ഒച്ചോവ, ഉവൈസി, ജിറൂഡ്, പക്ഷെ ഇന്നലത്തെ താരത്തിനുള്ള കുതിരപ്പവന്‍ ഇവനാണ്

Published : Nov 23, 2022, 06:30 PM ISTUpdated : Nov 23, 2022, 06:40 PM IST
ഒച്ചോവ, ഉവൈസി, ജിറൂഡ്, പക്ഷെ ഇന്നലത്തെ താരത്തിനുള്ള കുതിരപ്പവന്‍ ഇവനാണ്

Synopsis

ഗോളികൾ മിന്നിയ മത്സരങ്ങൾ. ജിറൂഡ് പുതിയ നേട്ടം കുറിച്ച മത്സരം. ഫുട്ബോൾ ചരിത്രപുസ്തകത്തിൽ പുതിയ താൾ എഴുതിച്ചേർക്കപ്പെട്ട ദിവസത്തിലെ താരം ആരാകും? മികച്ചവർ ഏറെയുണ്ടാകുമ്പോൾ നിർണയത്തിന് വേണ്ടത് ഒരു എക്സ്ട്രാ പോയിന്‍റാണ്.

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറിക്കാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളി തുടങ്ങി പത്താംമനിറ്റില്‍  പെനാൽറ്റി ലിയോണൽ മെസ്സി മനോഹരമായി ഗോൾ പോസ്റ്റിലേക്ക് പായിച്ചപ്പോൾ നിസ്സഹായനായി പോയ ഗോളി മുഹമ്മദ് അൽ ഒവെയ്സ് പിന്നെ ഉശിരു വീണ്ടെടുത്ത് നടത്തിയത് തകർപ്പൻ പ്രകടനം.  അതിലേക്ക് വരും മുമ്പ് അർജന്‍റീനയെ ഞെട്ടിച്ച ആദ്യ സൗദി ഗോളിലേക്കും പിന്നെ അവരെ തകർത്ത രണ്ടാംഗോളിലേക്കും. 48ആം മിനിറ്റിൽ അൽ ബ്രീകൻ നൽകിയ പാസ് പിടിച്ചെടുത്ത് അൽഷെഹ്റി മൊമാരോയേയും എമിലിയാനോ മാർട്ടിനസിനേയും പറ്റിച്ച് സൗദിയെ മുൻചാമ്പ്യൻമാർക്കൊപ്പമെത്തിച്ചു. അഞ്ചാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ. അർജന്‍റീനയുടെ ബോക്സിലെത്തിയ ദവ്സപരി വെട്ടിത്തിരിഞ്ഞ് പിന്നെ വലംകൊൽ കൊണ്ട് ഒരുഗ്രൻ ഷോട്ട്. തകർന്നത് അർജന്‍റീന മാത്രമല്ല. നമ്മുടെ കേരളം വരെ പരന്നുകിടക്കുന്ന വിശാലമായ ആരാധകലോകം നെടുവീർപ്പിട്ടു.

22ാം മിനിറ്റിലും 28, 34, മിനിറ്റുകളിലെല്ലാം ലക്ഷ്യം കണ്ട പന്ത് ഓഫ്സൈഡ് എന്ന വിധിച്ചില്ലായിരുന്നുവെങ്കിൽ കളിയുടെ ഗതി വേറൊന്നായേനെ .പരഞ്ഞിട്ട് കാര്യമില്ല.  രണ്ട് ഗോൾ വീണ ശേഷം അർജന്‍റീന തിരിച്ചുവരാൻ ശ്രമിച്ചു. ലിസാൻഡ്രോ മാർട്ടിനെസിന്‍റെയും മെസ്സിയുടേയും എല്ലാം ശ്രമങ്ങൾ ഒവെയ്സിന്‍റെ ജാഗ്രതയിലും വേഗതയിലും അവസാനിച്ചു. അവിശ്വസനീയമായ ജയത്തിന്‍റെ ചരിത്രപ്രാധാന്യം ഇനി ഫുട്ബോളുള്ള കാലത്തോളം.
 
പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിലും താരമായത് ഗോളി തന്നെ. മെക്സിക്കോയുടെ സൂപ്പർ ഗോളി ഗ്വില്ലെർമോ ഒച്ചോവ രക്ഷപ്പെടുത്തിയത് വെറും ഒരു ഗോളല്ല. ലോകോത്തര ഫുട്ബോളറായ പോളണ്ട് നായകൻ ലെവൻഡോവ്സ്കിയുടെ പെനാൽറ്റിയാണ്. അന്പത്തിയെട്ടാം മിനിറ്റിലായിരുന്നു അത്.  ഹെക്ടർ മൊറേനോ തന്നെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ്  ലെവൻഡോവ്സ്കിക്ക് മുതലാക്കാൻനാകെ പോയത്. അതേസമയം, നിരന്തരം ആക്രമിച്ചു കളിച്ച മെക്സിക്കോയുടെ നിരവധി ശ്രമങ്ങളാണ് പോളണ്ടിന്റെ ഗോളി സസെസ്നിയുടെ സേവുകളിൽ തകർന്നടിഞ്ഞത്. ഫലം ഗോൾരഹിത സമനില
 

