അക്രോബാറ്റിക് റിച്ചാര്‍ലിസണ്‍, മെസിയുടെ പ്ലേസിംഗ്, എംബാപ്പെയുടെ വെടിച്ചില്ല്; ഖത്തറിലെ ഗോൾകാഴ്ചകൾ

By Vandana PRFirst Published Dec 19, 2022, 1:34 PM IST
Highlights

മെക്സിക്കോക്ക് എതിരെ അർജന്‍റീനയുടെ എൻസോ ഫെർണാണ്ടസ് 2006ൽ മെസ്സിക്ക് ശേഷം ലോകകപ്പിൽ അർജന്‍റീനക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത് മെക്സിക്കോക്ക് നേടിയ വിജയഗോളിലൂടെയായിരുന്നു. ഗുരുതുല്യനും ആരാധാനാപാത്രവമുമായ മെസ്സിയുടെ പാസിൽ നിന്ന് കരുത്തുറ്റ വലംകാൽ ഷോട്ടിൽ എൻസോ കുറിച്ചത് ടീമിന്റെ വിജയം.

ദോഹ: ഖത്തർ കാൽപന്തുകളി ഉത്സവം സമാപിച്ചിരിക്കുന്നു. സ്വപ്ന സാക്ഷാത്കരാത്തിൽ മെസ്സിയും അർജന്‍റീനയും ആഹ്ളാദിച്ചുല്ലസിക്കുന്നു. ലോകമെമ്പാടുമുള്ള അർജന്‍റീന ആരാധകർ സന്തോഷത്തോടെ ആർപ്പുവിളിക്കുന്നു. ഖത്തർ മറ്റേതൊരു ലോകകപ്പിനെയും പോലെ മനോഹമരായ ഗോൾകാഴ്ചകൾ എന്നത്തേക്കുമായി തന്നിരിക്കുന്നു.

ആദ്യം ചാമ്പ്യൻമാരെ ഞെട്ടിച്ച് തിരിച്ചുവരവിന്‍റെയും വീര്യത്തിന്‍രെയും ആവേശം പകർന്നു നൽകി കൂടുതൽ ഉഷാറാക്കിയ സൗദി അറേബ്യയുടെ ഗോളിൽ നിന്ന് തുടങ്ങാം. ഏത് കണക്കിൽ നോക്കിയാലും കാൽപന്തുകളിയുടെ ലോകത്ത് ബഹുദൂരം മുന്നിൽ നിൽക്കുന്ന അർജന്‍റീനക്കെതിരെ സൗദി അറേബ്യ കളിച്ചു. നന്നായി കളിച്ചു. ജയിച്ചു. ലോകത്തെ തന്നെ അത്ഭുത സ്തബന്ധരാക്കിയ ആ വിജയഗോൾ പിറന്നത് സലീം അൽ ദവ്സരിയുടെ കാലുകളിൽ നിന്ന്. മൂന്ന് പ്രതിരോധതാരങ്ങളെ വെട്ടിച്ചെത്തി നേടിയ മനോഹരമമായ ഗോൾ. അതിനുശേഷം സൗദി നായകൻ ഗോൾ ആഘോഷിച്ചതും സുന്ദരമായി. ആ സമ്മർസോൾട്ടും ഖത്തർ നൽകിയ സുന്ദരകാഴ്ചയായി.

അതേ സൗദി അറേബ്യക്ക് എതിരെ മെക്സിക്കോയുടെ ലൂയി ഷാവേസ് നേടിയ ഫ്രീകിക്ക് ഗോൾ സൗന്ദര്യം കൊണ്ടും കരുത്തുകൊണ്ടും വേറിട്ട് നിൽക്കുന്നു. പോസ്റ്റിന് മുപ്പതടി ഇപ്പുറത്ത് നിന്ന് 75 മീറ്റർ പെർ ഹവർ വേഗതയിൽ പാഞ്ഞുവന്ന ഷോട്ട്. അൽ ഒവെയ്സിന് എന്ന സൗദിയുടെ സൂപ്പർ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

