ജെയ്‌റോയ്ക്ക് പരിക്കെന്ന് ബ്ലാസ്റ്റേഴ്‌സ്, ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് താരം; ആശയകുഴപ്പം മാറാതെ ആരാധകര്‍

By Web TeamFirst Published Nov 21, 2019, 9:31 AM IST
Highlights

കേരള ബ്ലാസ്റ്റേഴ്‌സ് താരം ജെയ്‌റോ റോഡ്രിഗസിന്റെ പരിക്കിനെ ചൊല്ലി ആശയക്കുഴപ്പം. ജെയ്‌റോയ്ക്ക് പകരക്കാരനെ തേടികൊണ്ടിരിക്കുന്ന സമയമാണിത്. എന്നാല്‍  രണ്ടാഴ്ചക്കുള്ളില്‍ പരിക്ക് മാറുമെന്നും ടീമില്‍ തിരിച്ചെത്തുമെന്നും താരം ട്വീറ്റ് ചെയ്തു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം ജെയ്‌റോ റോഡ്രിഗസിന്റെ പരിക്കിനെ ചൊല്ലി ആശയക്കുഴപ്പം. ജെയ്‌റോയ്ക്ക് പകരക്കാരനെ തേടികൊണ്ടിരിക്കുന്ന സമയമാണിത്. എന്നാല്‍  രണ്ടാഴ്ചക്കുള്ളില്‍ പരിക്ക് മാറുമെന്നും ടീമില്‍ തിരിച്ചെത്തുമെന്നും താരം ട്വീറ്റ് ചെയ്തു. കൊച്ചിയില്‍ ഒഡീഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് പ്രതിരോധ നിരക്കാരന്‍ ജയ്‌റോയ്ക്ക് പരിക്കേറ്റത്.

പരുക്ക് ഗുരുതരമാണെന്നും അനിശ്ചിതകാലത്തേക്ക് ജയ്‌റോയ്ക്ക് കളിക്കാനാവില്ലെന്നും കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരുന്നു. പകരക്കാരനെ തേടുകയാണെന്നും ക്ലബ്ബിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നില്ലെന്ന് ജെയ്‌റോ വ്യക്തമാക്കി. പരിക്കില്‍നിന്ന് മോചിതനായി രണ്ടാഴ്ചക്കുള്ളില്‍ മഞ്ഞ ജഴ്‌സിയില്‍ കളിക്കാനാകുമെന്നുമായിരുന്നു ട്വീറ്റ്.

ബ്ലാസ്റ്റേഴ്‌സും ജയ്‌റോയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും ഇതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും തയ്യാറായിട്ടില്ല. മറ്റന്നാള്‍ ബംഗളൂരു എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഏഴാം സ്ഥാനത്താണ്.

click me!