ഡെൻമാർക്കിനെ തുനീസിയ തളച്ചതും ഗോൾരഹിത സമനിലയിൽ തന്നെ. ആദ്യപകുതിയിൽ തുനീസിയയാണ് തമ്മിൽ ഭേദമായി കളിച്ചതെങ്കിൽ ഡെൻമാർക്ക് രണ്ടാം പകുതിയിൽ ഉഷാറായി.    രണ്ട് ടീമുകളും കിട്ടിയ അവസരങ്ങൾ മുതലാക്കാനാകാതെ ഫിനിഷിങ്ങിൽ പാളി.  തുനീസിയൻ ഗോൾകീപ്പർ അയ്മൻ ഡെഹ് മനും  ഡെൻമാർക്ക് ഗോളി കാസ്പർ ഷ്മൈക്കലും  നടത്തിയ ഒന്നാന്തരം സേവുകൾക്കും അതത് ടീമുകൾ നന്ദി പറയണം.  ജെബാലിയുടെ ഗോളെന്നുറപ്പിച്ച ചിപ്പ് ഷോട്ട് ഷ്മൈക്കൽ തട്ടിയകറ്റിയത് തികച്ചും അവിശ്വസനീയമായ രക്ഷപ്പെടുത്തലായിരുന്നു.

അർജന്‍റീന സൗദിയോട് തോറ്റതിന് പിന്നാലെ നാട്ടാരെല്ലാവരും പറഞ്ഞതും ഓ‌ർതത്തും പത്തിരുപതു കൊല്ലം മുന്പ് ഫ്രാൻസിനെ സെനഗൽ ഞെട്ടിച്ച കളിയായിരുന്നു. അതെന്തായാലും ഓസ്ട്രേലിയയെ നേരിടാനെത്തിയ ഫ്രാൻസിന് വെറുതെ ഫ്ലാഷ്ബാക്കിന്റെ ഭാരമോ ടെൻഷനോ ഒന്നും നൽകിയില്ല. കളി തുടങ്ങി ഒമ്പാതം മിനിറ്റിൽ ക്രെയ്ഗ് ഗുഡ് വിനിലൂടെ ഓസ്ട്രേലിയ മുന്നിലെത്തിയെങ്കിലും ചാമ്പ്യൻമാർ കുലുങ്ങിയില്ല. നാലുഗോളടിച്ച് ആദ്യമത്സരം തകർത്തു. അഡ്രി യൻ റാബിയറ്റിനും എംബെപ്പക്കും പുറമെ രണ്ട് ഗോളടിച്ച ഒലിവർ ജിറൂഡാകട്ടെ തിയറി ഹെൻറിക്കൊപ്പം  ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരവുമായി.
 
ഇവനാണ് താരം

ഗോളികൾ മിന്നിയ മത്സരങ്ങൾ. ജിറൂഡ് പുതിയ നേട്ടം കുറിച്ച മത്സരം. ഫുട്ബോൾ ചരിത്രപുസ്തകത്തിൽ പുതിയ താൾ എഴുതിച്ചേർക്കപ്പെട്ട ദിവസത്തിലെ താരം ആരാകും? മികച്ചവർ ഏറെയുണ്ടാകുമ്പോൾ നിർണയത്തിന് വേണ്ടത് ഒരു എക്സ്ട്രാ പോയിന്‍റാണ്. അതാർക്ക് വേണം. സൗദിക്കെതിരായ മത്സരത്തിൽ സമനിലക്കായി അർജന്റീനക്ക് കിട്ടിയ ഏറ്റവും നല്ല അവസരം കളിയുടെ അധികസമയത്ത്. തൊണ്ണൂറ്റി രണ്ടാം മിനിറ്റിൽ. ഗോൾ പോസ്റ്റിലേക്ക് പാഞ്ഞെത്തിയ പന്ത് അൽ ഒവെയ്സ് തട്ടിയിട്ടു. പക്ഷേ അത് കിട്ടിയത് ജൂലിയൻ അൽവാരെസിനായിരുന്നു. ഒട്ടമെൻഡിയുമായി തട്ടിമുട്ടി വീണുകിടക്കുകയാരുന്ന ഒവെയ്സിന് മുകളിലൂടെ അൽവാരെസ് പന്ത് പായിച്ചു. പക്ഷേ കണക്കുകൂട്ടൽ തെറ്റി. പോസ്റ്റിൽ കാവലാളായി നിന്ന പ്രതിരോധതാരം അൽ അംരിക്ക് അത് തല കൊണ്ട് തട്ടിയകറ്റാൻ ഒരു നിമിഷാർധത്തെ സംശയമോ മെല്ലെപ്പോക്കോ ഉണ്ടായില്ല. ആ മനസാന്നിധ്യത്തിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.

Powered By

PREV
click me!

Recommended Stories

അര്‍ജന്‍റീന ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം; രണ്ടുലക്ഷം പേര്‍ ഒപ്പുവച്ച ഭീമ ഹര്‍ജി
'എന്താ ഫ്രഞ്ചുകാരെ, ഇത് കണ്ടില്ലേ'; മെസിയുടെ ​ഗോളിനെ ചൊല്ലിയുള്ള വിവാദത്തിൽ വഴിത്തിരിവ്, റഫറി തന്നെ രം​ഗത്ത്