
അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം (Boeing 787-8 Dreamliner) തകര്‍ന്നത് രാജ്യത്തെ കണ്ണീരിലാഴ‌്ത്തിയ വാര്‍ത്തയായിരുന്നു. അപകടത്തില്‍ ഒരേ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിശ്വാസ് കുമാര്‍ രമേഷ് എന്നയാളാണ് അവിശ്വസനീയമായി അപകടത്തെ അതിജീവിച്ചത്. മറ്റ് യാത്രികരെല്ലാം മരണമടഞ്ഞ ഈ അപകടത്തെ അതിജീവിച്ച വിശ്വാസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ കാണാം. എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.
പ്രചാരണം
‘എയര്‍ ഇന്ത്യ വിമാന അപകടത്തിലെ ഒരേയൊരു സര്‍വൈവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അപകടത്തിന് 48 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്’- എന്നുമാണ് Precious Teta Bollie എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമാന രീതിയില്‍ അറസ്റ്റ് അവകാശവാദം മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും കാണാം.
വസ്‌തുതാ പരിശോധന
അഹമ്മദാബാദ് വിമാനാപകടത്തില്‍ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷിനെ അറസ്റ്റ് ചെയ്തു എന്ന പ്രചാരണം സത്യമാണോ എന്നറിയാന്‍ വസ്‌തുതാ പരിശോധന നടത്തി. ഇതിന്‍റെ ഭാഗമായി ന്യൂസ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചെങ്കിലും വിശ്വസനീയമായ വാര്‍ത്തകളൊന്നും ലഭിച്ചില്ല. വിശ്വാസ് കുമാര്‍ രമേഷ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയാവേണ്ടതായിരുന്നു. അതേസമയം, വിശ്വാസ് കുമാര്‍ രമേഷിനെ അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് വിവിധ ഫാക്ട് ചെക്ക് വെബ്‌സൈറ്റുകള്‍ വസ്‌തുതാ പരിശോധന നടത്തി തെളിയിച്ചിട്ടുണ്ട്.
നിഗമനം
അഹമ്മദാബാദ് വിമാനാപകടത്തില്‍ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് എന്നയാളെ അറസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ് എന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.
വിശ്വാസ് കുമാർ രമേഷിന്‍റെ രക്ഷപ്പെടല്‍
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് വിശ്വാസ് കുമാർ രമേഷ് എന്ന 40 വയസുകാരന് അവിശ്വസനീയമായാണ് ജീവൻ തിരികെ കിട്ടിയത്. ലണ്ടനിലേക്കുള്ള യാത്രക്കായി ടേക്ക് ഓഫ് ചെയ്ത് സെക്കന്‍റുകൾക്കുള്ളിൽ തകർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് വിശ്വാസ് ജീവിതത്തിലേക്ക് ഓടിക്കയറിയത്. ദാമൻ ആൻ ദിയു ദ്വീപിൽ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ വിശ്വാസ് കുമാർ രമേഷ് ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. 20 വർഷമായി ബ്രിട്ടനിലാണ് വിശ്വാസും കുടുംബവും താമസിക്കുന്നത്.