ഫിഫ റാങ്കിംഗ്: ലോക ചാമ്പ്യന്‍മാരെ പിന്തള്ളി ബ്രസീല്‍ രണ്ടാമത്; ഇന്ത്യക്ക് തിരിച്ചടി

By Web TeamFirst Published Jul 25, 2019, 6:01 PM IST
Highlights

പെറുവിനെ കീഴടക്കി കോപ്പ അമേരിക്ക കിരീടം നേടിയതാണ് ബ്രസീലിനെ റാങ്കിംഗില്‍ തുണച്ചത്. സെനഗലിനെ കീഴടക്കി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജയിച്ച അല്‍ജീരിയ ആണ് റാങ്കിംഗില്‍ കുതിച്ചുചാട്ടം നടത്തിയ മറ്റൊരു ടീം

സൂറിച്ച്: കോപ്പ അമേരിക്ക കിരീട നേട്ടത്തോടെ ഫിഫ റാങ്കിംഗില്‍ മുന്നേറി ബ്രസീല്‍. ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പിന്തള്ളി ബ്രസീല്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് മൂന്നാം സ്ഥാനത്താണ്.

പെറുവിനെ കീഴടക്കി കോപ്പ അമേരിക്ക കിരീടം നേടിയതാണ് ബ്രസീലിനെ റാങ്കിംഗില്‍ തുണച്ചത്. സെനഗലിനെ കീഴടക്കി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജയിച്ച അള്‍ജീരിയ ആണ് റാങ്കിംഗില്‍ കുതിച്ചുചാട്ടം നടത്തിയ മറ്റൊരു ടീം. 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അള്‍ജീരിയ നാല്‍പതാം റാങ്കിലെത്തി. റാങ്കിംഗില്‍ കുതിപ്പ് നടത്തിയെങ്കിലും ആഫ്രിക്കയില്‍ നിന്നുള്ള ടീമുകളില്‍ റാങ്കിംഗില്‍ സെനഗല്‍(20), ടുണീഷ്യ(29),നൈജീരിയ(33)എന്നിവര്‍ക്ക് പിന്നിലാണ് അള്‍ജീരിയ ഇപ്പോഴും. 23-ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള ടീം. ജപ്പാന്‍(33), കൊറിയ(37) എന്നിവരാണ് ഏഷ്യയില്‍ മുന്നിലുള്ള ടീമുകള്‍.

ഇംഗ്ലണ്ട്(4), യുറുഗ്വേ(5), പോര്‍ച്ചുഗല്‍(6), ക്രൊയേഷ്യ(7), കൊളംബിയ(8) സ്പെയിന്‍(9), അര്‍ജന്റീന(10) എന്നിവരാണ് ആദ്യ പത്ത് റാങ്കിലുള്ളവര്‍. കോപ്പയില്‍ മൂന്നാം സ്ഥാനത്തായെങ്കിലും അര്‍ജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ആദ്യ പത്തില്‍ തിരിച്ചെത്തിയത്. മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പതിനഞ്ചാം സ്ഥാനത്തും ഇറ്റലി പതിനാറാം സ്ഥാനത്തുമാണ്. ഇന്റര്‍ കോണ്ടിനെറ്റല്‍ കപ്പില്‍ തുടര്‍ തോല്‍വികള്‍ നേരിട്ട ഇന്ത്യ രണ്ട് സ്ഥാനം താഴോട്ടിറങ്ങി 103-ാം സ്ഥാനത്താണിപ്പോള്‍.

click me!