പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡാര്‍ബി; സ്‌പെയ്‌നില്‍ മാഡ്രിഡ് പോര്, ബാഴ്‌സലോണയ്ക്ക് ജയം

By Web TeamFirst Published Mar 7, 2021, 11:16 AM IST
Highlights

രാത്രി പത്തിന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇരുപത്തിയേഴാം റൗണ്ട് പിന്നിട്ടപ്പോള്‍ 65 പോയിന്റുമായി സിറ്റി ഒന്നും 51 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡാര്‍ബി. മാഞ്ചസ്റ്റര്‍ സിറ്റി രാത്രി പത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. രാത്രി പത്തിന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇരുപത്തിയേഴാം റൗണ്ട് പിന്നിട്ടപ്പോള്‍ 65 പോയിന്റുമായി സിറ്റി ഒന്നും 51 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. 

അവസാന അഞ്ച് കളിയിലും ജയിച്ചാണ് സിറ്റി എത്തുന്നത്. യുണൈറ്റഡിന് അഞ്ച് കളിയില്‍ നാലിലും സമനില വഴങ്ങേണ്ടിവന്നു. നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഫുള്‍ഹാമിനെ നേരിടും. 43 പോയിന്റുള്ള ലിവര്‍പൂള്‍ ഏവും 23 പോയിന്റുള്ള ഫുള്‍ഹാം പതിനെട്ടും സ്ഥാനത്താണ്.

ഇന്നലെ നടന്ന ആഴ്‌സനല്‍- ബേണ്‍ലി മത്സരം സമനിലയില്‍ പിരിഞ്ഞു. ബേണ്‍ലി 1-1നാണ് ആഴ്‌സണലിനെ പിടിച്ചുകെട്ടിയത്. ഷാക്കയുടെ പിഴവിലൂടെ വഴങ്ങിയ ഗോളാണ് ആഴ്‌സണലിന് തിരിച്ചടിയായത്. ഒബമയാംഗ് തുടക്കത്തില്‍ തന്നെ ആഴ്‌സണലിനെ മുന്നിലെത്തിച്ചു. 38 പോയിന്റുമായി ലീഗില്‍ പത്താം സ്ഥാനത്താണിപ്പോള്‍ ആഴ്‌സണല്‍.

ലാ ലിഗയില്‍ മാഡ്രിഡ് പോര്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് മാഡ്രിഡ് ഡാര്‍ബി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ നേരിടും. ചാംപ്യന്മാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ മത്സരം രാത്രി 8.45ന് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മൈതാനത്താണ് തുടങ്ങുക. 24 കളിയില്‍ 58 പോയിന്റുമായാണ് ഡീയേഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 25 കളിയില്‍ 53 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. 

അതേസമയം, ലാലിഗയില്‍ ബാഴ്‌സയുടെ വിജയയാത്ര തുടരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ജോര്‍ഡി ആല്‍ബ, മോറിബ എന്നിവരാണ് സ്‌കോറര്‍മാര്‍. 26 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി ബാഴ്‌സ നിലവില്‍ രണ്ടാം സ്ഥാനത്താണ്.

യുവന്‍റസിന് ജയം

ടൂറിന്‍: സെരിയ എയില്‍ ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയിട്ടും യുവസിന് സൂപ്പര്‍ വിജയം. ലാസിയോയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുവന്റസിന്റെ മടങ്ങിവരവ്. പതിനാലാം മിനുറ്റില്‍ കൊറയിലൂടെ ലാസിയോ ആണ് ആദ്യം മുന്നിലെത്തിയത്. 39ആം മിനുറ്റില്‍ റാബിയോറ്റിലൂടെ യുവന്റസ് സമനില പിടിച്ചു. 57, 60 മിനുറ്റുകളില്‍ മൊറാട്ട നേടിയ ഇരട്ടഗോളിലൂടെ യുവന്റസ് ജയം പൂര്‍ത്തിയാക്കി. 25 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുള്ള യുവന്റസ് നിലവില്‍ മൂന്നാം സ്ഥാനത്താണ്.

click me!