കൊവിഡ് 19: സന്തോഷ് ട്രോഫി ഫുട്ബോളിനുളള കേരളത്തിന്റെ പരിശീലന ക്യാംപ് മാറ്റി

By Web TeamFirst Published Mar 9, 2020, 5:59 PM IST
Highlights

ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍, ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത ഉറപ്പാക്കിയത്. ക്യാംപില്‍ പങ്കെടുക്കാനുള്ള 29 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തൃശൂര്‍:സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളത്തിന്‍റെ പരിശീലന ക്യാംപ് മാറ്റിവച്ചു. കൊവിഡ് 19 ആശങ്ക കാരണമാണ് തീരുമാനമെന്ന്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച തൃശ്ശൂരിലെ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ക്യാംപ് തുടങ്ങേണ്ടിയിരുന്നത്. ഏപ്രില്‍ 14 മുതല്‍ മിസോറമിലെ ഐസ്‌വാളിലാണ് ടൂര്‍ണമെന്‍റ് തുടങ്ങേണ്ടത്.

ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍, ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത ഉറപ്പാക്കിയത്. ക്യാംപില്‍ പങ്കെടുക്കാനുള്ള 29 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 15നു കേരളം ഡല്‍ഹിയെ നേരിടും. 27നാണ് ഫൈനല്‍. ഡല്‍ഹി, സര്‍വീസസ്, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ യിലാണ് കേരളം.

ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന എല്ലാവരും ഫൈനല്‍ ക്യാംപിലുണ്ട്. ഇവര്‍ക്ക് പുറമെ 10 പുതിയ കളിക്കാരെയും ക്യാംപില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ടീമില്‍ നിന്നു വിട്ടു പോയ ലിയോണ്‍ അഗസ്റ്റിന്‍, അജിന്‍ ടോം, ജിഷ്ണു ബാലകൃഷ്ണന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിരുന്നു. ഐഎസ്എല്‍–ഐലീഗ് ടീമുകളില്‍ ഇടംകിട്ടിയതിനെ തുടര്‍ന്നാണ് മൂവരും ടീം വിട്ടത്. ബിനോ ജോര്‍ജ് ആണ് ടീമിന്റെ മുഖ്യപരിശീലകന്‍.

click me!