ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് സമനില; മാഡ്രിഡ് ടീമുകള്‍ക്ക് ജയം

By Web TeamFirst Published Nov 1, 2020, 7:45 AM IST
Highlights

62ാം മിനിറ്റില്‍ അലാവസ് പത്ത് പേരായി ചുരുങ്ങിയിട്ടും ബാഴ്‌സലോണയ്ക്ക് ജയിക്കാനായില്ല. മത്സരത്തിന്റെ 31ാം മിനിറ്റില്‍ ലൂയിസ് റിയോഹയുടെ ഹോളില്‍ അലാവസ് മുന്നിലെത്തി.

മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് സമനില. അലാവസിനെതിരായ മത്സരം 1-1ല്‍ അവസാനിക്കുകയായിരുന്നു. അതേസമയം മാഡ്രിഡ് ടീമുകള്‍ തകര്‍പ്പന്‍ ജയം നേടി. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ് യൂറോപ്പ ലീഗ് ചാംപ്യന്മാരായ സെവിയ്യയെ അട്ടിമറിച്ചു. ഐബറാവട്ടെ കാഡിസിനോട് പരാജയപ്പെട്ടു.

62ാം മിനിറ്റില്‍ അലാവസ് പത്ത് പേരായി ചുരുങ്ങിയിട്ടും ബാഴ്‌സലോണയ്ക്ക് ജയിക്കാനായില്ല. മത്സരത്തിന്റെ 31ാം മിനിറ്റില്‍ ലൂയിസ് റിയോഹയുടെ ഹോളില്‍ അലാവസ് മുന്നിലെത്തി. 63ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു ബാഴ്‌സലോണയ്ക്ക് ഗോള്‍ മടക്കാന്‍. അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. 

അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ഒസാസുനയെ തോല്‍പ്പിച്ചു. ജാവോ ഫെലിക്‌സിന്റെ ഇരട്ട ഗോളുകളാണ് അത്‌ലറ്റികോ മാഡ്രിഡിന് തുണയായത്. ലൂകാസ് ടൊറൈറയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. അന്റേ ബുദിമിര്‍ ഒസാസുനയുടെ ആശ്വാസ ഗോള്‍. 

കരീം ബെന്‍സേമയുടെ ഇരട്ട ഗോളുകളാണ് ഹ്യൂസ്‌കയ്‌ക്കെതിരെ റയലിന് ജയം സമ്മാനിച്ചത്. പരിക്കില്‍ നിന്നുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഈഡന്‍ ഹസാര്‍ഡ് ഒരു തകര്‍പ്പന്‍ ലോംഗ്‌റേഞ്ച് ഗോള്‍ നേടി. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഡേവിഡ് ഫെറൈറോയുടെ വകയായിരുന്നു ഹ്യൂസ്‌കയുടെ ആശ്വാസ ഗോള്‍.

അത്‌ലറ്റിക് ക്ലബിനെതിരെ ഗോള്‍ നേടിയ ശേഷമാണ് സെവിയ്യ പരാജയപ്പെട്ടത്. ഒമ്പതാം മിനിറ്റില്‍ യൂസഫ് എന്‍ നെസ്രിയുടെ ഗോളില്‍ സെവിയ്യ മുന്നിലെത്തി. എന്നാല്‍ 76ാം മിനിറ്റില്‍ ഇകര്‍ മുനിയ്ന്‍ അത്‌ലറ്റിക്കിനെ ഒപ്പമെത്തിച്ചു. ഒയ്ഹാന്‍ സാന്‍സെറ്റാണ് വിജയഗോള്‍ നേടിയത്. ഐബറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കാഡിസിന്റെ ജയം.

click me!