'ബുമ്രയുടെ ആ നാലോവര്‍ സ്പെല്‍ എങ്ങനെ അതിജീവിച്ചുവെന്ന് എനിക്കറിയില്ല': യുവരാജ്

By Web TeamFirst Published Sep 2, 2019, 5:28 PM IST
Highlights

 2013ല്‍ മൊഹാലിയില്‍ ഗുജറാത്തിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിലാണ് ഞാനാദ്യമായി ബുമ്രയെ നേരിട്ടത്.  ബുമ്രയുടെ നാലോവര്‍ സ്പെല്‍ എങ്ങനെ അതിജീവിച്ചുവെന്ന് എനിക്കറിയില്ല. അന്നേ എനിക്കുറപ്പായിരുന്നു ബുമ്ര ടെസ്റ്റില്‍ ഇന്ത്യയുടെ മാച്ച് വിന്നറാവുമെന്ന്.

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര തരംഗമാവുകയാണ്. ഇതുവരെ കളിച്ച 12 ടെസ്റ്റുകളില്‍ നിന്നായി 61 വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്ര കളിച്ച വിദേശ പരമ്പരകളിലെല്ലാം അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ടി20 ക്രിക്കറ്റിലും ഏകദിനത്തിലും മാത്രം തിളങ്ങാന്‍ കഴിയുന്ന ബൗളറെന്ന വിലയിരുത്തലായിരുന്നു കരിയറിന്റെ തുടക്കത്തില്‍ ബുമ്രക്ക്. എന്നാല്‍ 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ബുമ്രയുയ്ക്കും ഇന്ത്യയ്ക്കും വലിയ നേട്ടമായി.

ടെസ്റ്റ് ക്രിക്കറ്റില്‍ ബുമ്ര മികവുറ്റ ബൗളറാകുമെന്ന് മുന്നേ തിരിച്ചറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിംഗ്. ബുമ്ര ക്ലാസ് ബൗളറാണ്. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസം. 2013ല്‍ മൊഹാലിയില്‍ ഗുജറാത്തിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിലാണ് ഞാനാദ്യമായി ബുമ്രയെ നേരിട്ടത്.  ബുമ്രയുടെ നാലോവര്‍ സ്പെല്‍ എങ്ങനെ അതിജീവിച്ചുവെന്ന് എനിക്കറിയില്ല. അന്നേ എനിക്കുറപ്പായിരുന്നു ബുമ്ര ടെസ്റ്റില്‍ ഇന്ത്യയുടെ മാച്ച് വിന്നറാവുമെന്ന്-യുവരാജ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വ്യത്യസ്തമായ ആക്ഷന്‍ കൊണ്ട് ബുമ്രക്ക് ടെസ്റ്റില്‍ കളിക്കാനാവുമോ എന്ന് സംശയിച്ചവരുണ്ട്. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടിപ്പിക്കുന്ന പ്രകടനമാണ് ബുമ്ര ടെസ്റ്റില്‍ പുറത്തെടുക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും മറ്റ് ബൗളര്‍മാരേക്കാള്‍ ഒരുപടി മുകളിലാണ് ബുമ്രയെന്നും യുവി പറഞ്ഞു.

2016ല്‍ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ബുമ്ര രണ്ട് വര്‍ഷത്തിനുശേഷമാണ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുമായി തിളങ്ങിയതോടെ ടെസ്റ്റിലും ബുമ്ര ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി.

click me!