മെക്സിക്കോക്ക് എതിരെ അർജന്‍റീനയുടെ എൻസോ ഫെർണാണ്ടസ് 2006ൽ മെസ്സിക്ക് ശേഷം ലോകകപ്പിൽ അർജന്‍റീനക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത് മെക്സിക്കോക്ക് നേടിയ വിജയഗോളിലൂടെയായിരുന്നു. ഗുരുതുല്യനും ആരാധാനാപാത്രവമുമായ മെസ്സിയുടെ പാസിൽ നിന്ന് കരുത്തുറ്റ വലംകാൽ ഷോട്ടിൽ എൻസോ കുറിച്ചത് ടീമിന്റെ വിജയം.

ഡേവിഡ് ബെക്കാമിനും ട്രിപ്പിയറിനും ശേഷം മാർക്കസ് റാഷ്ഫഡ് ഫ്രീകിക്ക് നേരിട്ട് ഗോളാക്കുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരമായത് വെയ്ൽസിന് എതിരായ മത്സരത്തിൽ. ഖത്തറിലെ ആദ്യ നേരിട്ടുള്ള ഫ്രീകിക്ക് ഗോളുമായിരുന്നു അത്. അതിമനോഹരമായ ഗോൾ.

പിന്നൊരു സുന്ദരമായ ഫ്രീക്കിക്ക് ഗോൾ കണ്ടത്. ലോകരണ്ടാം നമ്പർ ടീമായ ബെൽജിയത്തെ മൊറോക്കോ ഞെട്ടിച്ച ഗോൾ. കോർണർ പോസ്റ്റിന് സമീപത്ത് നിന്ന് അബ്ദൽ ഹമീദ് സബീരി തൊടുത്ത ഷോട്ട്  തടയാൻ ലോകോത്തര ഗോളിയായ തിബോ ക്വോർട്ടോക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഫിഫ ലോകകപ്പിൽ ആദ്യമായി ഒറു ആഫ്രിക്കൻ രാജ്യത്തോട് തോൽവി വഴങ്ങുന്നതിലേക്ക് ബെൽജിയം ആദ്യചുവട് വെച്ചത് ആ ഗോളിലൂടെയായിരുന്നു.  

കോസ്റ്റാറിക്കയെ മറുപടിയില്ലാത്ത ഏഴ് ഗോളിന് തോൽപിച്ചാണ് സ്പെയിൻ തുടങ്ങിയത്. അതിലൊന്ന് സ്പെയിന്റെ നൂറാമത് ലോകകപ്പ് ഗോളായിരുന്നു. അതടിച്ചത് ഓൽമോ. കുസൃതി നിറഞ്ഞ ചിപ് ഷോട്ടായിരുന്നു അത്.

ആഫ്രിക്കൻ കരുത്തുമായി എത്തിയ സെനഗലിന് മുന്നിൽ ടോട്ടൽ ഫുട്ബോളിന്‍റെ പര്യായമായി വാഴ്ത്തപ്പെടുന്ന നെതർലൻഡ്സ് വിറങ്ങലിച്ചു പോയ മത്സരം. രണ്ട് കൂട്ടരും പൊരിഞ്ഞു കളിച്ചു. വാശിയോടെ കളിച്ചു. ആർക്കും ഗോളടിക്കാനായില്ല. ഒടുവിൽ എൺപത്തിനാലാം മിനിറ്റിൽ ആറടി നാലി‍ഞ്ച് പൊക്കമുള്ള കോഡി ഗാക്പോ എന്ന ഇളമുറക്കാരൻ ചാടിയടിച്ച ഹെഡറിൽ ആദ്യ ഗോൾ പിറന്നു. ഡിയോങ്ങിന്‍റെ പറന്നു വരുന്ന പാസും പോസ്റ്റിനെ കുറിച്ചുള്ള മനക്കണക്കുമായി തലതിരിച്ചടിച്ച ഹെഡർ.

ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൺസാലോ റാമോസ് നേടിയത് ഹാട്രിക്,. അതിലാദ്യത്തെ ഗോൾ കൂട്ടത്തിൽ ചാരുത കൂടിയത്. ഫെലിക്സിന്റെ പാസിൽ നിന്ന് ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്ന് കൃത്യമായൊരു ഷോട്ട്. ഹാ അതൊരു വരവറിയിക്കൽ ആയിരുന്നു

മത്സരങ്ങൾ എപ്പോഴും സമ്മർദമേറ്റുന്നതാണ്. കലാശപ്പോരിൽ അത് കൂടും. പന്ത് കാൽവട്ടത്ത് കിട്ടാതിരുന്ന ആദ്യപകുതി. അർജന്റീന 2-0ന് ജയമേതാണ്ട് ഉറപ്പിച്ച മട്ടിലിരിക്കെ, എൺപതാം മിനിറ്റിൽ പെനാൽറ്റി, മാർട്ടിനെസ് കൃത്യമായി ചാടിയെങ്കിലും ആ കൈക്കുള്ളിൽ പെടാതെ പന്ത് വലയിലെത്തിച്ചു. ഒരു മിനിറ്റിനിപ്പുറം രണ്ടാമത്തെ ഗോൾ.  കോമനും തുറാമും കാൽകോർത്ത പന്തിനൊടുവിൽ കിടിലൻ ഫിനിഷിങ്ങിലൂടെ കിലിയൻ എംബപ്പെ ടീമിന് ജീവശ്വാസം നൽകി. കാൽക്കൽ കിട്ടിയ പന്ത് കൃത്യമായി പോസ്റ്റിലേക്ക് നയിക്കാൻ ഒരു സെക്കൻഡ് പോലുമെടുക്കേണ്ടി വരാത്ത മനസ്സാന്നിധ്യവും സൂക്ഷ്മതയുമാണ് ആ പൊന്നുംവിലയുള്ള ഗോളിന് പിന്നിൽ.

ഖത്തർ കണ്ട ഏറ്റവും അക്രോബാറ്റിക് ആയ ഗോൾ. ഏറ്റവും വൈഭവമുള്ള ഗോൾ. ആ വിശേഷണം ബ്രസീലിന്‍റെ റിച്ചാർലിസൻ സെർബിയക്ക് എതിരെ ഗോളാമെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. കളിയുടെ എഴുപത്തി മൂന്നാം മിനിറ്റിൽ വിനീസ്യസ് ജൂനിയറിന്‍റെ പാസിൽ നിന്ന് ഒരഭ്യാസിയുടെ മികവിൽ പിറന്ന ഗോൾ. അതിമനോഹരം. വേറെയൊന്നും പറയാനില്ല.

ഓരോ മത്സരവും വിജയിപ്പിക്കുന്ന ഓരോ ഗോളും നിർണായകമാണ്. സുന്ദരമാണ്. ചിലതിൽ പക്ഷേ കുറച്ചു കൂടി ഭാവനയുണ്ടാകും, വൈഭവം ഉണ്ടാകും, മികവുണ്ടാകും. അങ്ങനെ ചിലതാണ് പറഞ്ഞത്. സൗന്ദര്യം കാണുന്നവന്‍റെ കണ്ണിലാണ്. അതുപോലെ മികവിന്‍റെയും മനോഹാരിതയുടെയും കണക്കെടുപ്പ് ഗോളുകളുടെ കാര്യത്തിലും അങ്ങനെയാണ്. ഈ തെരഞ്ഞെടുപ്പിൽ ഞാനും നിങ്ങളും തമ്മിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. ഒരു കാര്യത്തിൽ പക്ഷേ നമ്മൾ ഒരു പോലെയാകും. അതുറപ്പാണ്. ഖത്തറിലെ ഗോൾകാഴ്ചകൾ നമ്മളിലെ കാൽപന്തുകളി പ്രേമിയെ വല്ലാതെ സന്തോഷിപ്പിച്ചിരിക്കുന്നു.  

click me!