
ഗുവാഹത്തി: രഞ്ജി ട്രോഫിയിലെ ചരിത്ര പട്ടികയില്‍ ഇടം ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ യഷ് ദുള്‍ (Yash Dhull). രഞ്ജിയില്‍ (Ranji Trophy) അരങ്ങേറ്റത്തില്‍ തന്നെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ദുള്‍. ഗുവാഹത്തിയില്‍ തമിഴ്‌നാടിനെതിരെയായിരുന്നു ദുളിന്റെ നേട്ടം. ഇത്തവണ അണ്ടര്‍ 19 (U19 World Cup) ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ടീമിനെ നയിച്ചത്.
നരി കോണ്‍ട്രാക്ടര്‍ (ഗുജറാത്ത്), വിരാട് സ്വതേ (മഹാരാഷ്ട്ര) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ താരങ്ങള്‍. രണ്ട് ഇന്നിംഗ്‌സിലും താരം 113 റണ്‍സ് വീതമാണ് നേടിയത്. സാധാരണ മധ്യനിരയില്‍ കളിക്കാറുള്ള താരം ഇത്തവണ ഓപ്പണിംഗ് സ്ഥാനം ചോദിച്ചുവാങ്ങുകയായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ 202 പന്തിലാണ് ദുള്‍ 113 റണ്‍സ് നേടിയത്. ഇതില്‍ ഒരു സിക്‌സും 14 ഫോറു ഉള്‍പ്പെടും. ആദ്യ ഇന്നിംഗ്‌സില്‍ 150 പന്തിലായിരുന്നു സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതില്‍ 18 ബൗണ്ടറികള്‍ ഉള്‍പ്പെടും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാം രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ താരങ്ങളാണ്.
ദുള്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി 452 റണ്‍സ് നേടി. ദുളിന് പുറമെ ലളിത് യാദവ് (177) സെഞ്ചുറി നേടി. പിന്നാലെ ബാറ്റിംഗിന് ഇറങ്ങിയ തമിഴ്‌നാട് 494 റണ്‍സാണ് നേടിയത്. 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്.
വേഗത്തില്‍ സെഞ്ചുറി കണ്ടെത്തിയ ഷാറുഖ് ഖാന്‍ (148 പന്തില്‍ 194), ഇന്ദ്രജിത് (117) എന്നിവരാണ് തമിഴ്‌നാട് നിരയില്‍ തിളങ്ങിയത്. ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 228 എന്ന നിലയാലിരുന്നു. ദുളിന് പുറമെ ദ്രുവ് ഷോറെ 107 റണ്‍സുമായി പുറത്താവാതെ നിന്നു. ഫലമുണ്ടാവില്ലെന്ന് കണ്ടപ്പോള്‍ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.