
സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് താന്‍ ആണെന്ന് പോര്‍ച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ(Cristiano Ronaldo). ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വടക്കന്‍ മാസിഡോണിയക്കെതിരായ(Portugal vs North Macedonia) നിര്‍ണായ മത്സരത്തിനു മുന്‍പാണ് റൊണാള്‍ഡോയുടെ പ്രതികരണം.
പോകുന്നിടത്തെല്ലാം എപ്പോള്‍ വിരമിക്കുമെന്ന അതേ ചോദ്യം ഞാന്‍ നേരിടുന്നുണ്ട്. എന്‍റെ ഭാവി തീരുമാനിക്കുന്നത് ഞാനാണ്. മറ്റാരുമല്ല. ലോകകപ്പിന് ശേഷവും കളിക്കണമെന്ന് എനിക്ക് തോന്നിയാൽ തുടരും. ഇല്ലെങ്കില്‍ വിരമിക്കും. അന്തിമ തീരുമാനം എടുക്കുക എന്തായാലും ഞാന്‍ തന്നെയാകും. റൊണാള്‍ഡോ പറഞ്ഞു. വടക്കന്‍ മാസിഡോണിയക്കെതിരെ പോര്‍ച്ചുഗലിനാണ് മുന്‍തൂക്കമെന്നും റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞ അഞ്ച് ലോകകപ്പുകള്‍ക്കും പോര്‍ച്ചുഗൽ യോഗ്യത നേടിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാനായില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാകും. അതുകൊണ്ടു തന്നെ മാസിഡോണിയക്കെതിരായ പോരാട്ടം ജീവന്‍മരണ പോരാട്ടമാണ്. ജയിക്കാമെന്ന ആത്മവിശ്വാസമുണ്ട്. കളിക്കാരെല്ലാം പൂര്‍ണ സജ്ജരാണ്.
ഇത് ഞങ്ങളുടെ ജീവന്‍മരണ പോരാട്ടമാണെന്ന തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളെ സ്നേഹിക്കുന്ന ആരാധരുടെയെല്ലാം പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു-റൊണാള്‍ഡോ പറഞ്ഞു. രാജ്യത്തിനായും ക്ലാബ്ബിനായും ഏറ്റവു കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡ് അടുത്തിടെ 37കാരനായ റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേകാലിനാണ് നോര്‍ത്ത് മാസിഡോണിയ-പോര്‍ട്ടുഗല്‍ പ്ലേ ഓഫ് പോരാട്ടം തുടങ്ങുക. ഫിഫ റാങ്കിംഗിൽ അറുപത്തിയേഴാം സ്ഥാനക്കാരാണെങ്കിലും യൂറോ കപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തിയെത്തുന്ന നോർത്ത് മാസിഡോണിയയെ നിസാരക്കാരായി കാണാനാവില്ല പോർച്ചുഗലിന്. തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിനിറങ്ങുന്നത്.
കൊവിഡ് മുക്തനായ പെപെയും സസ്പെൻഷൻ കഴിഞ്ഞ യാവോ കാൻസലോയും തിരിച്ചെത്തുന്നത് പോർച്ചുഗലിന് കരുത്താവും. റൊണാൾഡോയ്ക്കൊപ്പം ഡീഗോ ജോട്ട, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ എന്നിവരുടെ പ്രകടനമാവും പോർച്ചുഗലിന് നിർണായകമാവുക.പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും രക്ഷകനാവുന്ന റൊണാൾഡോ അവസരത്തിനൊത്ത് ഉയരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
അതേസമയം, അവസാന മൂന്ന് കളിയിൽ ഒറ്റഗോളും വഴങ്ങാതെ ജയിച്ച നോർത്ത് മാസിഡോണിയ ലക്ഷ്യമിടുന്നത് ചരിത്രത്തിലെ ആദ്യ ലോകകപ്പ് യോഗ്യത. ഇതിനുമുൻപ് ഇരുടീമും ഏറ്റുമുട്ടിയത് ഒരിക്കൽ മാത്രം. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!