വെമ്പക്കോട്ട എന്ന തമിഴ് ഗ്രാമവും അഫ്ഗാനും തമ്മിലെന്ത് ബന്ധം ?

By Web TeamFirst Published Oct 20, 2022, 9:33 AM IST
Highlights

ഖനനത്തിൽ 3,254 പുരാവസ്തുക്കൾ കണ്ടെത്തി. അതിൽ 60 ശതമാനം പുരാവസ്തുക്കൾ ഷെൽ വളകളും ഗ്ലാസ് മുത്തുകളുമാണ്. 20 ശതമാനം ടെറാക്കോട്ട വസ്തുക്കളും മുത്തുകൾ, മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിമകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ്.


ദീപാവലിയാണ് വരുന്നത്. തമിഴ്നാട്ടിലെ ശിവകാശിയെ കുറിച്ച് മലയാളി ഓര്‍ക്കാതിരിക്കില്ല. കാരണം, ശിവകാശിയില്‍ പടക്കനിര്‍മ്മാണം ഉഷാറായാലേ കേരളത്തിലെ ദീപാവലി കളറാകൂ. എന്നാല്‍, ഇത്തവണ ശിവകാശിയല്ല ചിത്രത്തില്‍. ശിവകാശിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള വൈപാര്‍ നദിയുടെ തീരത്തുള്ള വെമ്പക്കോട്ട എന്ന ചെറുഗ്രാമമാണ് അന്താരാഷ്ട്രാ പ്രശസ്തിയിലേക്ക് ഉയര്‍ന്നിരിക്കുന്നത്. 

കരവഴിയും കടല്‍‌ വഴിയും ചൈനയും റോമുമായും ഇന്ത്യയ്ക്ക് നൂറ്റാണ്ടുകള്‍ നീളുന്ന വ്യാപാരബന്ധം നിലനിന്നിരുന്നു. കര വഴിക്കുള്ള വ്യാപാരം പ്രധാനമായും സില്‍ക്ക് റൂട്ടിനെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഈ വ്യാപാരബന്ധത്തിലേക്ക് ഒരു കണ്ണികൂടി കൂട്ടിചേര്‍ക്കുകയാണ് തമിഴ്നാട്ടിലെ കൊച്ചു ഗ്രാമമായ വെമ്പര്‍ക്കോട്ടയും. കഴിഞ്ഞ കുറച്ച് കാലങ്ങളായി തമിഴ്നാട് സ്വന്തം ഭൂതകാലം തേടി നിരവധി സ്ഥലങ്ങളില്‍ ഖനനം ആരംഭിച്ചിരുന്നു. അതിലൊന്നാണ് വെമ്പര്‍കോട്ടയും. ഇവിടെ നടന്ന ഖനനത്തില്‍ നിന്നും കണ്ടെത്തിയ കാര്‍നെലിയന്‍ മുത്തുകള്‍ വെമ്പര്‍ക്കോട്ടയ്ക്ക് അഫ്ഗാനിസ്ഥാനുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന വ്യാപാരബന്ധത്തെ വെളിപ്പെടുത്തുന്നെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു. അതോടൊപ്പം കണ്ടെത്തിയ കരനെല്ലുകൾ നൂറ്റാണ്ടുകൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനുമായുള്ള ഈ മേഖലയുടെ വ്യാപാരബന്ധത്തിന് തെളിവാണ്. 

അഫ്ഗാനിസ്ഥാനിൽ നിന്ന് കണ്ടെത്തിയ മുത്തുകൾ, അക്കാലത്തെ പ്രധാനപ്പെട്ട വ്യവസായങ്ങളിലൊന്നായ ഷെൽ വളകൾ അലങ്കരിക്കാൻ അവിടെ നിന്ന് ഇറക്കുമതി ചെയ്യതതാകാം. ഇരു പ്രദേശങ്ങളും തമ്മില്‍ വ്യാപാരം നിലനിന്നിരുന്നു എന്നതിന്‍റെ തെളിവായി ഈ പ്രദേശത്ത് നിന്ന് ഒരു ചെമ്പ് നാണയവും കണ്ടെത്തിയതായി വെമ്പകോട്ടൈ ഖനന ഡയറക്ടർ പൊൻ ഭാസ്‌കർ പറയുന്നു. 

