ബലാത്സംഗ കേസില്‍ നെയ്‌മര്‍ക്ക് ആശ്വാസം; അന്വേഷണം അവസാനിപ്പിച്ചു

By Web TeamFirst Published Jul 30, 2019, 12:50 PM IST
Highlights

നെയ്‌മര്‍ പാരിസിലെ ഒരു ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു

സാവോ പോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്‌മര്‍ക്കെതിരായ ബലാത്സംഗാരോപണ കേസില്‍ അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ പൊലീസ് അവസാനിപ്പിച്ചു. സാവോ പോളോ അറ്റോര്‍ണി ജനറലിന്‍റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. അന്തിമ തീരുമാനം ജഡ്‌ജിയായിരിക്കും കൈക്കൊള്ളുകയെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. 

കോപ്പാ അമേരിക്ക ടൂര്‍ണമെന്‍റിന് തൊട്ടുമുന്‍പാണ് നെയ്‌മറെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം പുറത്തുവന്നത്. 'നെയ്‌മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പാരിസിലെ ഒരു ഹോട്ടലില്‍ മെയ് 15ന് തനിക്കായി റൂം ബുക്ക് ചെയ്തു. മദ്യപിച്ചാണ് നെയ്‌മര്‍ മുറിയിലെത്തിയത്. അവിടെ വെച്ച് നെയ്‌മര്‍ പീഡിപ്പിക്കുകയായിരുന്നു' എന്നും യുവതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച നെയ്‌മര്‍ പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പുലിവാല്‍പിടിച്ചു. ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ജൂണ്‍ രണ്ടിന് ഏഴ് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് നെയ്‌മര്‍ പുറത്തുവിട്ടത്. ഇതില്‍ നെയ്‌മര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ സംഭവത്തിലും സാവോ പോളോ പൊലീസ് നെയ‌്‌മറെ ചോദ്യം ചെയ്തിരുന്നു. 

click me!