ഐപിഎല്‍ താരലേലം; അന്ന് പാനിപൂരിയും റൊട്ടിയും വിറ്റു, യശസ്വി ജയ്‌സ്വാള്‍ ഇന്ന് കോടിപതി

By Web TeamFirst Published Dec 19, 2019, 6:40 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍ വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ജയ്‌സ്വാളിനെ 2.40 കോടിക്കാണ് റോയല്‍സ് സ്വന്തമാക്കിയത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍ വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ജയ്‌സ്വാളിനെ 2.40 കോടിക്കാണ് റോയല്‍സ് സ്വന്തമാക്കിയത്. അടുത്തിടെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കായി അത്ഭുത പ്രകടനം പുറത്തെടുത്ത താരമാണ് ജയ്‌സ്വാള്‍. ഝാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. അപ്പോള്‍ 19 വയസും 292 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന് നേട്ടം താരത്തെ തേടിയെത്തിയിരുന്നു. 

The youngest ever to hit a double hundred in List A cricket 💯💯
Yashasvi Jaiswal AKA wonder kid, welcome to the Indian Premier League🤗 pic.twitter.com/7bnmYKTuMw

— Rajasthan Royals (@rajasthanroyals)

എന്നാല്‍ ഇതിന് മുമ്പെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ ജീവിതം തന്നെയായിരുന്നു അതിന് പിന്നില്‍. ഒരുകാലത്ത് പാനിപുരിയും റൊട്ടിയും വിറ്റാണ് ജയ്‌സ്വാള്‍ ജീവിച്ചിരുന്നത്. കഥയിങ്ങനെ.... മഹാരാഷ്ട്രയിലെ ബദോഹി സ്വദേശിയായ ജയസ്വാള്‍ 2012ലാണ് മുംബൈയിലെത്തുന്നത്. പത്താം വയസില്‍, ക്രിക്കറ്റിനോടുള്ള പ്രണയം കൊണ്ട് മുംബൈയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് മാറി. അവന്റെ ഗ്രാമത്തില്‍ നിന്ന് ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് മുംബൈയിലേക്കുള്ള മാറ്റം.

എന്നാല്‍ അവിടേയും കാര്യങ്ങള്‍ ഒട്ടും സുഗമമായിരുന്നില്ല. ഗ്രൗണ്ടിലേക്കുള്ള ദൂരമായിരുന്നു പ്രധാന പ്രശ്നം. പിന്നീട് ക്ഷീരോല്‍പാദന സാധനങ്ങളുടെ കടയിലേക്ക് താമസം മാറ്റി. കൂടെ അവിടെ ചെറിയ ജോലിയും. എന്നാല്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ മുഴുവന്‍ സമയവും ജോലിയില്‍ മുഴുകാന്‍ സാധിച്ചില്ല. ഒരു ദിവസം പരിശീലനം കഴിഞ്ഞ് വന്നപ്പോള്‍ തന്റെ സാധനങ്ങളെല്ലാം കടയ്ക്ക് പുറത്ത് വച്ചിരിക്കുന്നതാണ് കണ്ടത്.

പിന്നീട് ആസാദ് മൈദാനിലെ മുസ്ലിം യുനൈറ്റഡ് ക്ലബാണ് അഭയം നല്‍കിയത്. അവിടെ ടെന്റിലായിരുന്നു താമസം. എങ്കിലും, ക്രിക്കറ്റര്‍ സ്വപ്നത്തിലേക്കുള്ള യാത്ര ദുഷ്‌കരമായിരുന്നു. പണമായിരുന്നു പ്രധാന പ്രശ്നം. ഇതോടെ ഒരു ഭക്ഷണശാലയില്‍ റൊട്ടിയുണ്ടാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു ജയ്സ്വാള്‍. ക്ലീനിങ് ഉള്‍പ്പെടെയുള്ള ജോലികളും ചെയ്യണം. ഭക്ഷണവും അവിടുന്ന് തന്നെ.

കോച്ച്, ജ്വാല സിങ്ങിനെ കണ്ടുമുട്ടിയ ശേഷമാണ് ജയ്സ്വാള്‍ എന്ന താരം രൂപപ്പെടുന്നത്. ജയ്സ്വാളിന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ടനായിരുന്നു ജ്വാല. അന്ന് അദ്ദേഹം താരത്തെ കുറിച്ച് പറഞ്ഞതിങ്ങനെ... ''ഞാന്‍ അവനെ കാണുമ്പോള്‍ 11 അല്ലെങ്കില്‍ 12 വയസ് മാത്രമുണ്ടായിരുന്നുള്ളൂ. ജയ്സ്വാളിന്റെ ബാറ്റിഹ് എന്നെ ഒരുപാട് ആകര്‍ഷിച്ചു. ഒന്നാം ഡിവിഷന്‍ ബൗളര്‍മാര്‍ക്കെതിരേ പോലും താരം മനോഹരമായി കളിക്കുന്നു. പിന്നീട് എന്റെ സുഹൃത്താണ് പറയുന്നത്, ഭക്ഷണത്തിനും താമസത്തിനും വേണ്ടി ബുദ്ധിമുട്ടുന്ന കാര്യം...''

പിന്നീടെല്ലാം ജയ്സ്വാളിന്റെ വഴിയേ വന്നു. സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 319 റണ്‍സും 99ന് 13 വിക്കറ്റുകളും താരം സ്വന്തമാക്കി. പിന്നാലെ മുംബൈ അണ്ടര്‍ 16 ടീമില്‍ ഇടം കണ്ടെത്തി. അധികം വൈകാതെ അണ്ടര്‍ 19 ദേശീയ ടീമിലും. ഇപ്പോഴിതാ ഐപിഎല്ലിലും. നിലവില്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിലും അംഗമാണ് മുംബൈക്കാരന്‍.

click me!