Latest Videos

ദീര്‍ഘകാലം മുംബൈ ഇന്ത്യൻസിനായി കളിച്ചാല്‍ തല പൊട്ടിത്തെറിക്കും, വെളിപ്പെടുത്തി മുന്‍ മുംബൈ താരം

By Web TeamFirst Published Apr 23, 2024, 7:17 PM IST
Highlights

മുംബൈയിലും ചെന്നൈയിലുമുള്ളത് രണ്ട് തരം സംസ്കാരമാണ്. പക്ഷെ ആത്യന്തികമായി ഇരു ടീമും വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാല്‍ മുംബൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെന്നൈ ടീമിലാണ് കൂടുതല്‍ മികച്ച അന്തരീക്ഷമുള്ളത്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലും കളിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു.  മുംബൈ ഇന്ത്യൻസ് പൂര്‍ണമായും മത്സരഫലത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയത്തിനായുള്ള പരിശ്രമങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് റായുഡു സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ടീമാണ്. അതുകൊണ്ടു തന്നെ മത്സരഫലത്തെ അവര്‍ കീറിമുറിച്ച് വിശകലനം ചെയ്യാറില്ല. മത്സരഫലം അനുസരിച്ചല്ല അവരുടെ മൂഡ് മാറുന്നത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് കുറച്ച് വ്യത്യസ്തമാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം എല്ലാം വിജയത്തില്‍ അധിഷ്ഠിതമാണ്. വിജയം അവിടെ ഒരു അനിവാര്യതയാണ്. അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല അവിടെയെന്നും 2010 മുതല്‍ 2017വരെ മുംബൈ ഇന്ത്യന്‍സ് താരവും മൂന്ന് തവണ മുംബൈക്കൊപ്പം ഐപിഎല്‍ കിരീടം നേടുകയും ചെയ്തിട്ടുള്ള  റായുഡു പറഞ്ഞു. 2018ലാണ് റായുഡു ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയത്.

'നീ ഒരു മുംബൈ ബോയ് അല്ലെ, എന്നിട്ടാണോ'.., മുംബൈക്കെതിരെ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനോട് ഗവാസ്കര്‍

മുംബൈയിലും ചെന്നൈയിലുമുള്ളത് രണ്ട് തരം സംസ്കാരമാണ്. പക്ഷെ ആത്യന്തികമായി ഇരു ടീമും വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാല്‍ മുംബൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെന്നൈ ടീമിലാണ് കൂടുതല്‍ മികച്ച അന്തരീക്ഷമുള്ളത്. മുംബൈ ടീമിനൊപ്പം അധികകാലം തുടര്‍ന്നാല്‍ നിങ്ങളുടെ തലച്ചോര്‍ പോലും ചിലപ്പോള്‍ പൊട്ടിത്തെറിച്ചുപോകും.

മുംബൈക്കായി കളിച്ചിരുന്ന കാലത്ത് എന്‍റെ പ്രകടനം ഏറെ മെച്ചപ്പെട്ടിരുന്നു. നിങ്ങള്‍ മികച്ച പ്രകടനം നടത്തി ടീമിനെ ജയിപ്പിച്ചില്ലെങ്കില്‍ അവിടെ ഒഴിവുകഴിവുകളില്ല. ആത്യന്തികമായി നിങ്ങള്‍ മികവ് കാട്ടിയിരിക്കണം. അതുകൊണ്ടുതന്നെ ഓരോ ദിവസവും നമ്മള്‍ മെച്ചപ്പെടാനായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സും കളിക്കാരനെന്ന നിലയില്‍ നമ്മളെ മെച്ചപ്പെടുത്തും, വലിയ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ തന്നെയെന്നും റായുഡു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!