ക്ലബ്ബിനെക്കാള്‍ വലുതല്ല ഒരു താരവും; മെസിയെക്കുറിച്ച് ബാഴ്സ മുന്‍ പരിശീലകന്‍

By Web TeamFirst Published Sep 5, 2020, 8:39 PM IST
Highlights

മെസി ബാഴ്സക്കുവേണ്ടി കളിക്കുന്നത് നിര്‍ത്തിയാലും അധികം വൈകാതെ ബാഴ്സ വീണ്ടും കിരീടങ്ങള്‍ നേടി തുടങ്ങുമെന്നെനിക്ക് ഉറപ്പുണ്ട്. മെസിയാകട്ടെ ക്ലബ്ബ് വിട്ടാലും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുമെന്നും നേഷണ്‍സ് ലീഗില്‍ യുക്രൈനെതിരായ സ്പെയിനിന്റെ മത്സരത്തിന് മുന്നോടിയായി എന്‍‌റിക്വെ പറഞ്ഞു.

ബാഴ്സലോണ: ലിയോണല്‍ മെസിയെ ബാഴ്സ വിടാന്‍ അനുവദിക്കണമായിരുന്നുവെന്ന് ബാഴ്സ മുന്‍ പരിശീലകനും സ്പെയിന്‍ ദേശീയ ടീമീന്റെ പരിശീലകനുമായ ലൂയിസ് എന്‍‌റിക്വെ. ക്ലബ്ബ് വിടാനുള്ള മെസിയുടെ തീരുമാനം വളരെ കരുതലോടെയായിരുന്നു കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും എന്‍‌റിക്വെ പറഞ്ഞു.

എക്കാലത്തും കളിക്കാരനെക്കാള്‍ വലുത് ക്ലബ്ബ് തന്നെയാണ്. 1899 മുതലുള്ള ചരിത്രമുണ്ട് ബാഴ്സലോണക്ക്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നുമാണ്. ഒട്ടേറെ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മെസിയും ബാഴ്സയും തമ്മില്‍ അത്ഭുതകരമായ ബന്ധമാണുണ്ടായിരുന്നത്. ബാഴ്സയുടെ വളര്‍ച്ചയില്‍ മെസിയുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ബാഴ്സ വിടുന്ന കാര്യത്തില്‍ ബാഴ്സയും മെസിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തണമായിരുന്നു.

മെസി ബാഴ്സക്കുവേണ്ടി കളിക്കുന്നത് നിര്‍ത്തിയാലും അധികം വൈകാതെ ബാഴ്സ വീണ്ടും കിരീടങ്ങള്‍ നേടി തുടങ്ങുമെന്നെനിക്ക് ഉറപ്പുണ്ട്. മെസിയാകട്ടെ ക്ലബ്ബ് വിട്ടാലും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുമെന്നും നേഷണ്‍സ് ലീഗില്‍ യുക്രൈനെതിരായ സ്പെയിനിന്റെ മത്സരത്തിന് മുന്നോടിയായി എന്‍‌റിക്വെ പറഞ്ഞു.

2014 മുതല്‍ 2017വരെ ബാഴ്സയുടെ പരിശീലകനായിരുന്നു എന്‍‌റിക്വെ. 2015ല്‍ എന്‍‌റിക്വെയുടെ കീഴില്‍ ബാഴ്സ ട്രിപ്പിള്‍ കിരീടനേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോട് 8-2ന് തോറ്റതിന് പിന്നാലെയാണ് മെസി ക്ലബ്ബ് വിടാനുള്ള തീരുമാനം ബാഴ്സ മാനേജ്മെന്റിനെ അറിയിച്ചത്.ഈ വര്‍ഷമാദ്യം തന്നെ ബാഴ്സലോണ ക്ലബ്ബ് മാനേജ്മെന്റിന്റെ നടപടികളില്‍ മെസി അതൃപ്തി അറിയിച്ചിരുന്നു.

മാനേജ്മെന്റിലും ടീമിലും അടിമുടി മാറ്റം വേണമെന്നും മെസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ ക്ലബ്ബ് മാനേജ്മെന്റ് തയാറായില്ല. ഒടുവില്‍ സ്പാനിഷ് ലാ ലിഗ കിരീടം റയലിന് മുന്നില്‍ അടിയറവെക്കുകയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോട് നാണംകെട്ട തോല്‍വി വഴങ്ങുകയും ചെയ്തതിന് പിന്നാലെ കോച്ച് ക്വിക്കെ സെറ്റിയനെയും സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് ആബിദാലിനെയും ബാഴ്സ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് വിടാനുള്ള താല്‍പര്യം അഭിഭാഷകര്‍ മുഖേന ടീം മാനേജ്മെന്റിനെ അറിയിച്ച് മെസി ആരാധകരെ ഞെട്ടിച്ചത്.

click me!