15 വര്‍ഷത്തിനിടെ ആദ്യം; മെസ്സി-റൊണാള്‍ഡോ യുഗം അവസാനിക്കുന്നോ

By Web TeamFirst Published Aug 15, 2020, 5:43 PM IST
Highlights

തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മെസി നയിക്കുന്ന ബാഴ്‌സ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് കടുത്ത വിമര്‍ശകര്‍ പോലും കരുതിയില്ല.
 

ചാമ്പ്യന്‍സ് ലീഗിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ മെസ്സിയും റൊണാള്‍ഡോയുമില്ലാതെ ആദ്യത്തെ സെമിഫൈനല്‍ മത്സരങ്ങള്‍. കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനോട് രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് തോറ്റ് ബാഴ്‌സലോണയും പുറത്തായിരുന്നു. ലിയോണിനോട് തോറ്റാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസ് സെമി കാണാതെ പുറത്തായത്. 2004-2005 സീസണാണ് ഇരുവരുമില്ലാതെ അവസാനമായി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ നടക്കുന്നത്. അന്ന് എസി മിലാനെ തോല്‍പ്പിച്ച് ലിവര്‍പൂളാണ് കപ്പുയര്‍ത്തിയത്. 2006-07 സീസണ്‍ മുതല്‍ സ്പാനിഷ് ക്ലബുകളില്ലാത്ത സെമി ഫൈനലും നടന്നിട്ടില്ല. 2006-07 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയാണ് റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗിനിറങ്ങിയത്. 

ബയേണിനോടുള്ള ബാഴ്‌സയുടെ തോല്‍വി ഫുട്ബാള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മെസി നയിക്കുന്ന ബാഴ്‌സ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് കടുത്ത വിമര്‍ശകര്‍ പോലും കരുതിയില്ല. ബാഴ്‌സയുടെ ഞെട്ടിക്കുന്ന തോല്‍വി ഒന്നര ദശകം നീണ്ട മെസ്സി-റൊണാള്‍ഡോ അച്ചുതണ്ടിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വ്യാഴവട്ടക്കാലം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിലും ഇരുവരുടെയും അപ്രമാദിത്തമായിരുന്നു. മെസ്സി ആറു തവണ പുരസ്‌കാരം നേടിയപ്പോള്‍ റൊണാള്‍ഡോ അഞ്ച് തവണ പുരസ്‌കാരം നേടി. 2008ന് ശേഷം ഇരുവരുമല്ലാതെ പുരസ്‌കാരം നേടുന്ന ഏകതാരം ലൂക്കാ മോഡ്രിച്ചായിരുന്നു. ഒമ്പത് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലാണ് ഇരുവരും ബൂട്ടുകെട്ടിയത്. ബാഴ്‌സ നാല് തവണ ജേതാക്കളായി. എന്നാല്‍, 2014-15 സീസണുശേഷം ബാഴ്‌സക്ക് ചാമ്പ്യന്‍സ് ലീഗ് കിട്ടാക്കനിയാണ്. ക്രിസ്റ്റിയാനോ അഞ്ച് തവണയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീമില്‍ അംഗമായത്. നാല് തവണ റയലിനും ഒരു തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ക്രിസ്റ്റ്യാനോ ഇറങ്ങി. 

click me!