റൊണാള്‍ഡോ വന്നതോടെ അല്‍ നസറില്‍ കളിക്കുന്നത് ബുദ്ധിമുട്ടായി! വെളിപ്പെടുത്തി ക്ലബിന്റെ ബ്രസീലിയന്‍ താരം

By Web TeamFirst Published Feb 5, 2023, 9:23 PM IST
Highlights

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ക്ലബില്‍ കളിക്കുന്ന ബ്രസീലിയന്‍ താരം ലൂയിസ് ഗുസ്താവോയുടെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയം. പോര്‍ച്ചുഗീസ് താരത്തിന്റെ വരവോടെ അല്‍ നസറില്‍ കളിക്കാന്‍ പ്രയാസമേറിയെന്നാണ് ഗുസ്താവോ പറയുന്നത്.

റിയാദ്: ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ലോകറെക്കോര്‍ഡ് പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൌദി ക്ലബ് അല്‍ നസര്‍ സ്വന്തമാക്കിയത്. സൗദി ലീഗിലെ ആദ്യ രണ്ട് കളിയിലും റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായില്ല. അല്‍ ഫത്തേയുമായുള്ള അവസാന മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ സൗദി ലീഗില്‍ അക്കൌണ്ട് തുറന്നത്. അല്‍ നസറിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ച ഗോള്‍കൂടിയായിരുന്നു ഇത്. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ക്ലബില്‍ കളിക്കുന്ന ബ്രസീലിയന്‍ താരം ലൂയിസ് ഗുസ്താവോയുടെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയം. പോര്‍ച്ചുഗീസ് താരത്തിന്റെ വരവോടെ അല്‍ നസറില്‍ കളിക്കാന്‍ പ്രയാസമേറിയെന്നാണ് ഗുസ്താവോ പറയുന്നത്. അല്‍ ഫത്തേയുമായി സമനില വഴങ്ങിയതിന് ശേഷമായിരുന്നു അല്‍ നസര്‍ താരത്തിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍... ''റൊണാള്‍ഡോയുടെ സാന്നിധ്യം അല്‍ നസറിന്റെ കളിയില്‍ പ്രയാസം ഉണ്ടാക്കുന്നു. റൊണാള്‍ഡോ എത്തിയതോടെ എതിരാളികള്‍ കൂടുതല്‍ ആവേശത്തോടെ കളിക്കാന്‍ തുടങ്ങി. റൊണാള്‍ഡോ സഹതാരങ്ങള്‍ക്ക് പ്രചോദനമാണെങ്കിലും അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് ഉയരുക എളുപ്പമല്ല. ഇത് അല്‍ നസറിന്റെ ഓരോ കളിയും പ്രയാസമുള്ളതാക്കുന്നു.'' ഗുസ്താവോ പറഞ്ഞു.

അതേസമയം, റൊണാള്‍ഡോ സൗദി പ്രൊലീഗ് വിട്ട് യൂറോപ്പിലേക്ക് തിരിച്ചുപോകുമെന്ന് അല്‍ നസര്‍ ടീം പരിശീലകന്‍ റൂഡി ഗാര്‍സ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. യൂറോപ്പിലാകും റൊണാള്‍ഡോ കരിയര്‍ അവസാനിപ്പിക്കുകയെന്നും റൂഡി ഗാര്‍സ്യ പറഞ്ഞു. കരാര്‍ നീട്ടാനും സൗദിയില്‍ തന്നെ വിരമിക്കാനുമുള്ള താല്‍പ്പര്യം ക്ലബ്ബ് ഉടമകള്‍ അറിയിച്ച പശ്ചാത്തലത്തിലാണ് റൂഡി ഗാര്‍സ്യയുടെ പരാമര്‍ശം. റൊണാള്‍ഡോയെ നിലനിര്‍ത്തി, സൗദിയുടെയും ഏഷ്യന്‍ ഫുട്ബോളിന്റെയും വളര്‍ച്ചയ്ക്കായി ഉപയോഗിക്കാമെന്ന താല്‍പര്യമാണ് സൗദി ക്ലബ്ബ് ഉടമകള്‍ അറിയിച്ചത്. 

അല്‍ നസറില്‍ രണ്ടര വര്‍ഷത്തെ കരാറില്‍ 1700 കോടിയിലേറെ രൂപയ്ക്കാണ് റൊണാള്‍ഡോ എത്തിയത്. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള റൊണാള്‍ഡോയ്ക്ക് സ്വതസിദ്ധമായി ഫോമിലേക്ക് ഉയരാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ആകാംക്ഷയോടെ ടെന്നിസ് ലോകം! റോജര്‍ ഫെഡറര്‍ വിംബിള്‍ഡണിലേക്ക് മടങ്ങിയെത്തുന്നു

click me!