
എവേര്ട്ടന്: ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബായ എവേര്‍ട്ടന്‍റെ പുതിയ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടിയെ നിയമിച്ചു. 2024 വരെയാണ് നിയമനം. പ്രീമിയര്‍ ലീഗില്‍ എവേര്‍ട്ടൺ 15-ാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് ആഞ്ചലോട്ടി ചുമതലയേൽക്കുന്നത്. പുറത്താക്കപ്പെട്ട പോര്‍ച്ചുഗീസ് കോച്ച് മാര്‍ക്കോ സിൽവയുടെ പകരക്കാരനായാണ് നിയമനം.
ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയുടെ പരിശീലക സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്‌ച ആഞ്ചലോട്ടിയെ പുറത്താക്കിയിരുന്നു. എ സി മിലാന്‍, പിഎസ്ജി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, ചെൽസി തുടങ്ങി വമ്പന്‍ ക്ലബുകളുടെ പരിശീലകനായിരുന്നു ആഞ്ചലോട്ടി. ചാമ്പ്യന്‍സ് ലീഗിൽ മൂന്ന് കിരീടം നേടിയിട്ടുള്ള ആഞ്ചലോട്ടിയെ പാളയത്തിലെത്തിച്ചത് എവേര്‍ട്ടന് അപ്രതീക്ഷിത നേട്ടമായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനക്കാരായ എവേര്‍ട്ടന്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആഴ്‌സണലുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മത്സരം കാണാന്‍ ക്ലബ് ഉടമയ്‌ക്കൊപ്പം ആഞ്ചലോട്ടി സ്റ്റേഡിയത്തിലെത്തിയിരുന്നു. ബോക്‌സിംഗ് ഡേയില്‍ ബേണ്‍ലിക്കെതിരെ ആഞ്ചലോട്ടിക്ക് കീഴില്‍ എവേര്‍ട്ടന്‍ ഇറങ്ങും. മത്സരത്തിന് മുന്നോടിയായി ഇന്ന് താരങ്ങളെയും സ്റ്റാഫിനെയും ആഞ്ചലോട്ടി കാണും.
18 മത്സരങ്ങളില്‍ അഞ്ച് ജയവും നാല് സമനിലയുമുള്ള ടീമിന് 19 പോയിന്‍റ് മാത്രമാണ് ആകെ സമ്പാദ്യം. പട്ടികയില്‍ തലപ്പത്തുള്ള ലിവര്‍പൂളിനേക്കാള്‍ 30 പോയിന്‍റ് പിന്നിലാണ് എവേര്‍ട്ടണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!