'നിങ്ങളെന്റെ കൈയും കാലും മുറിച്ചു കളഞ്ഞു'; വികാരാധീനനായി കനേരിയ

By Web TeamFirst Published Dec 29, 2019, 2:03 PM IST
Highlights

വിരമിച്ചശേഷം ക്രിക്കറ്റ് രംഗത്തുനിന്നും മാധ്യമങ്ങളില്‍ നിന്നും ദുരനഭവങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും കനേരിയ പറഞ്ഞു. നിങ്ങളെന്റെ കൈയും കാലും മുറിച്ചു കളഞ്ഞു. കുറേക്കാലം ഒരു ജോലിയുമില്ലാതെ വീട്ടില്‍ ഇരിക്കേണ്ടിവന്നു.

കറാച്ചി: ഹിന്ദുവായതിന്റെ പേരില്‍ പാക് ടീം അംഗങ്ങളില്‍ നിന്ന് വിവേചനം നേടരിട്ടുവെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ഡാനിഷ് കനേരിയ. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കനേരിയ വികാരാധീനനായി പ്രതികരിച്ചത്.

പ്രശസ്തിക്കുവേണ്ടിയാണ് കനേരിയ വിലകുറഞ്ഞ ആരോപണങ്ങളുമായി ഇപ്പോള്‍ രംഗത്തെത്തുന്നത് എന്ന് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് ആരോപിച്ചിരുന്നു. പണത്തിന് വേണ്ടി എന്തും ചെയ്യുന്നയാളാണ് കനേരിയയെന്നും മിയാന്‍ദാദ് പറഞ്ഞിരുന്നു. എന്നാല്‍ പ്രശസ്തിക്ക് വേണ്ടിയാണ് താനിതൊക്കെ പറയുന്നത് എന്ന് പറയുന്നവര്‍ അറിയേണ്ടത്, താനല്ല ഇതാദ്യം പറഞ്ഞത്. ടെലിവിഷനിലൂടെ ഷൊയൈബ് അക്തറാണെന്ന് ഓര്‍ക്കണമെന്ന് കനേരിയ പറഞ്ഞു.

വിരമിച്ചശേഷം ക്രിക്കറ്റ് രംഗത്തുനിന്നും മാധ്യമങ്ങളില്‍ നിന്നും ദുരനഭവങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും കനേരിയ പറഞ്ഞു. നിങ്ങളെന്റെ കൈയും കാലും മുറിച്ചു കളഞ്ഞു. കുറേക്കാലം ഒരു ജോലിയുമില്ലാതെ വീട്ടില്‍ ഇരിക്കേണ്ടിവന്നു. ഇതില്‍ക്കൂടുതല്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടത്. ഞാനെന്റെ ജീവനൊടുക്കണമായിരുന്നോ-കനേരിയ ചോദിച്ചു.

പാക്കിസ്ഥാനുവേണ്ടി 10 വര്‍ഷത്തോളം ഞാന്‍ കളിച്ചില്ലെ എന്ന് പറയുന്നവരുണ്ട്. എന്റെ ചോര നീരാക്കിയാണ് ഞാന്‍ ഈ 10 വര്‍ഷവും കളിച്ചത്. വിരലുകളില്‍നിന്ന്  രക്തമൊലിക്കുമ്പോഴും ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ വിറ്റിട്ടും തിരിച്ചുവന്ന് ഇപ്പോഴും ചിലര്‍ ടീമില്‍ തുടരുന്നു. പണത്തിനുവേണ്ടി ഞാനൊരിക്കലും എന്റെ രാജ്യത്തെ  വിറ്റിട്ടില്ല.മുഹമ്മദ് ആമിറിന്റെ പേര് എടുത്തുപറയാതെ കനേരിയ പറഞ്ഞു.

ഡാനിഷ് കനേരിയ ഹിന്ദുവായതിന്റെ പേരില്‍ ടീം അംഗങ്ങളില്‍ നിന്ന് വിവേചനം നേരിട്ടുവെന്ന വെളിപ്പെടുത്തലില്‍ നിലപാട് മയപ്പെടുത്തി ഷൊയൈബ് അക്തര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. പാക് ടീമിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് കനേരിയയെ വംശീയമായി അധിക്ഷേപിച്ചിട്ടുള്ളുവെന്നും മറ്റ് ടീം അംഗങ്ങള്‍ ഒരിക്കലും അത് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

click me!