വിജയത്തിന് പിന്നാലെ സൂര്യയുടെ കൈകളില്‍ ചുംബിച്ച് ചാഹല്‍-വീഡിയോ

By Web TeamFirst Published Jan 8, 2023, 1:10 PM IST
Highlights

കഴിഞ്ഞ ആറ് മാസത്തിനിടെ ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ നേടുന്ന മൂന്നാം സെഞ്ചുറിയാണിത്. ഓപ്പണറല്ലാത്ത ഒരു ബാറ്റര്‍ ഇത്രയും സെഞ്ചുറി നേടിയന്നതും ടി20 ക്രിക്കറ്റിലെ റെക്കോര്‍ഡാണ്.

രാജ്കോട്ട്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത് സൂര്യകുമാര്‍ യാദവായിരുന്നു. മറ്റ് ബാറ്റര്‍മാരെല്ലാം സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ പിച്ചിലായിരുന്നു 51 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യയുടെ സംഹാരതാണ്ഡവം.

മത്സരം ഇന്ത്യ 91 റണ്‍സിന് ജയിച്ച് നാട്ടില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ടി20 പരമ്പര നേടിയപ്പോള്‍ അതിന്‍റെ അമരക്കാരനായ സൂര്യകുമാറിന്‍റെ കൈകളെടുത്ത് കണ്ണില്‍വെച്ചും കൈയില്‍ ചുംബിച്ചുമാണ് സഹതാരം യുസ്‌വേന്ദ്ര ചാഹല്‍ ആദരവ് പ്രകടിപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറില്‍ 137 റണ്‍സിന് പുറത്തായശേഷമായിരുന്നു ചാഹലിന്‍റെ അപൂര്‍വ ആദരം. മത്സരത്തില്‍ മൂന്നോവര്‍ പന്തെറിഞ്ഞ ചാഹല്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്തിരുന്നു.

കണ്ണും പൂട്ടിയടിക്കാന്‍ പഠിപ്പിച്ചത് ദക്ഷിണാഫ്രിക്കന്‍ യുവതാരമെന്ന് സൂര്യകുമാര്‍ യാദവ്

കഴിഞ്ഞ ആറ് മാസത്തിനിടെ ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ നേടുന്ന മൂന്നാം സെഞ്ചുറിയാണിത്. ഓപ്പണറല്ലാത്ത ഒരു ബാറ്റര്‍ ഇത്രയും സെഞ്ചുറി നേടിയന്നതും ടി20 ക്രിക്കറ്റിലെ റെക്കോര്‍ഡാണ്. ടി20യിലെ പരമ്പര വിജയികളെ നിര്‍ണയിക്കുന്ന പോരാട്ടത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് സൂര്യകുമാര്‍ ഇന്നലെ നേടിയ 112 റണ്‍സ്. ടി20 ക്രിക്കറ്റില്‍ 200ന് മുകളില്‍ പ്രഹരശേഷിയില്‍ മൂന്ന് സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ബാറ്ററുമാണ് സൂര്യകുമാര്‍.

pic.twitter.com/NeFHhMq35d

— Guess Karo (@KuchNahiUkhada)

2021ല്‍ അയര്‍ലന്‍ഡിനെതിരെയ പാക്കിസ്ഥാന്‍റെ മുഹമ്മദ് വസീം നേടിയ 107 റണ്‍സാണ് സൂര്യ ഇന്നലെ മറികടന്നത്. ശ്രീലങ്കക്കെതിരെ നാട്ടില്‍ തുടര്‍ച്ചയായ അഞ്ചാം ടി20 പരമ്പരയാണ് ഇന്ത്യ നേടിയത്. ഇതോടെ ഒരു ടീമിനെതിര ഏറ്റവും കൂടുതല്‍ ടി20 പരമ്പരകള്‍ ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡും ഇന്ത്യയുടെ പേരിലായി. ഏഴ് ടി20 പരമ്പരകളാണ് ഇന്ത്യ ശ്രീലങ്കക്കെതിര നേടിയത്.

click me!