
ദോഹ: ലോകകപ്പ് ഫുട്ബോളില്‍ നാളെ സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന അര്‍ജന്‍റീന ടീമിനും ആരാധകര്‍ക്കും സന്തോഷവാര്‍ത്തയുമായി ക്യാപ്റ്റന്‍ ലിയോണല്‍ മെസി. തന്‍റെ പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പറഞ്ഞുകേട്ടതുപോലെയുള്ള ഒരു പ്രശ്നവും എനിക്കില്ല. ഞാന്‍ പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമൊക്കെ കണ്ടു. മുന്‍കരുതലെന്ന നിലക്ക് സാധാരണഗതിയില്‍ എടുക്കുന്ന നടപടികള്‍ മാത്രമാണത്. അതില്‍ അസാധാരണമായി ഒന്നുമില്ല. ഞാന്‍ വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല. എന്‍റെ കാര്യം ശ്രദ്ധിച്ചുവെന്നേയുള്ളു.
ഈ ലോകകപ്പ് വളരെ സ്പെഷലാണ്. ഇതെന്‍റെ അവസാന ലോകകപ്പാകാാനാണ് സാധ്യത. എന്‍റെ അല്ല ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള അവസാന അവസരം, ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ലഭിക്കുന്ന അവസരം-മെസി പറഞ്ഞു.
ഗ്രൂപ്പ് സിയില്‍ 22ന് നാളെ സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 26ന് മെക്സിക്കോയെയും ഡിസംബര്‍ ഒന്നിന് പോളണ്ടിനെയും അര്‍ജന്‍റീന നേരിടും.
സൗദി അറേബ്യക്കെതിരെ അര്‍ജന്‍റീനയുടെ സാധ്യതാ ടീം: E. Martinez; Molina, Romero, Otamendi, Acuna; De Paul, Paredes, Mac Allister; Messi, L. Martinez, Di Maria