പന്ത് വലയിലെത്തുന്നതിന് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ റഫറിയുടെ വിസില്‍, ലോകകപ്പിലെ അന്തംവിട്ട തമാശകള്‍

By Vandana PRFirst Published Dec 2, 2022, 12:58 PM IST
Highlights

ഗോളാകും എന്നുറപ്പുള്ള ഒറു പന്ത് അതിന്‍റെ ലക്ഷ്യത്തിലേക്ക് പറന്നു പോകുന്നതിനിടെ ഫൈനൽ വിസിൽ മുഴങ്ങിയാൽ എന്താകും സ്ഥിതി. അത്തരമൊരു കൊലച്ചതി ചെയ്ത വിസിൽ മുഴക്കിയത് ക്ലൈവ് തോമസ് എന്ന റഫറിയാണ്.

ദോഹ: സുന്ദര ഗോളുകളും അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തലുകളും വൈകാരികമുഹൂർത്തങ്ങളും മാത്രമല്ല ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ ഇടംപിടിച്ചിട്ടുള്ളത്.  ചില ഞെട്ടിക്കലുകളും  തമാശക്കാഴ്ചകളും വിചിത്ര മുഹൂർത്തങഅങളും എല്ലാമുണ്ട് അക്കൂട്ടത്തിൽ. 1982ലെ ലോകകപ്പ്. ഫ്രാൻസ് 3-1ന് കുവൈത്തിന് എതിരെ മുന്നിട്ടുനിൽക്കുന്നു. നാലാമതും ഗോളടിച്ചു. പക്ഷേ കുവൈറ്റിന്‍റെ താരങ്ങൾ അനങ്ങുന്നില്ല. അവർ പ്രതിഷേധത്തിലാണ്. അലൈയ്ൻജിരിസ്  അടിച്ച ഗോൾ ഓഫ്സൈഡ് ആണെന്ന് വിചാരിച്ചിട്ടാണെന്ന് എല്ലാവരും കരുതി. പിന്നെയാണഅ സംഗതി അറിഞ്ഞത്.

സ്റ്റാൻഡിൽ നിന്ന് കേട്ട വിസിലടി റഫറിയുടെതെന്ന് കരുതി അവർ കളി നിർത്തിയതാണത്രേ, എന്ത്, ഏത്, എങ്ങനെ എന്നൊക്കെ റഫറി ആദ്യം പറഞ്ഞു നിന്നു. പക്ഷേ പിന്നെ സംഗതി മാറി. കുവൈറ്റ് രാജവംശത്തിൽ പെട്ട, ഫുട്ബോൾ അസോസിയേഷനിൽ പെട്ട ഷേഖ് ഫഹദ് മൈതാനത്തേക്കിറങ്ങി കളിക്കാരുടെ കൂടെ നിന്ന് പ്രതിഷേധിച്ചു. എന്നിട്ടേറ്റവും അവസാനം ഫ്രഞ്ചുതാരങ്ങളെ ഞെട്ടിച്ച് അമ്പരപ്പിച്ച തീരുമാനമെത്തി. ആ ഗോൾ ഗോളല്ല, ഗോളായി കൂട്ടില്ല. പിന്നെയും ഗോളടിച്ചു ഫ്രാൻസ്, 4-1ന് ജയിച്ചു. പക്ഷേ ഇമ്മാതിരി ഒരു ഗോൾ ഒഴിവാക്കൽ അതിനു മുമ്പോ ശേഷമോ ലോകകപ്പ് വേദിയിൽ കണ്ടിട്ടില്ല. ഏഴെട്ടു കൊല്ലം കഴിഞ്ഞ് മിഷേൽ പ്ലാറ്റിനിയെ കുവൈറ്റിലേക്ക് ക്ഷണിച്ച് ഷേഖ് ഫഹദ് മാപ്പുപറഞ്ഞു. ചെയ്തത് ശരിയായില്ലെന്ന്. അതെന്തെങ്കിലും ആയിക്കോട്ടെ . ചരിത്രത്തിൽ അതൊരു അപൂർവ മുഹൂർത്തമായിരുന്നു.

