'ഇങ്ങനെ കൊല്ലല്ലേ, ആളുകള്‍ ജാഗ്രത കാണിക്കണം'; വ്യാജ മരണവാർത്തയില്‍ ആഞ്ഞടിച്ച് ഹീത്ത് സ്ട്രീക്ക്

Published : Aug 23, 2023, 03:49 PM ISTUpdated : Aug 23, 2023, 03:59 PM IST
'ഇങ്ങനെ കൊല്ലല്ലേ, ആളുകള്‍ ജാഗ്രത കാണിക്കണം'; വ്യാജ മരണവാർത്തയില്‍ ആഞ്ഞടിച്ച് ഹീത്ത് സ്ട്രീക്ക്

Synopsis

എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് ക്രിക്കറ്റ് ലോകത്തിന് ആശ്വാസം നല്‍കുന്ന വിവരങ്ങളുമായി ഇപ്പോള്‍ ഹീത്ത് സ്ട്രീക്ക് രംഗത്തെത്തിയിരിക്കുകയാണ്

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വ്യാജ വാർത്ത ഇന്ന് വലിയ വിവാദമാണ് കായികലോകത്ത് സൃഷ്ടിച്ചത്. സിംബാബ്‍വെ മുന്‍ താരങ്ങളെ ഉദ്ധരിച്ച് ഫോക്സ് ഫോക്സ് ഉള്‍പ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. അർബുദബാധയെ തുടർന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചതായി ആദ്യം ട്വീറ്റ് ചെയ്ത സിംബാബ്‌വെ മുന്‍ സഹതാരം ഹെന്‍‌റി ഒലോങ്ക വാർത്ത തിരുത്തി പിന്നാലെ രംഗത്തുവന്നത് നാടകീയമായി. എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് ക്രിക്കറ്റ് ലോകത്തിന് ആശ്വാസം നല്‍കുന്ന വിവരങ്ങളുമായി ഇപ്പോള്‍ ഹീത്ത് സ്ട്രീക്ക് രംഗത്തെത്തിയിരിക്കുകയാണ്. 

'ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ഞാന്‍ അർബുദത്തില്‍ നിന്ന് തിരിച്ചുവരുന്നു, ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു. ഞാനിപ്പോള്‍ വീട്ടിലാണ്. ചികില്‍സയുടെ ചെറിയ ബുദ്ധിമുട്ടുകളുണ്ട്. അത് മാറ്റിനിർത്തിയാല്‍ സുഖമായിരിക്കുന്നു. ആളുകള്‍ പെട്ടെന്ന് എന്‍റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ഞെട്ടിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് മരണവിവരം പ്രചരിച്ചത്. എന്നാലത് വാസ്തവമല്ല' എന്നുമാണ് സ്പോർട്സ് സ്റ്റാറിനോട് ഹീത്ത് സ്ട്രീക്കിന്‍റെ വാക്കുകള്‍.

പ്രാഥമികമായി പേസറാണെങ്കിലും ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. 2000 മുതല്‍ 2004 വരെ സിംബാബ്‌വെ നായകനായിരുന്നു. സ്ട്രീക്ക് 65 ടെസ്റ്റില്‍ 216 വിക്കറ്റും 1990 റണ്‍സും 189 ഏകദിനങ്ങളില്‍ 239 വിക്കറ്റും 2943 റണ്‍സും പേരിലാക്കി. 73 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്താണ് ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനം. ഏകദിനത്തില്‍ 32 റണ്‍സ് അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ്. സിബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര വിക്കറ്റുകള്‍ നേടിയ പേസറാണ്. വിരമിച്ചതിന് ശേഷം സിംബാബ്‍വെയും ബംഗ്ലാദേശുമടക്കം വിവിധ ടീമുകളെ പരിശീലിപ്പിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്കൊപ്പവും പ്രവർത്തിച്ച് പരിചയമുണ്ട്. 

ഹീത്ത് സ്ട്രീക്ക് മരിച്ചതായി തെറ്റായ വിവരം ആദ്യം അറിയിച്ചത് മുന്‍ സഹതാരം കൂടിയായ ഹെന്‍‌റി ഒലോങ്കയായിരുന്നു. എന്നാല്‍ അദേഹം പിന്നീട് ഈ വിവരം തിരുത്തി. 'ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ  തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദേഹത്തെ തേര്‍ഡ് അംപയര്‍ തിരിച്ചുവിളിച്ചിരിക്കുന്നുവെന്നുമായിരുന്നു' ഒലോങ്കയുടെ ട്വീറ്റ്. അർബുദബാധിതനായി ദീർഘനാളായി ചികില്‍സയിലാണ് 49കാരനായ ഹീത്ത് സ്ട്രീക്ക്. 

Read more: ജീവിതത്തിലെ ഏറ്റവും മികച്ച ഡിആർഎസ്; സ്ട്രീക്കിന്‍റെ തിരിച്ചുവരവിന് കൈയടിച്ചും വ്യാജവാർത്തയെ പൊരിച്ചും ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം