കൂർത്ത ചെവി, വലിയ കണ്ണുകൾ, ഒമ്പത് പല്ലുകൾ; ഒറ്റരാത്രികൊണ്ട് തരം​ഗമായി മാറിയ 'ലബുബു' പാവകൾ, ശതകോടീശ്വരനായി സ്ഥാപകൻ

Published : Jun 20, 2025, 01:03 PM IST
Labubu dolls

Synopsis

വേറെയുമുണ്ട് ഇതിന് പ്രത്യേകത. കൂർത്ത ചെവികളും വലിയ കണ്ണുകളും ഒമ്പത് പല്ലുകളും കാണിച്ച് നിൽക്കുന്ന ഈ പാവകൾ ഇഷ്ടപ്പെട്ട രൂപത്തിൽ വാങ്ങാൻ കസ്റ്റമേഴ്സിന് സാധിക്കില്ല. പകരം ഒരു 'ബ്ലൈൻഡ് ബോക്സി'ലാണ് ഇത് കിട്ടുക.

ലോകമെങ്ങും തരം​ഗമായി 'ലബുബു' പാവകൾ. 'അ​ഗ്ലി ക്യൂട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ പാവകൾക്ക് ആരാധകർ ഏറെയാണ് എന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകൾ പുറത്തിറക്കിയത്.

പുറത്തിറങ്ങി നാല് വർഷത്തിനുശേഷമാണ് ഇവ പ്രചാരം നേടുന്നത്. അതോടെ വൻതോതിൽ പാവകൾ വിറ്റഴിയുകയും പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാങ് നിങ്ങ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളായി മാറുകയും ചെയ്തിരിക്കയാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

റിഹാന, ദുവ ലിപ, കിം കർദാഷിയാൻ എന്നീ സെലിബ്രിറ്റികൾ പോലും ഈ പാവയ്ക്ക് ആരാധകരായിട്ടുണ്ട്. അതേസമയം സാധാരണക്കാർക്കിടയിലും തരം​ഗം തന്നെ ലബുബു. ഷാങ്ഹായ് മുതൽ ലണ്ടൻ വരെ പലയിടങ്ങളിലും ഈ പാവകളെ സ്വന്തമാക്കാൻ വേണ്ടി ആളുകൾ ക്യൂ നിൽക്കുകയാണത്രെ. എന്തിനേറെ പറയുന്നു, അതിനായി വഴക്കുകൾ പോലും നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ലബുബു പാവകൾ അവയുടെ പേരും രൂപവും പോലെ തന്നെ അല്പം വിചിത്രമാണ്. ആ പേരിന് പോലും ഒരു അർത്ഥവുമില്ല. കാണാനും സാധാരണ പാവകളെ പോലെ അല്ല അവ ഇരിക്കുന്നത്. ഹോങ്കോങ്ങിൽ നിന്നുള്ള ആർട്ടിസ്റ്റ് കാസിംഗ് ലുങ് സൃഷ്ടിച്ച 'ദി മോൺസ്റ്റേഴ്‌സ്' ടോയ് സീരീസിൽ ഒന്നാണ് ലബുബു.

വേറെയുമുണ്ട് ഇതിന് പ്രത്യേകത. കൂർത്ത ചെവികളും വലിയ കണ്ണുകളും ഒമ്പത് പല്ലുകളും കാണിച്ച് നിൽക്കുന്ന ഈ പാവകൾ ഇഷ്ടപ്പെട്ട രൂപത്തിൽ വാങ്ങാൻ കസ്റ്റമേഴ്സിന് സാധിക്കില്ല. പകരം ഒരു 'ബ്ലൈൻഡ് ബോക്സി'ലാണ് ഇത് കിട്ടുക. തുറന്നാൽ മാത്രമാണ് ഏത് രൂപമാണ് അകത്തുള്ളത് എന്ന് കാണാനാവുക. അതും ജെൻ സീക്കിടയിലും മില്ലേനിയലുകൾക്കിടയിലും അടക്കം ഈ പാവകൾ പ്രിയപ്പെട്ടതായി തീരാൻ കാരണമായി മാറി.

ചൈനയിലാണ് കൊവിഡിന് പിന്നാലെ ലബുബു ശ്രദ്ധ നേടിയത്. കൊവിഡ് ആകെ മാനസികമായി തകർത്ത ആളുകൾ അവരുടെ ശ്രദ്ധ തിരിക്കാനും ആശ്വാസത്തിനുമായി ഒരേസമയം ക്യൂട്ടും അതേസമയം തന്നെ വിചിത്രമെന്ന് തോന്നുന്നതുമായ രൂപമുള്ള ലബുബുവിനെ കൂടെക്കൂട്ടി.

എന്നാൽ, പിന്നീട്, ഇത് മറ്റ് രാജ്യങ്ങളിലേക്കും ഒരു തരം​ഗമായി പടരുകയായിരുന്നു. പ്രായഭേദമന്യേ തന്നെ പലരും ലബുബുവിനെ ഇഷ്ടപ്പെടുന്നു. എന്നാൽ ഈ പാവ ഇത്ര കണ്ട് തരം​ഗമായിത്തീരാൻ കൃത്യമായി കാരണം പറയാൻ സാധിക്കില്ല.

PREV
Read more Articles on
click me!

Recommended Stories

307 ദശലക്ഷം വർഷം പഴക്കമുള്ള തലയോട്ടി, സസ്യഭുക്കുകളുടെ ചരിത്രം തന്നെ മാറുന്നു!
മരിക്കുന്നതിന് തലേന്ന് അവളൊരു സ്വപ്‌നം കണ്ടു, പല്ലുകള്‍ പൊഴിഞ്ഞു പോകുന്നൊരു സ്വപ്നം!