യുവി വെടിക്കെട്ട് തുടര്‍ന്നും കാണാം? നിര്‍ണായക നീക്കവുമായി താരം

By Web TeamFirst Published Jun 19, 2019, 11:03 AM IST
Highlights

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവ്‌രാജ് സിംഗ് നിര്‍ണായക നീക്കവുമായി രംഗത്ത്. ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണിത്. 
 

മുംബൈ: കരിയറിലെ നിര്‍ണായക നീക്കവുമായി യുവ്‌രാജ് സിംഗ്. അടുത്തിടെ വിരമിച്ച യുവി വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതി തേടിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിദേശ ലീഗുകളിലേക്ക് യുവി ചേക്കേറുമെന്ന് നേരത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുടെ അനുമതിയില്ലാതെ യുവിക്ക് വിദേശ ലീഗുകളില്‍ കളിക്കാനാവില്ല. 

ടി20യില്‍ തുടര്‍ന്നും കളിക്കാനുള്ള ആഗ്രഹം വിരമിക്കല്‍ വേളയില്‍ യുവി പരസ്യമാക്കിയിരുന്നു. 'എനിക്ക് ടി20 ക്രിക്കറ്റ് തുടര്‍ന്നു കളിക്കണം. ഈ പ്രായത്തില്‍ ആനന്ദത്തിന് കുറച്ചെങ്കിലും ക്രിക്കറ്റ് കളിക്കാനാകും. എനിക്ക് ക്രിക്കറ്റ് കളിക്കണം, ജീവിതം ആസ്വദിക്കണമെന്നും' വിരമിക്കല്‍ ചടങ്ങില്‍ യുവി വ്യക്തമാക്കിയിരുന്നു. 

അന്താരാഷ്ട്ര- ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുകളില്‍ നിന്ന് വിരമിച്ച ശേഷം ടി10 ലീഗില്‍ കളിക്കാന്‍ വീരേന്ദര്‍ സെവാഗിനും സഹീര്‍ ഖാനും ബിസിസിഐ അനുമതി നല്‍കിയിരുന്നു. ഹോങ്കോംഗ് ടി20 ലീഗില്‍ കളിക്കാന്‍ യൂസഫ് പത്താന് ബിസിസിഐ എന്‍ഒസി നല്‍കിയിരുന്നില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടരുന്ന ഇര്‍ഫാന്‍ പത്താന്‍ അടുത്തിടെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ഡ്രാഫ്‌റ്റില്‍ ഇടംനേടിയിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗ് ഡ്രാഫ്‌റ്റില്‍ ഇടംപിടിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ഇര്‍ഫാന്‍ പത്താന്‍.

304 ഏകദിനങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സടിച്ച യുവി 111 വിക്കറ്റുകളും സ്വന്തമാക്കി. 40 ടെസ്റ്റുകളില്‍ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 1900 റണ്‍സെ നേടാനായുള്ളു. ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സുമടിച്ചു. യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 

click me!