‍ഞ്ഞെടുക്കുക. അതേസമയം ഇപ്പോഴത്തെ താരങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. മികച്ച ടീമാണ് ഇപ്പോഴുള്ളത്. പതിനഞ്ചംഗ ടീമില്‍ അധികം സ്ഥാനങ്ങള്‍ നികത്താനില്ല. എങ്കിലും ഏറ്റവും മികച്ച ഇലവനെയും 15 അംഗ ടീമിനെയും കണ്ടെത്താനാണ് ശ്രമിക്കുന്നത്. ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും മികവ് തെളിയിക്കാന്‍ അവസരം ലഭിക്കുമെന്നും' മോര്‍ഗന്‍ പറഞ്ഞു.

കിവികള്‍ക്കെതിരെ അഞ്ച് ടി20കളാണ് ഇംഗ്ലണ്ട് കളിക്കുക. 21കാരനായ പാറ്റ് ബ്രൗണിനെയും ടെസ്റ്റ് സെന്‍സേഷന്‍ സാം കറനെയും ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ ഒന്നിന് ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ആദ്യ ടി20 നടക്കും.

click me!