ഇപ്പോഴും തുടരുന്ന കന്യകാത്വ പരിശോധന; പരാജയപ്പെട്ടാൽ യുവതികൾക്ക് നേരിടേണ്ടി വരുന്നത്

By Web TeamFirst Published Sep 18, 2022, 9:07 AM IST
Highlights

2019 ഫെബ്രുവരിയിൽ, മാസങ്ങൾ നീണ്ട പ്രതിഷേധത്തെത്തുടർന്ന് കന്യകാത്വ പരിശോധന നിരോധിച്ചു. അത്തരം പരിശോധനകൾ നടന്നാൽ അവ ലൈം​ഗികാതിക്രമമായി കണക്കാക്കും എന്നും പറയുന്നു.

കാലം ഒരുപാട് പുരോ​ഗമിച്ചു എന്നാണ് നാം പറയുന്നത്. എന്നാൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും മാത്രം മാറ്റമൊന്നും ഉണ്ടാകുന്നില്ല എന്ന് പറയേണ്ടി വരും. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും വന്നത്. പുതുതായി വിവാഹം കഴിഞ്ഞ ഒരു യുവതിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുകയും അവളിൽ നിന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു ഭർത്താവിന്റെ വീട്ടുകാരും പഞ്ചായത്തും. 

പൊലീസ് റിപ്പോർട്ട് പ്രകാരം 24 വയസ് പ്രായമുള്ള ഒരു യുവതിയോടാണ് പഞ്ചായത്ത് 10 ലക്ഷം രൂപ വരന്റെ വീട്ടുകാർക്ക് നൽകാൻ പറഞ്ഞത്. സാൻസി ​ഗോത്രവിഭാ​ഗത്തിൽ പെടുന്ന ഈ സ്ത്രീ വിവാഹത്തിന് മുമ്പ് ഒരു അയൽവാസിയാൽ‌ പീഡിപ്പിക്കപ്പെട്ടിരുന്നു. ആ വിവരം നേരത്തെ തന്നെ ഭർത്താവിന്റെ വീട്ടുകാരോട് യുവതി പറയുകയും ചെയ്തിരുന്നു. 

സുഭാഷ് നഗർ പൊലീസ് സ്‌റ്റേഷനിൽ അവർ ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുരേന്ദ്ര കുമാർ പറയുന്നുണ്ട്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം യുവതിയുടെ അമ്മായിയച്ഛൻ ഒരു ഹെഡ് കോൺസ്റ്റബിളാണ്. അയാൾക്ക് ഈ സംഭവത്തെ കുറിച്ച് അറിയുകയും ചെയ്യുമായിരുന്നു. 

എന്നാൽ, ഇതൊക്കെ ആയിരുന്നിട്ടും യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ അവളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് ബലാത്സം​ഗത്തെ കുറിച്ച് അറിഞ്ഞപ്പോൾ അമ്മായിഅമ്മയും അവളെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. മേയ് 11 -നാണ് ഈ സംഭവം നടന്നത്. 

ഇന്നത്തെ കാലത്തും ഇതൊക്കെ നടക്കുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ, രാജസ്ഥാനിൽ ഇപ്പോഴും ഇത്തരം പരിശോധനകളും പരീക്ഷണങ്ങളും നടക്കുന്നുണ്ട് എന്നാണ് പറയുന്നത്. 

എന്താണ് ഈ കന്യകാത്വ പരിശോധന? 

വിവാഹം കഴിഞ്ഞ നവദമ്പതികളെ ഗ്രാമത്തിലെ കൗൺസിലോ വരന്റെയോ വധുവിന്റെയോ വീട്ടുകാരോ വാടകയ്ക്കെടുക്കുന്ന ഹോട്ടൽ മുറിയിലേക്ക് അയക്കുന്നു. അവരുടെ കയ്യിൽ ഒരു വെള്ള ബെഡ്ഷീറ്റും നൽകും. അതിന് ശേഷം ലൈം​ഗികബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടും. ശേഷം ഭർത്താവിന്റെ വീട്ടുകാർ ഈ വെള്ള ബെഡ്ഷീറ്റിൽ രക്തം ഉണ്ടോ എന്ന് പരിശോധിക്കും. രക്തം ഇല്ലെങ്കിൽ വിവാഹിതയായ യുവതി കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടു എന്നാണ് അവർ കരുതുന്നത്. 

ഈ പരിശോധനകൾ ഇപ്പോഴും ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വ്യാപകമാണ്. മഹാരാഷ്ട്രയിലെ കഞ്ജർഭട്ട് സമുദായവും രാജസ്ഥാനിലെ സാൻസി ഗോത്രവും പോലെയുള്ളവയ്ക്കിടയിൽ ഇപ്പോഴും ഇത്തരം പരിശോധനകൾ നടക്കുന്നുണ്ട്. പരിശോധനയ്ക്ക് തയ്യാറാവാത്തവർ പലപ്പോഴും സമുദായത്തിന് പുറത്താകും. 

നിയമവിധേയമാണോ? 

2019 ഫെബ്രുവരിയിൽ, മാസങ്ങൾ നീണ്ട പ്രതിഷേധത്തെത്തുടർന്ന് കന്യകാത്വ പരിശോധന നിരോധിച്ചു. അത്തരം പരിശോധനകൾ നടന്നാൽ അവ ലൈം​ഗികാതിക്രമമായി കണക്കാക്കും എന്നും പറയുന്നു. എന്നിട്ടും ഇന്നും ഇത്തരം പരിശോധനകൾ നിർബാധം തുടരുന്നുണ്ട് ഇന്ത്യയിലെ പല ഭാ​ഗങ്ങളിലും എന്നതാണ് ഖേദകരമായ വസ്തുത. 

click me!