ധോണിയെ ഇറക്കിയത് അത്ഭുതപ്പെടുത്തി; ലോകകപ്പ് സംഭവത്തില്‍ യുവിയുടെ വിമര്‍ശനം

By Web TeamFirst Published Sep 27, 2019, 10:14 PM IST
Highlights

വിക്കറ്റുകള്‍ കാത്തുസൂക്ഷിച്ച് കളിക്കാന്‍ കഴിയുന്ന പരിചയസമ്പന്നനായ ധോണിയെ നേരത്തെ ഇറക്കാത്തത് അന്ന് വലിയ വിവാദമായിരുന്നു

മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ എം എസ് ധോണി ഏഴാമനായി ഇറങ്ങിയത് ഏവരെയും ആശ്ചര്യപ്പെടുത്തിയ സംഭവമാണ്. കിവീസ് മുന്നോട്ടുവെച്ച 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 24 റണ്‍സിനിടെ നാല് വിക്കറ്റ് വീണു പ്രതിരോധത്തിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍ ഋഷഭ് പന്തിനും ദിനേശ് കാര്‍ത്തിക്കിനും ഹാര്‍ദിക് പാണ്ഡ്യക്കും ശേഷമാണ് ധോണിയെ ബാറ്റിംഗിനയച്ചത്. 

വിക്കറ്റുകള്‍ കാത്തുസൂക്ഷിച്ച് കളിക്കാന്‍ കഴിയുന്ന പരിചയസമ്പന്നനായ ധോണിയെ നേരത്തെ ഇറക്കാത്തത് അന്ന് വലിയ വിവാദമായിരുന്നു. ഇതിനോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരം യുവ്‌രാജ് സിംഗ്. 'ധോണിയെ ഏഴാമതിറക്കിയത് തന്നെ അത്ഭുതപ്പെടുത്തി. ടീമിലെ ഏറ്റവും പരിചയസമ്പന്നായ താരത്തെ നേരത്തെ ഇറക്കേണ്ടിയിരുന്നു. എന്താണ് ടീം മാനേജ്‌മെന്‍റ് ചെയ്തത് എന്ന് തനിക്ക് മനസിലായില്ല' എന്നും യുവി വ്യക്തമാക്കി.

സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത കിവീകള്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 239 റണ്‍സാണ് നേടിയത്. ഭുവി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കെയ്‌ന്‍ വില്യംസണും(67) റോസ് ടെയ്‌ലറും(74) ആണ് കിവീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. ഏഴാമനായി ഇറങ്ങിയ ധോണിയും(50) എട്ടാമന്‍ ജഡേജയും(77) ചേര്‍ന്ന് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കാത്തെങ്കിലും വിജയിക്കാനായില്ല. ധോണിക്ക് മുന്‍പിറങ്ങിയ ഋഷഭ് പന്ത്(32), ദിനേശ് കാര്‍ത്തിക്(6), ഹാര്‍ദിക് പാണ്ഡ്യ(32) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 

click me!