'പപ്പി ഗേള്‍ ജെന്ന', നായയെപ്പോലെ പെരുമാറുന്ന, വീഡിയോയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവതി

By Web TeamFirst Published Feb 16, 2021, 12:45 PM IST
Highlights

ഒരു അഭിമുഖത്തില്‍ 'തനിക്കെപ്പോഴും താനൊരു നായയാണ് എന്ന് തോന്നാറുണ്ട്. അതുകൊണ്ട് നായക്കുട്ടിയെപ്പോലെ പെരുമാറാന്‍ വളരെയധികം താന്‍ ഇഷ്ടപ്പെടുന്നുവെന്നും അത് ആസ്വദിക്കുന്നു'വെന്നും ജെന്ന പറയുകയുണ്ടായി. 

'പപ്പി ഗേള്‍ ജെന്ന' അതാണ് അവൾ അറിയപ്പെടുന്ന പേര്. ടെക്സാസില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരി ജെന്ന ഫിലിപ്സ് തന്‍റെ ടിക് ടോക് വീഡിയോകളിലൂടെ മാസം സമ്പാദിക്കുന്നത് ഏകദേശം രണ്ട് ലക്ഷത്തോളം രൂപയാണ്. എങ്ങനെയന്നല്ലേ, നായയെപ്പോലെ പെരുമാറുന്ന വീഡിയോകളാണ് ജെന്ന പങ്കുവയ്ക്കുന്നത്. അതില്‍ നായക്കുട്ടിയെ പോലെ ഭക്ഷണം കഴിക്കുക, നിലത്ത് മൂത്രമൊഴിച്ചതുപോലെ അഭിനയിച്ചശേഷം മാറിനിന്ന് പരുങ്ങിനോക്കുക തുടങ്ങി ഒരുപാട് വീഡിയോ ഉള്‍പ്പെടുന്നു. 'പെട്ടെന്നുണ്ടായ വിജയത്തിലും സാമ്പത്തിക ഉയര്‍ച്ചയിലും താന്‍ തന്നെ ഞെട്ടിപ്പോയി' എന്നാണ് അവള്‍ നേരത്തെ വൈസിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. 

നായയെ പോലെ പെരുമാറുന്ന വീഡിയോ ഇത്രയധികം ആളുകള്‍ കാണുമെന്നോ സ്വീകരിക്കുമെന്നോ ശ്രദ്ധിക്കുമെന്നോ ഒന്നും താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ജെന്ന പറയുന്നു. ഒരു ടിക് ടോക് വീഡിയോയില്‍ അടുക്കളയില്‍ വച്ചിരിക്കുന്ന തന്‍റെ പാത്രത്തിനടുത്തേക്ക് നായയെ പോലെ ചാടുന്ന ജെന്നയെ കാണാം. നായയെ പോലെ കുറച്ച് ഭക്ഷണം ചവച്ചശേഷം ബാക്കി നിലത്തുനിന്ന് നക്കിത്തിന്നുന്നതും ക്യാമറയിലേക്ക് കുരച്ചു ചാടുന്നതുമെല്ലാം മറ്റൊരു വീഡിയോയില്‍ കാണാം. ഒരു മില്ല്യണിലധികം ആളുകള്‍ കണ്ട മറ്റൊരു വീഡിയോയില്‍ ഒരു റെസ്റ്റോറന്‍റില്‍ 'ഉടമ'യ്ക്കൊപ്പം ഇരിക്കുന്ന ജെന്നയെ കാണാം. അവള്‍ നായയെ പോലെ നോക്കി ഭക്ഷണത്തിന് യാചിക്കുകയാണ്. അയാള്‍ കഴിച്ചശേഷം ഒരു മാംസക്കഷ്ണം അവള്‍ക്കിട്ടുകൊടുക്കുന്നതും കാണാം. 

ബിഡിഎസ്എം -ല്‍ ഇങ്ങനെ നായക്കുട്ടികളെപ്പോലെ പെരുമാറുന്ന രീതി കണ്ടുവരാറുണ്ട്. അതുപോലെ തന്നെ മാസ്ക്, വായ്പ്പൂട്ട്, തുടല്‍ എന്നിവയെല്ലാം ധരിക്കാനിഷ്ടപ്പെടുന്നവരും ഉണ്ടാകാറുണ്ട്. ( BDSM- അടിമത്തം, അച്ചടക്കം, ആധിപത്യം, സമർപ്പണം, സാഡോമസോക്കിസം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പലതരം ലൈംഗികത നിറഞ്ഞ രീതികൾ അല്ലെങ്കിൽ റോൾപ്ലേയിംഗ് ആണ് ബിഡിഎസ്എം.) ഏതായാലും ഈ നായക്കുട്ടിയെ പോലെ പെരുമാറുന്നവരിൽ ലൈംഗികത നിറഞ്ഞതും അല്ലാത്തതും ആവാം. അതുപോലെ തന്നെ ചിലര്‍ക്ക് 'ഉടമ' യെ പോലെ പെരുമാറുന്ന പങ്കാളിയോ ആരെങ്കിലും ഉണ്ടാവാം. അതില്ലാതെ തന്നെ നായക്കുട്ടിയെ പോലെ പെരുമാറുന്നവരുമുണ്ടാകാം. സാധാരണയായി പുരുഷന്മാരാണ് കൂടുതലും ഈ 'പപ്പി പ്ലേ'യിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും അങ്ങനെ പെരുമാറുന്നതും. എങ്കിലും ജെന്നയെ പോലുള്ള സ്ത്രീകളും അങ്ങനെ ഉണ്ടാവാറുണ്ട്. 

