
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. മത്സരത്തിന്റെ പകുതിയിലേറെ സമയവും പത്തു പേരായി ചരുങ്ങിയിട്ടും തളരാതെ പൊരുതിയ ലീഡ്സ് യുനൈറ്റഡാണ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചത്.സ്റ്റുവർട്ട് ഡാല്ലസിന്റെ ഇരട്ടഗോളാണ് ലീഡ്സിന് അവിസ്മരണിയ ജയമൊരുക്കിയത്.
തുടർച്ചയായ മൂന്ന് ജയങ്ങൾക്കുശേഷമാണ് സിറ്റി തോൽവി വഴങ്ങുന്നത്. ലീഗിൽ ലീഡ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. 42-ാം മിനിറ്റിൽ ഡാല്ലസിന്റെ ഗോളിൽ ലീഡെടുത്ത ലീഡ്സിന് പക്ഷെ അഞ്ച് മിനിറ്റിനകം ലിയാം കൂപ്പറെ നഷ്ടമായി. ഗബ്രിയേൽ ജിസ്യൂസിനെ ഫൌൾ ചെയ്തതിന് വാർ പരിശോധിച്ച ശേഷമാണ് കൂപ്പർക്കെതിരെ റഫറി ചുവപ്പു കാർഡ് പുറത്തെടുത്തത്. ഒരു ഗോൾ ലീഡ് പ്രതിരോധിച്ച ലീഡ്സ്, സിറ്റി ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു.
എന്നാൽ 76-ാം മിനിറ്റിൽ ഫെറാന് ടോറസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ എസ്ദാന് അലിയോസ്കിയുടെ ത്രൂ ബോളിൽ രണ്ടാം ഗോളും നേടി ