ഖത്തര്‍ ലോകകപ്പ് ചിഹ്നം പ്രകാശനം നാളെ; വേദിയാവാന്‍ ഇന്ത്യന്‍ നഗരവും

By Web TeamFirst Published Sep 2, 2019, 6:54 PM IST
Highlights

എംബ്ലം പ്രകാശനം തത്‌സമയം പടുകൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ നഗരമാണ് മുംബൈ

മുംബൈ: ഖത്തറില്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ എംബ്ലം പ്രകാശനം തത്‌സമയം മുംബൈയിലും. ചൊവ്വാഴ്‌ച രാത്രി 10.52ന് ദക്ഷിണ മുംബൈയിലെ ബാബുല്‍നാഥ് മന്ദിര്‍ ജംക്ഷനിലെ പടുകൂറ്റന്‍ സ്‌ക്രീനിലാണ് ലോകകപ്പ് ചിഹ്‌നം പ്രദര്‍ശിപ്പിക്കുക. 

അറേബ്യന്‍ നാടിന് പുറത്ത് എംബ്ലം പ്രകാശനം തത്‌സമയം കാണിക്കുന്ന 14 നഗരങ്ങളിലൊന്നും ഏക ഇന്ത്യന്‍ സിറ്റിയുമാണ് മുംബൈ. ഏറെ സവിശേഷതകളോടെ എത്തുന്ന ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകരുടെ വലിയ പങ്കാളിത്തമുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. 

ഗള്‍ഫ് മേഖല ആദ്യമായാണ് ഫിഫ ലോകകപ്പിന് വേദിയാവുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക. സാധാരണയായി ലോകകപ്പ് നടക്കാറുന്ന ഫുട്ബോള്‍ ട്രാന്‍സ്‌ഫര്‍ ജാലക മാസങ്ങളായ ജൂണിലും ജൂലൈയിലും അല്ലാതെ നടക്കുന്ന ആദ്യ ലോകകപ്പാണിത്. 50 കി.മി പരിധിക്കുള്ളിലുള്ള എട്ട് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്‍റ് പൊടിപൊടിക്കുക. റൗണ്ട് റോബിന്‍ സ്റ്റേജില്‍ ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ ഇത് കാണികള്‍ക്ക് അവസരമൊരുക്കും. 

click me!