ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: നിരാശപ്പെടുത്തി രോഹിത്തും ഗില്ലും; ഓസീസിനെതിരെ ഇന്ത്യ 'തകര്‍ന്ന് തുടങ്ങി'

Published : Jun 08, 2023, 07:56 PM IST
 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: നിരാശപ്പെടുത്തി രോഹിത്തും ഗില്ലും; ഓസീസിനെതിരെ ഇന്ത്യ 'തകര്‍ന്ന് തുടങ്ങി'

Synopsis

ഓസീസ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് നല്ല തുടക്കമാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. നാലു റണ്‍സോടെ വിരാട് കോലിയും മൂന്ന് റണ്ണുമായി ചേതേശ്വര്‍ പൂജാരയും ക്രീസില്‍. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമിന്‍സിനും സ്കോട് ബോളന്‍ഡിനുമാണ് വിക്കറ്റ്.

നല്ല തുടക്കം പിന്നെ തകര്‍ച്ച

ഓസീസ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് നല്ല തുടക്കമാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. കമിന്‍സിനെ ഗില്ലും പിന്നാലെ സ്റ്റാര്‍ക്കിനെ വീണ്ടും രോഹിത്തും ബൗണ്ടറി കടത്തിയതോടെ ഇന്ത്യ ആവേശത്തിലായി. എന്നാല്‍ ആവേശത്തിന് അധികം ആയുസുണ്ടായില്ല. ആറാം ഓവറില്‍ ഗില്‍ കമിന്‍സിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 26 പന്തില്‍ 15 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ സംഭാവന.

അടുത്ത ഓവറില്‍ സ്കോട് ബോളന്‍ഡിന്‍റെ ഓഫ് സ്റ്റംപിലെത്തിയ പന്ത് ലീവ് ചെയ്ത ശുഭ്മാന്‍ ഗില്ലിന് പിഴച്ചു. അകത്തേക്ക് തിരിഞ്ഞ പന്തില്‍ ഗില്ലിന്‍റെ മിഡില്‍ സ്റ്റംപിളകി. അടുത്തടുത്ത ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ 30-2ലേക്ക് വീണ ഇന്ത്യ പതറി.   നാലാം നമ്പറിലെത്തിയ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 37ല്‍ എത്തിച്ച് ചായക്ക് പിരിഞ്ഞു. പാറ്റ് കമിന്‍സിന്‍റെ ഓഫ് സ്റ്റംപിലെത്തിയ പന്ത് കോലി ലീവ് ചെയ്തെങ്കിലും എഡ്ജ് ചെയ്ത പന്തില്‍ ബൗണ്ടറി നേടിയാണ് കോലി അക്കൗണ്ട് തുറന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: സിറാജിന് നാലു വിക്കറ്റ്, ഒടുവില്‍ ഓസീസിനെ ഓള്‍ ഔട്ടാക്കി ഇന്ത്യ

ഓസീസിനെ വീഴ്ത്തി സിറാജ്

നേരത്തെ 327/3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓള്‍ ഔട്ടാവുകയായിരുന്നു.  രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയില്‍ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും സിറാജും  വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്. ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്‌‌ലെയ്ഡിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ബെന്‍ സ്റ്റോക്സ്, കൂറ്റന്‍ ലീഡിനായി ഓസീസ്
ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര