തകര്‍പ്പന്‍ ഗോളുമായി മെസിയും പസെല്ലയും! സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അര്‍ജന്റീനക്ക് ജയം

Published : Jun 15, 2023, 07:54 PM IST
തകര്‍പ്പന്‍ ഗോളുമായി മെസിയും പസെല്ലയും! സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അര്‍ജന്റീനക്ക് ജയം

Synopsis

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോള്‍. തുടക്കത്തില്‍ തന്നെ അര്‍ജന്റീന ആധിപത്യം പുലര്‍ത്തി.

ബെയ്ജിംഗ്: ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോൡനാണ് ലോക ചാംപ്യന്മാര്‍ ഓസ്‌ട്രേലിയയെ മറികടന്നത്. ലിയോണല്‍ മെസി, ജര്‍മന്‍ പസെല്ല എന്നിവരാണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്. ഇരുപാതികളിലുമായിട്ടായിരുന്നു ഗോള്‍. നേരത്തെ, ലോകകപ്പിലും അര്‍ജന്റീന ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. തോല്‍വിക്ക് പകരം വീട്ടുകയെന്ന ഓസ്‌ട്രേലിയയുടെ ആഗ്രഹവും നടന്നില്ല. 

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോള്‍. തുടക്കത്തില്‍ തന്നെ അര്‍ജന്റീന ആധിപത്യം പുലര്‍ത്തി. എന്‍സോയില്‍ നിന്ന് പന്ത് വാങ്ങിയ മെസി. ഒരു ഓസ്‌ട്രേലിയന്‍ പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഡി ബോക്‌സില്‍ നിന്ന് നിറയൊഴിച്ചു. ഗോള്‍ വന്ന ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന് സോക്കറൂസ് പിന്നീട് മത്സരം നിയന്ത്രിച്ചു. 

പല തവണ അവര്‍ മറുപടി ഗോള്‍ നേടുമെന്ന് തോന്നിച്ചു. ഇതിനിടെ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഫ്‌ളിക്ക് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പണിപ്പെട്ട് രക്ഷപ്പെടുത്തി. മറുവശത്ത് മെസിക്ക് ലഭിച്ച മറ്റൊരു ഗോള്‍ അവസരം മുതലാക്കാനായില്ല. ഡി മരിയയില്‍ നിന്ന് പന്ത് സ്വീകരിച്ച് മെസി തൊടുത്ത ഷോട്ട് സൈഡ് നൈറ്റില്‍ ഒതുങ്ങി. മറ്റൊരു ചിപ് ശ്രമം ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ ഹാഫ്‌ടൈം വിസില്‍. 

രണ്ടാംപാതിയില്‍ അര്‍ജന്റീന ആധിപത്യം തുടര്‍ന്നു. 68-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. മെസിയു ഡിപോളും നടത്തിയ നീക്കമാണ് പസെല്ല ഗോളാക്കിയത്. ഡി പോളിന്റെ ക്രോസില്‍ പസെല്ല തല വെക്കുകയായിരുന്നു. രണ്ടാം ഗോള്‍ വീണതോടെ ഓസ്‌ട്രേലിയ തളര്‍ന്നു. ആ തിരിച്ചടിയില്‍ കരകയറാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. ഇതിനിടെ ജൂലിയന്‍ അലാവരസിന്റെ ഗോള്‍ശ്രമം ഓസീസ് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. യുവതാരം അലസാന്‍ഡ്രോ ഗര്‍നാച്ചോ അര്‍ജന്റീന ജേഴ്‌സിയില്‍ അരങ്ങേറി.

അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. യുറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിടപറഞ്ഞ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിയിലേക്ക് പോകാന്‍ തീരുമാനിച്ചശേഷം രാജ്യത്തിനായി കളിക്കുന്ന ആദ്യ മത്സരവുമാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി