Latest Videos

പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കുമോ? അടിയന്തര യോഗം ചേരാന്‍ ക്ലബുകള്‍; ഫുട്ബോള്‍ പ്രേമികള്‍ക്ക് ചങ്കിടിപ്പ്

By Web TeamFirst Published Mar 15, 2020, 11:23 AM IST
Highlights

കൊവിഡ് 19 ആശങ്ക കാരണം ലീഗ് മത്സരങ്ങള്‍ മാറ്റിവച്ച സാഹചര്യത്തിലാണ് യോഗം. ഏപ്രില്‍ മൂന്ന് വരെയുള്ള എല്ലാ മത്സരങ്ങളുമാണ് ഇതുവരെ നിര്‍ത്തിവച്ചത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളുടെ അടിയന്തര യോഗം വ്യാഴാഴ്‌ച ചേരും. കൊവിഡ് 19 ആശങ്ക കാരണം ലീഗ് മത്സരങ്ങള്‍ മാറ്റിവച്ച സാഹചര്യത്തിലാണ് യോഗം. ഏപ്രില്‍ മൂന്ന് വരെയുള്ള എല്ലാ മത്സരങ്ങളുമാണ് ഇതുവരെ നിര്‍ത്തിവച്ചത്. 

പ്രീമിയര്‍ ലീഗ് മുന്‍കൂട്ടി നിശ്ചയിച്ച മത്സരക്രമം പ്രകാരം പൂര്‍ത്തിയാക്കാനാകുമോ എന്നകാര്യം സംശയമാണ്. ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയ്‌ക്കും ചെൽസി താരം ക്വാലം ഒഡോയ്‌ക്കും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലീഗ് നിര്‍ത്തിവച്ചത്. കൂടുതൽ താരങ്ങളും പരിശീലകരും നിരീക്ഷണത്തിലാണ്. മത്സരങ്ങള്‍ ഏപ്രില്‍ നാലിന് ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ലെന്ന് ബ്രൈറ്റന്‍ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ ബാര്‍ബര്‍ വ്യക്തമാക്കി. 

Read more: കൊവിഡ് 19: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കി

ഇംഗ്ലണ്ടില്‍ എല്ലാ പ്രൊഫഷനല്‍ ഫുട്ബോള്‍ മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രീമിയര്‍ ലീഗിന് പുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ്‌എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. മറ്റ് പ്രധാന ടൂര്‍ണമെന്‍റുകളായ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്‌പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. 

കൊവിഡ് 19 മഹാമാരി പിടിപെട്ടവരുടെ എണ്ണം ലോകത്താകമാനം ഒന്നരലക്ഷം കടന്നു. ഇതുവരെ 5,839 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടില്‍ കൊവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഇതുവരെ 1,140 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 21 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. 

Read more: ആഴ്‌സനല്‍ പരിശീലകനും ചെല്‍സി താരത്തിനും കൊവിഡ് 19; പ്രീമിയര്‍ ലീഗില്‍ അടിയന്തര യോഗം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!