Latest Videos

യൂത്ത് ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് ഇസ്രായേല്‍! അര്‍ജന്റീനയ്ക്ക് പിന്നാലെ മടക്കം; ഇറ്റലിയും സെമിയില്‍

By Web TeamFirst Published Jun 4, 2023, 7:15 AM IST
Highlights

രണ്ട് തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ ദാരുണ തോല്‍വി. മത്സരത്തിന്റെ ആദ്യപാതിയില്‍ ബ്രസീലിനെ ഗോളടിക്കാതെ പിടിച്ചുനിര്‍ത്താന്‍ ഇസ്രായേലിനായിരുന്നു.

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലും അണ്ടര്‍ 20 ലോകകപ്പില്‍ നിന്ന് പുറത്ത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇസ്രായേലാണ് ബ്രസീലിനെ അട്ടിമറിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകലും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ എക്‌സ്ട്രാ ടൈമിലാണ് വിജയികളെ തീരുമാനിച്ചത്. ഇസ്രായേലിനൊപ്പം ഇറ്റലിയും സെമിയിലെത്തി. കൊളംബിയയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറ്റലി തോല്‍പ്പിച്ചത്.

രണ്ട് തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ ദാരുണ തോല്‍വി. മത്സരത്തിന്റെ ആദ്യപാതിയില്‍ ബ്രസീലിനെ ഗോളടിക്കാതെ പിടിച്ചുനിര്‍ത്താന്‍ ഇസ്രായേലിനായിരുന്നു. എന്നാല്‍ 56-ാം മിനിറ്റില്‍ ബ്രസീല്‍ പൂട്ട് പൊട്ടിച്ചു. മാര്‍കോസ് ലിയാന്‍ഡ്രോയുടെ വകയായിരുന്നു ഗോള്‍. എന്നാല്‍ നാല് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. 

60-ാം മിനിറ്റില്‍ മറുപടിയെത്തി. അനാന്‍ ഖലൈലിയുടെ ഫിനിഷാണ് ഇസ്രായേലിനെ ഒപ്പമെത്തിച്ചത്. നിശ്ചിത സമയത്ത് ഇരുവര്‍ക്കും പിന്നീട് ഗോളൊന്നും നേടാന്‍ സാധിച്ചില്ല. മത്സരം അധികസമയത്തേക്ക്. 91-ാം മിനിറ്റില്‍ മതേവൂസ് നാസിമെന്റോ വീണ്ടും ബ്രസീലിനെ മുന്നിലെത്തിച്ചു. രണ്ട് മിനിറ്റിനകം ഇസ്രായേല്‍ ഒപ്പമെത്തുകയും ചെയ്തു. ഹംസ ഷിബ്ലിയാണ് ഗോള്‍ നേടിയത്.

അധികസമയത്തിന്റെ ഇഞ്ചുറി ടൈം പൂര്‍ത്തിയാവുന്നതിന്റെ തൊട്ടുമുമ്പ് കാനറികളെ ഞെട്ടിച്ച് ഇസ്രായേല്‍ ആദ്യ മത്സരത്തില്‍ ലീഡ് നേടി. ദോര്‍ ഡേവിഡ് ദര്‍ഗെമന്‍ ഇസ്രായേലിന് ലീഡ് സമ്മാനിക്കുകയായിരുന്നു. ഈ പ്രഹരത്തില്‍ നിന്ന് തിരിച്ചുകേറാന്‍ ബ്രസീലിന് സാധിച്ചില്ല. ഇതിനിടെ രണ്ട് പെനാല്‍റ്റി അവസരങ്ങള്‍ ഇസ്രായേല്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. അല്ലെങ്കില്‍ സ്‌കോര്‍ ഇതിലും മോശമായേനെ. 

കൊളംബിയക്കെതിരെ ആദ്യപാതിയില്‍ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു. ഒമ്പതാം മിനിറ്റില്‍ കാസ്പര്‍ കസഡെലിന്റെ ഗോളില്‍ ഇറ്റലി മുന്നിലെത്തി. 38-ാം മിനിറ്റില്‍ തൊമാസോ ബാള്‍ഡാന്‍സി ഇറ്റലിക്ക് ലീഡ് സമ്മാനിച്ചു. 46-ാം മിനിറ്റില്‍ ഫ്രാന്‍സെസ്‌ക്കോ പിയോ സ്‌പോസിറ്റോയുടെ വക അവസാന ആണിയും. 49-ാം മിനിറ്റില്‍ കാമിലോ ടോറസാണ് കൊളംബിയയുടെ ആശ്വാസഗോള്‍ നേടിയത്. 

ഗുണ്ടോഗന്‍റെ ഇരട്ട ഗുണ്ടില്‍ യുണൈറ്റഡ് ചാരം; എഫ്‌എ കപ്പ് ഉയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി

ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നൈജീരിയ രാത്രി 11 മണിക്ക് ദക്ഷിണ കൊറിയയെ നേരിടും. പുലര്‍ച്ചെ 2.30ന് ഉറുഗ്വെ - യുഎസ്എ മത്സരവും നടക്കും.
 

click me!