ഒരു അഭിമുഖത്തില്‍ 'തനിക്കെപ്പോഴും താനൊരു നായയാണ് എന്ന് തോന്നാറുണ്ട്. അതുകൊണ്ട് നായക്കുട്ടിയെപ്പോലെ പെരുമാറാന്‍ വളരെയധികം താന്‍ ഇഷ്ടപ്പെടുന്നുവെന്നും അത് ആസ്വദിക്കുന്നു'വെന്നും ജെന്ന പറയുകയുണ്ടായി. നായയെപ്പോലെ ഓടാനും ചാടാനും കളിക്കാനുമെല്ലാം താന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ആദ്യം അതില്‍ ഒരുതരത്തിലുള്ള ലൈംഗിക ചിന്തകളുമുണ്ടായിരുന്നില്ലായെന്നും ജെന്ന പറയുകയുണ്ടായി. 'താന്‍ വളര്‍ന്നത് തന്നെ ഒരു നായക്കുഞ്ഞിനെ പോലെയാണ്. തന്നെ പുകഴ്ത്തുന്നതും താനൊരു നല്ല പെണ്‍കുട്ടിയാണ് എന്ന് മറ്റുള്ളവര്‍ പറയുന്നതും ചുറ്റുമുള്ളവരുടെ അഭിനന്ദനവുമെല്ലാം തനിക്ക് ഇഷ്ടമായിരുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ അന്ന് മുതലേ തന്‍റെയുള്ളിലിങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്ന് തോന്നാറുണ്ട്' എന്നും ജെന്ന പറഞ്ഞിരുന്നു. 

ചിക്കാഗോയിലുള്ള രണ്ടുപേരാണ് അവളെ ഇങ്ങനെയൊരു സംസ്കാരം തന്നെ ഉണ്ടെന്നതിലേക്ക് പരിചയപ്പെടുത്തുന്നത്. അതോടെ അവളതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കി തുടങ്ങി. ആദ്യം തന്‍റെ ആരാധകര്‍ക്ക് വേണ്ടി വെറുതെ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നുവെങ്കില്‍ പിന്നീട് അതിനെ പണമുണ്ടാക്കാനുള്ള വഴിയായി സ്വീകരിക്കുകയായിരുന്നു ജെന്ന. അതുപോലെ സാധാരണ പോസ്റ്റ് ചെയ്യുന്ന വീഡിയോയ്ക്ക് പുറമെ ചിലര്‍ ചില വീഡിയോ ആവശ്യപ്പെടും. അതിന് പ്രത്യേകം പണം ജെന്നയും ആവശ്യപ്പെടും. എങ്കിലും ചിലരെല്ലാം വളരെ അധികമാണ് ആവശ്യപ്പെടുക എന്നാല്‍ അതിനോട് നോ പറയാന്‍ മടിക്കാറില്ല എന്നും ജെന്ന പറയുന്നു. അതുപോലെ ശരിക്ക് നായകളോടൊപ്പമുള്ള വീഡിയോ അയക്കാമോ എന്ന് ചോദിക്കുന്നവരുണ്ട്. അപ്പോള്‍ തന്നെ നോ പറയും. കാരണം, എന്‍റെ ഷൂട്ടിംഗില്‍ മൃഗങ്ങളുണ്ടാവാറില്ല, ഇനി ഉണ്ടാവുകയുമില്ല -ജെന്ന പറയുന്നു. തന്നെ കളിയാക്കുന്നവരോടും ജെന്നയ്ക്ക് പരാതിയില്ല. എല്ലാവര്‍ക്കും അത് ഉള്‍ക്കൊള്ളാനാവില്ലെന്ന് കരുതി അത് വിട്ടുകളയുമെന്നും ജെന്ന പറയുന്നു.

ജെന്നയ്ക്കൊപ്പം വീഡിയോയില്‍ ഒരു 'ഉടമ'യെ കാണാനാവില്ല. എന്നാല്‍ വേറെയുമുണ്ട് ഇങ്ങനെ നായകളെപ്പോലെ പെരുമാറുകയും അത് ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്യുന്നവർ. പപ്പി ഗേള്‍ ഡാനിയും 'ഉടമ' ജാക്കും ചേര്‍ന്ന് തയ്യാറാക്കുന്ന വീഡിയോയില്‍ ഇരുവരുടെയും അടുപ്പം കാണാം. എന്നാല്‍, തങ്ങളത് തമാശപോലെ ചെയ്യുന്നതാണ് എന്നും തനിക്കും പങ്കാളിയായ ജാക്കിനും ഇടയിലുള്ള അടുപ്പം കൂട്ടാന്‍ അത് ഉപകരിച്ചിട്ടുണ്ടെന്നുമാണ് ഒരു അഭിമുഖത്തില്‍ ഡാനി വൈസിനോട് പറഞ്ഞത്.  
 


 

click me!