സ്പെയിനിന്‍റെ തീയുണ്ടകൾക്ക് മുന്നിൽ മനുഷ്യമതിലായി 'ഡിബു'; 60 വർഷത്തെ ലോകകപ്പ് ചരിത്രം തിരുത്തി എമി മാർട്ടിനസ്

Published : Jul 20, 2026, 11:16 AM IST
Emiliano Martinez

Synopsis

മത്സരത്തിൽ അവിശ്വസനീയമായ 11 സേവുകളാണ് മാര്‍ട്ടിനെസ് നടത്തിയത്. ഫിഫ 1966-ൽ ഔദ്യോഗികമായി മത്സര റെക്കോര്‍ഡുള്‍ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്.

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് അർജന്‍റീന കിരീടം കൈവിട്ടെങ്കിലും, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ കായികലോകം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പിംഗ് പ്രകടനത്തിന്. തിരമാലകള്‍ പോലെ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ച സ്പാനിഷ് പടയുടെ ആക്രമണങ്ങൾക്ക് മുന്നിൽ 120 മിനിറ്റോളം ഒരു മനുഷ്യമതിലായി നിലകൊണ്ട അർജന്‍റീനൻ ഗോൾകീപ്പർ എമിലിയാനോ 'ഡിബു' മാർട്ടിനസ് ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി. മത്സരത്തിൽ അവിശ്വസനീയമായ 11 സേവുകളാണ് മാര്‍ട്ടിനെസ് നടത്തിയത്. 

ഫിഫ 1966-ൽ ഔദ്യോഗികമായി മത്സര റെക്കോര്‍ഡുള്‍ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്.  ടൂര്‍ണമെന്‍റിലാകെ 10 സേവുകള്‍ മാത്രം നടത്തിയ സ്പെയിനിന്‍റെ ഉനായ് സിമോണ്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ മാത്രം എമിലിയാനോ നടത്തിയത് 11 സേവുകളായിരുന്നു. 

 

സ്പാനിഷ് കോട്ടയ്ക്ക് മുന്നിൽ ഒറ്റക്കൊരു വന്‍മതില്‍

ഫൈനലിൽ അർജന്‍റീനയുടെ കളി പൂർണ്ണമായും പാളിയപ്പോൾ സ്പെയിൻ കളം നിറഞ്ഞു കളിച്ചു. നിശ്ചിത സമയത്ത് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞിരുന്നില്ല. അർജന്‍റീനൻ പ്രതിരോധക്കോട്ട തകർത്ത് സ്പാനിഷ് താരങ്ങൾ ബോക്സിലേക്ക് നിരന്തരം വെടിയുണ്ടകൾ പായിച്ചുകൊണ്ടിരുന്നു. എന്നാൽ ഓരോ തവണയും അർജന്‍റീനയുടെ രക്ഷകനായി എമി മാർട്ടിനസ് അവതരിച്ചു. പൗ ക്യൂബാർസി, നികോ വില്യംസ് എന്നിവരുടെ ലോങ് റേഞ്ച് ഫ്രീകിക്കുകളും ഷോട്ടുകളും മാർട്ടിനസ് പറന്നുതടഞ്ഞു. വണ്ടർ കിഡ് ലാമിൻ യമാലിന്‍റെ ഡിഫ്ലെക്റ്റ് ചെയ്ത അപകടകരമായ ഷോട്ട് അസാധ്യമായ ഡൈവിംഗിലൂടെയാണ് എമി പുറത്തേക്ക് തട്ടിയത്. ക്ലോസ് റേഞ്ചില്‍ നിന്നുള്ള സ്പാനിഷ് താരങ്ങളുടെ പവർഫുൾ ഹെഡ്ഡറുകൾ പോലും മാർട്ടിനസിന്‍റെ കൈകളിൽ ഒതുങ്ങി.

 

ഇഞ്ചുറി ടൈമിലെ ആ 'അത്ഭുത' സേവ്

മത്സരത്തിന്‍റെ നിശ്ചിത സമയത്തെ ഇഞ്ചുറി ടൈമിൽ അർജന്‍റെന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു ആ മാന്ത്രിക നിമിഷം പിറന്നത്. 22 വാര അകലെ നിന്നും സ്പാനിഷ് താരം ലാമിൻ യമാൽ എടുത്ത മനോഹരമായ ഫ്രീകിക്ക് അർജന്‍റീനൻ വലയുടെ ടോപ്പ് കോർണറിലേക്ക് വളഞ്ഞിറങ്ങി. സ്റ്റേഡിയം ഒന്നടങ്കം ഗോൾ എന്ന് ഉറപ്പിച്ച നിമിഷം, വായുവിൽ ഉയർന്ന ചാടിയ മാർട്ടിനസ് വിരൽത്തുമ്പുകൾ കൊണ്ട് പന്ത് തട്ടിയകറ്റി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയായിരുന്നു. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രക്ഷപെടുത്തലുകളിൽ ഒന്നായി ഇത് മാറി.

 

ഒടുവിൽ 106-ാം മിനിറ്റിൽ വീണു, എങ്കിലും തലയുയർത്തി

മത്സരത്തിന്‍റെ 106-ാം മിനിറ്റിൽ പകരക്കാരനായി വന്ന ഫെറാൻ ടോറസിന് മാത്രമാണ് മാർട്ടിനസിന്‍റെ പ്രതിരോധക്കോട്ട തകർത്ത് പന്ത് വലയിലെത്തിക്കാൻ സാധിച്ചത്. ആ ഒരൊറ്റ ഗോളിൽ സ്പെയിൻ 1-0 ന് വിജയിച്ച് തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ചൂടിയെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മാസ്മരിക വ്യക്തിഗത പ്രകടനവുമായി തലയുയർത്തിപ്പിടിച്ചാണ് 'ഡിബു' മൈതാനം വിട്ടത്. തോറ്റെങ്കിലും കായികലോകത്തിന്‍റെ മുഴുവൻ കയ്യടിയും അർജന്‍റീനൻ കോട്ട കാത്ത ഈ കാവൽക്കാരനാണ്. ലോകകപ്പിന് തൊട്ടുമുമ്പ് കൈവിരലില്‍ പൊട്ടലുണ്ടായിട്ടും ശസ്ത്രക്രിയക്ക് വിധേയനാകാതെ വേദനസംഹാരികള്‍ കഴിച്ചാണ് ഡിബും ലോകകപ്പില്‍ ഗോള്‍വല കാത്തത്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം എമിലിയാനോ മാര്‍ട്ടിനെസിനായിരുന്നു.

 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

‘പൊരിഞ്ഞ പോരാട്ടം അല്ലാരുന്നു, ഗോളി മിടുക്കനായതിനാൽ 1 ഗോളിന് തോറ്റു’, സ്പെയിനിന് ആശംസയുമായി എംഎം മണി
ഗോള്‍ഡന്‍ ബോളും ഗോള്‍ഡൻ ഗ്ലൗവുമടക്കം പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ, മെസിയെ വീഴ്ത്തി ഗോൾഡൻ ബൂട്ട് വീണ്ടും എംബാപ്പെക്ക്