നിരവധി ടെറാക്കോട്ട സീലുകളും (വാണിഗ മുതിരൈ) ഖനന സ്ഥലത്ത് നിന്ന് കണ്ടെത്തി. ചില മുദ്രകൾ ഒറ്റ കുഴിയുള്ളതാണെങ്കില്‍ മറ്റ് ചിലതിന് ആറ് കുഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിൽ വിവിധ ചിത്രപണികളും. കുറച്ചെണ്ണത്തില്‍ മധ്യഭാഗം വീര്‍ത്ത രൂപത്തിലുള്ളവയാണ്. വിവിധ മുദ്രകള്‍ ഇവിടെ നിന്നും ലഭിച്ചതിനാല്‍ ഇവിടേയ്ക്ക് വ്യത്യസ്ത ദേശങ്ങളില്‍ നിന്നുള്ളവര്‍ എത്തിയിരിക്കാമെന്നും ഭാസ്‌കർ ചൂണ്ടിക്കാണിക്കുന്നു. ജോലിയ്ക്ക് വേണ്ടി ഓരോ ഗ്രൂപ്പിനും ഓരോ വ്യത്യസ്ത മുദ്രകളായിരിക്കാം ഉപയോഗിച്ചിരുന്നത്. ടെറാക്കോട്ട വെയ്റ്റിംഗ് യൂണിറ്റുകളും ഇവിടെ നിന്ന് കണ്ടെടുത്തു.

ഖനനത്തിൽ 3,254 പുരാവസ്തുക്കൾ കണ്ടെത്തി. അതിൽ 60 ശതമാനം പുരാവസ്തുക്കൾ ഷെൽ വളകളും ഗ്ലാസ് മുത്തുകളുമാണ്. 20 ശതമാനം ടെറാക്കോട്ട വസ്തുക്കളും മുത്തുകൾ, മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിമകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ്. ബാക്കിയുള്ള പുരാവസ്തുക്കളിൽ ഐവറി പെൻഡന്‍റുകൾ, അമേത്തിസ്റ്റ്, കാർനെലിയൻ മുത്തുകൾ എന്നിവയും ഉൾപ്പെടുന്നു.

എന്നാല്‍, ഖനനത്തില്‍ ലഭിച്ച മിക്ക ഷെല്‍ വളകളും പൊട്ടിയതും പൂര്‍ത്തിയാകാത്തതും അലങ്കരിച്ചവയുമാണ്. ഇത് ഇവിടെ വളകളുടെ അലങ്കാരപ്പണികള്‍ മാത്രമായിരിക്കാം നടന്നിരുന്നതെന്ന സൂചന നല്‍കുന്നു. മുഴുവന്‍ ഷെല്ലുകളോ അവ മുറിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളോ ലഭിച്ചിട്ടില്ല. ഷെല്ലുകൾ മറ്റൊരിടത്ത് നിന്ന് വാങ്ങുകയും മുറിക്കൽ ജോലികൾ മറ്റൊരു സ്ഥലത്ത് നടത്തുകയും ചെയ്തിരിക്കാം. പൂർണ്ണമായും അലങ്കരിച്ച ഷെൽ വളകൾ കയറ്റുമതി ചെയ്യുകയും മാലിന്യങ്ങൾ ഇവിടെ ഉപേക്ഷിക്കുകയും ചെയ്തിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ഷെൽ വളകളിലെ അലങ്കാരപ്പണികളെല്ലാം കൈകൊണ്ട് ചെയ്തതാണെന്നും വളകളിലെ ഡിസൈനുകൾ പുഷ്പങ്ങളുടെ രൂപത്തിലുള്ളവയാണ്. സ്വാഭാവികമായ നിറങ്ങൾ ഉപയോഗിച്ച് കുറച്ച് വളകളില്‍ ചുവപ്പ് നിറം കൊടുത്തിട്ടുണ്ട്. തൂത്തുക്കുടിയിൽ ശംഖ് പോലെ തോടുള്ള ജീവികളെ ശേഖരിക്കുന്നവര്‍ ഇന്നുമുണ്ട്. ഇവിടെ നിന്നാകാം ഇവ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. അലങ്കാരപ്പണികൾക്കായി കൊണ്ടുപോകുന്നതിന് മുമ്പ് മറ്റേതെങ്കിലും സ്ഥലത്ത് വച്ച് ഇവ മുറിച്ചിരിക്കാമെന്നും ഭാസ്കര്‍ പറയുന്നു. അലങ്കരിച്ച ടെറാക്കോട്ട കമ്മലുകളും സൈറ്റിൽ നിന്ന് കണ്ടെത്തി.

ഖനനത്തിനിടെ അഗ്നിശമനത്തിനുള്ള ചില തെളിവുകളും ലഭിച്ചു. ഇത് ടെറാക്കോട്ട ശില്പങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ടവായണെന്ന് കരുതുന്നു. പ്രദേശത്ത് നിന്ന് മൂന്ന് ആനക്കൊമ്പ് പെന്‍ഡന്‍റുകളും സ്വര്‍ണക്കതിരുകളും കണ്ടെത്തി. ഇത് സമ്പന്നരായ ആളുകള്‍ താമസിച്ചിരുന്നതിന്‍റെ തെളിവായി കരുതുന്നു. കാർബൺ ഡേറ്റിംഗിന് ശേഷം മാത്രമേ പുരാവസ്തുക്കൾ ഉൾപ്പെട്ടിരിക്കുന്ന കൃത്യമായ കാലയളവ് പറയാൻ കഴിയൂ എന്നും ഭാസ്കര്‍ കൂട്ടിച്ചേര്‍ത്തു. 

click me!