ജാതീയ പരാമര്‍ശം: യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 18, 2021, 7:50 AM IST
Highlights

കോടതി ഉത്തരവിനെ തുടര്‍ന്ന് യുവരാജിനെ അറസ്റ്റ് ചെയ്‌തെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടെന്നും ഹരിയാന സീനിയര്‍ പൊലീസ് ഓഫിസര്‍ നികിത ഗെഹ്ലോട്ട് പറഞ്ഞു. എന്നാല്‍, താരത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സഹായി ഷസ്മീന്‍ കാര പറയുന്നത്.
 

ഛണ്ഡീഗഢ്: ജാതീയമായ പരാമര്‍ശം (Castiest remarks) നടത്തിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ (Yuvraj Singh) അറസ്റ്റ് (Arrest) ചെയ്ത് ജാമ്യത്തില്‍ (Bail)  വിട്ടെന്ന് റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചഹലിനെതിരെ (Yuzvendra Chahal) ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് പറഞ്ഞു.

കോടതി ഉത്തരവിനെ തുടര്‍ന്ന് യുവരാജിനെ അറസ്റ്റ് ചെയ്‌തെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടെന്നും ഹരിയാന സീനിയര്‍ പൊലീസ് ഓഫിസര്‍ നികിത ഗെഹ്ലോട്ട് പറഞ്ഞു. എന്നാല്‍, താരത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സഹായി ഷസ്മീന്‍ കാര പറയുന്നത്. അതേസമയം, യുവരാജ് സുരക്ഷാ ജീവനക്കാരടക്കമുള്ള സഹായികള്‍ക്കൊപ്പം ഹിസാര്‍ പൊലീസിന് മുന്നില്‍ ഹാജരായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ജൂണിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്.

ചഹലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയും യുവരാജും സംസാരിക്കവെ യുവരാജ് ജാതീയ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. പരാമര്‍ശത്തില്‍ യുവരാജ് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. അബദ്ധത്തില്‍ സംഭവിച്ച പരാമര്‍ശമാണെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് യുവരാജ് പറഞ്ഞത്. ഹരിയാനയിലെ ദലിത് ആക്ടിവിസ്റ്റാണ് യുവരാജിനെതിരെ പരാതിയുമായി മുന്നോട്ടുപോയത്. തുടര്‍ന്ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
 

click me!