ഐഎസ്എല്‍ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കങ്ങളാരംഭിച്ച് ഹൈദരാബാദ് എഫ്‌സി; സൂപ്പര്‍ താരത്തിന്റെ കരാര്‍ പുതുക്കി

Published : Jun 16, 2022, 04:07 PM IST
ഐഎസ്എല്‍ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കങ്ങളാരംഭിച്ച് ഹൈദരാബാദ് എഫ്‌സി; സൂപ്പര്‍ താരത്തിന്റെ കരാര്‍ പുതുക്കി

Synopsis

സീസണ് ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കെ കിരീടം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഹൈദരാബാദ് എഫ്‌സി ഇപ്പൊഴേ ആരംഭിച്ചു. അതിന്റെ ആദ്യപടിയായി ഐ എസ് എല്ലിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ബര്‍ത്തളോമ്യൂ ഒഗ്ബച്ചെയെ ടീം നിലനിര്‍ത്തി.

ഹൈദരാബാദ്: ഒക്ടോബര്‍ ആറിനാണ് സീസണിലെ ഐഎസ്എല്‍ (ISL 2022-23) മത്സരങ്ങള്‍ ആരംഭിക്കുന്നത്. കൊച്ചി, ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ (Kerala Blasters vs ATK Mohun Bagan) മത്സരത്തോടെയാണ് സീസണ്‍ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്ന മത്സരങ്ങളാണ് ഹോം- എവേ രീതിയിലാവുന്നത്. ഹൈദരാബാദ് എഫ്‌സിയാണ് (Hyderabad FC) നിലവിലെ ചാംപ്യന്മാര്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് കിരിടം നേടിയത്.

സീസണ് ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കെ കിരീടം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഹൈദരാബാദ് എഫ്‌സി ഇപ്പൊഴേ ആരംഭിച്ചു. അതിന്റെ ആദ്യപടിയായി ഐ എസ് എല്ലിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ബര്‍ത്തളോമ്യൂ ഒഗ്ബച്ചെയെ ടീം നിലനിര്‍ത്തി. ഒരുവര്‍ഷത്തേക്കാണ് ഒഗബച്ചെ കരാര്‍ പുതുക്കുക. കഴിഞ്ഞ സീസണില്‍ 18 ഗോളുമായി ടോപ് സ്‌കോററായ ഒഗ്ബച്ചെ ഐഎസ്എല്ലില്‍ ആകെ 53 ഗോള്‍ നേടിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെ ഐ എസ് എല്ലില്‍ എത്തിയ ഒഗ്ബചേ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സും കഴിഞ്ഞ ദിവസം ആദ്യ സൈനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രെയ്‌സ് മിറാന്‍ഡയുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയത്. 2026 വരെയാണ് കരാര്‍. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലെ അംഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും കൊച്ചിയിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ബ്രെയ്‌സ് മിറാന്‍ഡ പറഞ്ഞു.

അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പ് മത്സരങ്ങള്‍ യൂറോപ്പില്‍ നടക്കുമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് സൂചന നല്‍കിയിരുന്നു. കൊച്ചി സ്‌റ്റേഡിയത്തില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.

കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്. അന്ന് എടികെ മോഹന്‍ ബഗാന്‍ 4-2 ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങള്‍ നടത്തിയത്. ലീഗ് വീണ്ടും ഹോം, എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചുപോകുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.

അടുത്ത സീസണ്‍ മുതല്‍ വേറെയും ഒട്ടേറെ പുതുമകള്‍ ലീഗിനുണ്ടാകും. നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക. 2014ല്‍ ഐഎസ്എല്‍ തുടങ്ങുമ്പോള്‍ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവര്‍ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്.
 

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം