'അപ്രതീക്ഷിതം'; ഓസീസ്- ബംഗ്ലാദേശ് പരമ്പര മാറ്റിവെച്ചു

By Web TeamFirst Published Sep 24, 2019, 11:45 AM IST
Highlights

സ്വന്തം മണ്ണില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് ബോര്‍ഡ് 2020 ജൂണ്‍- ജൂലൈ കാലയളവിലേക്ക് മാറ്റിയത്. 

ധാക്ക: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നീട്ടി. സ്വന്തം മണ്ണില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് ബോര്‍ഡ് 2020 ജൂണ്‍- ജൂലൈ കാലയളവിലേക്ക് മാറ്റിയത്. തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 

ചിലപ്പോള്‍ രണ്ട് ടെസ്റ്റുകള്‍ ഫെബ്രുവരിയില്‍ നടന്നേക്കാം. എന്നാല്‍ നിലവില്‍ ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടത്താനാണ് തീരുമാനം എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ അറിയിച്ചു. ഒക്‌ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കേണ്ടിയിരുന്ന മൂന്ന് ടി20 പരമ്പരയുടെ സമയത്തിലും മാറ്റമുണ്ട്. അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുന്നോടിയായി ടി20 പരമ്പര നടക്കുമെന്നും എന്നാല്‍ തിയതികള്‍ തീരുമാനമായിട്ടില്ലെന്നും അക്രം ഖാന്‍ വ്യക്തമാക്കി. 

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയോടെയാണ് ബംഗ്ലാദേശ് അവരുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. നവംബറിലാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ ടെസ്റ്റ് നവംബര്‍ 14 മുതല്‍ 18 വരെ ഇന്‍ഡോറിലും രണ്ടാം മത്സരം 22 മുതല്‍ 26 വരെ ഈഡന്‍ ഗാര്‍ഡന്‍സിനും നടക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി മൂന്ന് ടി20കള്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് കളിക്കും. 

click me!