ചെന്നൈ സിറ്റിയോ, ഈസ്റ്റ് ബംഗാളോ..? ഐ ലീഗ് ചാംപ്യന്മാരെ ഇന്നറിയാം

By Web TeamFirst Published Mar 9, 2019, 2:57 PM IST
Highlights

ഐ ലീഗ് ഫുട്‌ബോള്‍ ചാന്പ്യന്‍മാരെ ഇന്നറിയാം. സീസണിലെ അവസാന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി കൊയമ്പത്തൂരില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെയും കോഴിക്കോട് നടക്കുന്ന മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാള്‍ ഗോകുലം കേരളയേയും നേരിടും.

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ ചാന്പ്യന്‍മാരെ ഇന്നറിയാം. സീസണിലെ അവസാന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി കൊയമ്പത്തൂരില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെയും കോഴിക്കോട് നടക്കുന്ന മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാള്‍ ഗോകുലം കേരളയേയും നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുക. ചെന്നൈയ്ക്ക് 40 പോയിന്റും ഈസ്റ്റ് ബംഗാളിന് 39 പോയിന്റുമാണുള്ളത്. 

മിനര്‍വയ്‌ക്കെതിരെ ജയിച്ചാല്‍ ചെന്നൈ ചാംപ്യന്മാരാവും. ഈസ്റ്റ് ബംഗാളിന് കിരീടം നേടണമെങ്കില്‍ ഗോകുലത്തെ തോല്‍പിക്കുകയും ചെന്നൈ, മിനര്‍വയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ വേണം. ഗോകുലം ജയിക്കുകയാണെങ്കില്‍ ചെന്നൈയ്ക്ക് മിനര്‍വയ്‌ക്കെതിരായ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരില്ല. 

ഇന്നലെ മോഹന്‍ ബഗാന്‍ ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു. ബഗാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ഷില്ലോംഗ് ലജോംഗിനെ തോല്‍പിച്ചു. കളിതീരാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ മലയാളിതാരം ബ്രിട്ടോയാണ് ബഗാന്റെ വിജയഗോള്‍ നേടിയത്. ബഗാനുവേണ്ടി ബ്രിട്ടോയുടെ ആദ്യ ഗോളാണിത്. ഡിപാന്‍ഡയും സോണി നോര്‍ദേയുമാണ് ബഗാന്റെ മറ്റ് സ്‌കോറര്‍മാര്‍. ഫറങ്കി ബുവാമാണ് ഷില്ലോംഗിന്റെ ഗോളുകള്‍ നേടിയത്. അഞ്ചാം സ്ഥാനത്താണ് ബഗാന്‍ അവസാനിപ്പിച്ചത്.

click me!