ഗോളാകും എന്നുറപ്പുള്ള ഒറു പന്ത് അതിന്‍റെ ലക്ഷ്യത്തിലേക്ക് പറന്നു പോകുന്നതിനിടെ ഫൈനൽ വിസിൽ മുഴങ്ങിയാൽ എന്താകും സ്ഥിതി. അത്തരമൊരു കൊലച്ചതി ചെയ്ത വിസിൽ മുഴക്കിയത് ക്ലൈവ് തോമസ് എന്ന റഫറിയാണ്. 1978ലെ ലോകകപ്പ് വേദിയിൽ ബ്രസീലും സ്വീഡനും തമ്മിലുള്ള മത്സരം നടക്കുന്നു. രണ്ടു കൂട്ടരും ഓരോ ഗോളടിച്ചിട്ടുണ്ട്. അവസാന മിനിറ്റിൽ ബ്രസീലിന് ഒരു കോർണർ കിട്ടുന്നു, രണ്ടാം ഗോളിലേക്കും വിജയത്തിലേക്കും വഴിതുറക്കുന്ന കിക്കെടുത്തത് സാക്ഷാല്‍ സീക്കോ, പക്ഷേ ഗോളനുവദിച്ചില്ല. കാരണം പന്തടിക്കുന്നതിനും എത്തുന്നതിനും ഇടയിലുള്ള ഇത്തിരിക്കുഞ്ഞൻ സമയത്തിനിടയിൽ റഫറി വിസിലൂതി.

പന്ത് ആകാശത്തിലിരിക്കെ വിസിലൂതിയ ക്ലൈവ് തോമസിന് നല്ല നമസ്കാരം, പേര് ലോകകപ്പ് ചരിത്രത്തിലെത്തി.   
മൂന്നാമത്തേത് കോമഡിയാണ്. 1974 ൽ പശ്ചിമ ജർമനിയിൽ ലോകകപ്പ് മത്സരങ്ങൾ ഉഷാറായി നടക്കുന്നു. സയർ എന്ന രാജ്യം ആദ്യമായും അവസാനമായും എത്തിയ ലോകകപ്പ് വേദി.  ഇന്നിപ്പോൾ അന്നാടിന്‍റെ പേര് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോ. സ്കോട്ട്ലൻഡും യുഗോസ്ലേവിയയുമായുള്ള രണ്ട് മത്സം തോറ്റതിന് ശേഷം സയറിന് എതിരാളികൾ ആയി എത്തിയത് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. കളി തീരാൻ പത്ത് മിനിട്ട്.

2-0ന് ബ്രസീൽ മുന്നിൽ. പെനാൽറ്റി ബോക്സിന് അടുത്ത് നിന്ന് ഒരു ഫ്രീകിക്ക് അനുവദിക്കുന്നു. റിവെലിനോ കിക്കെടുക്കാൻ എത്തുന്നു. പ്രതിരോധിക്കാൻ സയറിന്‍റെ കളിക്കാർ മതിലുകെട്ടി നിൽക്കുന്നു. റഫറി വിസിലൂതുന്നു. അപ്പോഴതാ മതിലു പൊളിച്ച് നിരയിൽ നിന്ന പ്രതിരോധതാരം മ്വെപു ഇലുംഗ മുന്നോട്ട് ഓടിവരുന്നു. പന്ത് ഒരൊറ്റ അടി. എല്ലാവരും ഞെട്ടുന്നു. റഫറി ഓടിവരുന്നു. മഞ്ഞ കാർഡ് കാട്ടുന്നു. എന്തിന്, ഞാനെന്തു ചെയ്തു എന്ന മുഖഭാവവുമായി ഇലുംഗ
 
ആദ്യമായി കളിക്കാൻ വരുന്നതല്ലേ, അറിവില്ലായ്മ കൊണ്ടും നിഷ്കളങ്കത കൊണ്ടും പറ്റിയ അബദ്ധമെന്നായിരുന്നു കമന്റേറ്റർ ജോൺ മോട്സൺ പറഞ്ഞത്. ഇലുംഗ പിന്നെ പറഞ്ഞത്,. കളിക്കാർക്ക് കാശുതരാൻ മടി കാണിക്കുന്ന ഭരണകൂടത്തോടുള്ള പ്രതിഷേധം കാട്ടിയതാണെന്ന്. തന്നെ പുറത്താക്കുമെന്നാണ് വിചാരിച്ചതെന്നും മഞ്ഞ കാർഡായപ്പോൾ പ്ലാൻ തെറ്റിയെന്നും ഇലുംഗ പറഞ്ഞു. ഒരൊറ്റ തവണയേ ടൂർണമെന്റിന് എത്തിയുള്ളൂ. പറഞ്‍ഞിട്ടെന്താ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തമാശക്കാഴ്ചകളിലൊന്ന് സയറിന്‍റെ പേരിലാണ്.

അങ്ങനെ അങ്ങനെ ലോകകപ്പ് വേദികളിൽ നിന്ന് കഥകൾ ധാരാളമുണ്ട്. ഇടക്കിടെ നമുക്കത് ഓർക്കാം. ഇപ്പോൾ നടക്കുന്ന മത്സരങ്ങളുടെ പോരാട്ടച്ചൂട് ആസ്വാദനത്തിന്  ഇടവേളകളിൽ ഓർക്കുന്ന  പഴയ കഥകൾ വീര്യം കൂട്ടും.

click me!