
ലണ്ടന്‍: നീണ്ട പതിനേഴ് വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ 'യുവ രാജാവ്' എന്ന വിശേഷണവുമായി ആഘോഷിക്കപ്പെട്ട താരമാണ് യുവ്‌രാജ് സിംഗ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ നിര്‍ണായകമായ താരം. എന്നാല്‍ കരിയറിലെ അവസാന കാലത്ത് കാര്യമായ പരിഗണനകള്‍ കിട്ടാതെ, മാന്യമായ വിടവാങ്ങല്‍ പോലും ലഭിക്കാതെയാണ് യുവി വിരമിച്ചത്.
യുവിയുടെ വിരമിക്കല്‍ അപ്രതീക്ഷിതമല്ലെങ്കിലും മുന്‍ താരങ്ങളുടെയും സഹ താരങ്ങളുടെയും പ്രതികരണം വൈകാരികമായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും വികാരാതീതനായാണ് യുവിയുടെ വിരമിക്കലിനോട് പ്രതികരിച്ചത്. എറെ ഇഷ്ടപ്പെടുന്ന സഹോദരാ, ഇതിലും മാന്യമായ വിടവാങ്ങല്‍ താങ്കള്‍ അര്‍ഹിച്ചിരുന്നു- ഹിറ്റ്‌മാന്‍ ട്വീറ്റ് ചെയ്തു.
എന്‍റെ ഉള്ളിലെ വികാരം നീ അറിയുന്നുണ്ട്. ഏറെ സ്‌നേഹം സഹോദരാ...ഇതിഹാസമായി വളരട്ടെയെന്ന് ആശംസിക്കുന്നു. രോഹിത് ശര്‍മ്മയുടെ ട്വീറ്റിന് യുവി മറുപടി നല്‍കി.
തിങ്കളാഴ്‌ചയാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 മത്സരങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സും 111 വിക്കറ്റും നേടി. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും കളിച്ച യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.