വനിതാ പ്രീമിയർ ലീഗില്‍ എന്തുകൊണ്ട് റണ്‍മഴ, ഇതിനകം 200 ഉം കടന്ന് 2 ടീമുകള്‍; കാരണമുണ്ട്

Published : Mar 05, 2023, 07:50 PM ISTUpdated : Mar 05, 2023, 07:55 PM IST
വനിതാ പ്രീമിയർ ലീഗില്‍ എന്തുകൊണ്ട് റണ്‍മഴ, ഇതിനകം 200 ഉം കടന്ന് 2 ടീമുകള്‍; കാരണമുണ്ട്

Synopsis

ഇത്തരത്തില്‍ വനിതാ പ്രീമിയർ ലീഗില്‍ റണ്‍മഴ പെയ്യാന്‍ കാരണമുണ്ട്. ഇനി വരാനിരിക്കുന്ന മത്സരങ്ങളിലും കൂറ്റന്‍ സ്കോറുകള്‍ പ്രതീക്ഷിക്കാം.

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗില്‍ ആദ്യ രണ്ട് മത്സരങ്ങളിലും രണ്ട് ടീമുകള്‍ 200ലധികം റണ്‍സ് സ്കോർ ചെയ്യുന്നത് ആരാധകർ കണ്ടു. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ 20 ഓവറില്‍ 207/5 എന്ന സ്കോർ നേടി. ഗുജറാത്തിന്‍റെ മറുപടി ബാറ്റിംഗ് 64 റണ്‍സില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ ആർസിബിക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 223/2 എന്ന ഹിമാലയന്‍ സ്കോർ പടുത്തുയർത്തി. ആർസിബി മറുപടിയായി 163/8 എന്ന കണക്കിലെത്തി. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് 200 പിന്നിട്ടത്. 

ഇത്തരത്തില്‍ വനിതാ പ്രീമിയർ ലീഗില്‍ റണ്‍മഴ പെയ്യാന്‍ കാരണമുണ്ട്. ഇനി വരാനിരിക്കുന്ന മത്സരങ്ങളിലും കൂറ്റന്‍ സ്കോറുകള്‍ പ്രതീക്ഷിക്കാം. ദക്ഷിണാഫ്രിക്കയില്‍ നടന്ന വനിതാ ട്വന്‍റി 20 ലോകകപ്പിനെ അപേക്ഷിച്ച് അഞ്ച് മീറ്റർ കുറച്ചുള്ള ബൗണ്ടറിയാണ് വനിതാ പ്രീമിയർ ലീഗിനായി ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. ബൗണ്ടറികളുടെ പരമാവധി ദൂരം 60 മീറ്ററിന് അപ്പുറമാകാന്‍ പാടില്ല. മത്സരങ്ങള്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ബ്രബോണ്‍ സ്റ്റേഡിയത്തിലും ബൗണ്ടറി ഇത്തരത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂറ്റന്‍ സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങളുണ്ടാവാന്‍ വേണ്ടിയാണ് ഈ നീക്കം. ഉയർന്ന സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങള്‍ സ്റ്റേഡിയത്തിലെ കാണികള്‍ക്കും ടെലിവിഷന്‍, മൊബൈല്‍ കാഴ്ചക്കാർക്കും കൂടുതല്‍ ആവേശമാകും എന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്. 

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ ആറ് സിക്സുകള്‍ പറത്തി. ഇവയില്‍ നാലാം ഓപ്പണർ ഹെയ്‍ലി മാത്യൂസിന്‍റെ വകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് ജയന്‍റ്സ് വനിതകള്‍ കുഞ്ഞന്‍ സ്കോറില്‍ പുറത്തായപ്പോള്‍ രണ്ട് സിക്സുകളേ ഇന്നിംഗ്സിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ട് ഇന്നിംഗ്സിലുമായി 36 ഫോറുകളുണ്ടായി. രണ്ടാം മത്സരത്തിലേക്ക് എത്തിയപ്പോള്‍ ബൗണ്ടറികളുടെ എണ്ണം കൂടി. ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ ഏഴും ആർസിബി വനിതകള്‍ മൂന്നും സിക്സറുകള്‍ നേടിയ ഈ മത്സരത്തില്‍ ആകെ 51 ഫോറുകളാണ് പിറന്നത്. ഇതുവരെ പൂർത്തിയായ രണ്ട് മത്സരങ്ങളിലെ നാല് ഇന്നിംഗ്സുകളിലായി ആകെ 657 റണ്‍സ് സ്കോർ ബോർഡില്‍ തെളിഞ്ഞു. ഈ കണക്കുകളെല്ലാം ബിസിസിഐയുടെ കണക്കൂകൂട്ടല്‍ ശരിവെക്കുന്നു. 

ടാരാ നോറിസ് അഞ്ചാളെ എറിഞ്ഞിട്ടു; ഡല്‍ഹിക്കെതിരെ ആർസിബിക്ക് കനത്ത തോല്‍വി

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