കൊറോണയ്ക്കെതിരായ പോരാട്ടത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലുകള്‍ വിട്ടുനല്‍കിയോ? വിവാദം

By Web TeamFirst Published Mar 15, 2020, 6:44 PM IST
Highlights

സ്പാനിഷ് ന്യൂസ് പേപ്പറായ മാര്‍സയാണ് പോര്‍ച്ചുഗലില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധിതരെ സഹായിക്കുന്നതിനായി തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയതായി റിപ്പോര്‍ട്ട് ചെയ്തത്. വിവരം യുവെ വെബ്സൈറ്റും റിപ്പോര്‍ട്ട് ചെയ്തതോടെ സമൂഹമാധ്യമങ്ങള്‍ ക്രിസ്റ്റ്യാനോയെ ഏറ്റെടുത്തു

പോര്‍ച്ചുഗല്‍: കൊറോണയ്ക്കെതിരായ പോരാട്ടത്തിനായി തന്‍റെ ഹോട്ടലുകള്‍ ആശുപത്രികളാക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടു നല്‍കിയതായുള്ള പ്രചാരണത്തെച്ചൊല്ലി വിവാദം. സ്പാനിഷ് ന്യൂസ് പേപ്പറായ മാര്‍സയാണ് പോര്‍ച്ചുഗലില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധിതരെ സഹായിക്കുന്നതിനായി തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയതായി റിപ്പോര്‍ട്ട് ചെയ്തത്. വിവരം യുവെ വെബ്സൈറ്റും റിപ്പോര്‍ട്ട് ചെയ്തതോടെ സമൂഹമാധ്യമങ്ങള്‍ ക്രിസ്റ്റ്യാനോയെ ഏറ്റെടുത്തു.

സിആര്‍ 7 എന്ന തന്‍റെ ബ്രാന്‍ഡിന്‍റെ പേരിലുള്ള ഹോട്ടലുകളാണ് ഇത്തരത്തില്‍ ആശുപത്രികളാക്കുന്നതെന്നായിരുന്നു പ്രചാരണം. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും ശമ്പളം ക്രിസ്റ്റ്യാനോ നല്‍കുമെന്നുമായിരുന്നു മാര്‍സയുടെ റിപ്പോര്‍ട്ട്. രോഗികളില്‍ നിന്ന് പണം സ്വീകരിക്കാതെയാവും സേവനമെന്നും റിപ്പോര്‍ട്ടില്‍ അവകാശവാദമുണ്ടായിരുന്നു. എന്നാല്‍ പ്രചാരണത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വാക്പോര് നടക്കുകയാണ്. പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്നും പ്രചാരണത്തിലെ വാദങ്ങള്‍ വ്യാജമാണെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. വാര്‍ത്ത വ്യാജമാണെന്ന പ്രചാരണം വ്യാപകമായതോടെ ഇത് സംബന്ധിച്ച ട്വീറ്റ് മാര്‍സ നീക്കം ചെയ്തു.

എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്ത മാര്‍സയുടെ വെബ് സൈറ്റില്‍ നിന്ന് ഇതുവരെയും നീക്കിയിട്ടില്ല. ഫുട്ബോള്‍ മേഖലയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ക്രിസ്റ്റോഫ് ടെറിയര്‍ എന്നാല്‍ പ്രചാരണ വ്യാജമാണെന്ന് ട്വീറ്റ് ചെയ്തു.

Reported as fake in Portugal, in the meantime deleted by Marca (who made it a viral story). https://t.co/Iq7QAkDImD

— Kristof Terreur 📰🎥 (@HLNinEngeland)

പോര്‍ച്ചുഗലില്‍ പ്രചാരണം വ്യാജമാണെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ട്വീറ്റ് മാര്‍സ നീക്കിയെന്നും ക്രിസ്റ്റോഫ് ട്വീറ്റില്‍ വിശദമാക്കുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും സ്ഥിരീകരണം നല്‍കാനോ വാര്‍ത്ത നിഷേധിക്കാനോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തയ്യാറായിട്ടില്ല. എന്നാല്‍ കൊവിഡ് 19 ലെ ആശങ്ക വ്യക്തമാക്കി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റൊണാള്‍ഡോ പ്രതികരിച്ചിരുന്നു.

For information: https://t.co/rbDpMTcs6s pic.twitter.com/jWzDZX0GJK

— Cristiano Ronaldo (@Cristiano)

പല ദേശീയ മാധ്യമങ്ങളും സംഭവം ഏറ്റെടുത്തതോടെ വാര്‍ത്ത വ്യാജമാണെന്നും സത്യമാണെന്നുമുള്ള വിഷയത്തില്‍ വിവാദം കത്തുകയാണ്. ക്രിസ്റ്റ്യാനോയുടെ സഹതാരമായ റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ യുവന്‍റസ് താരങ്ങളും പരിശീലകരും ഉള്‍പ്പടെ 121 പേര്‍ കര്‍ശന നിരീക്ഷണത്തിലാണ്. യുവന്‍റസ് എല്ലാം മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. പോര്‍ച്ചുഗലിലെ വീട്ടില്‍ ഹോം ഐസലോഷനില്‍ കഴിയുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ ലീഗായ സീരി എ നേരത്തതന്നെ മത്സരങ്ങളെല്ലാം മാറ്റിവച്ചിരുന്നു.
 

click me!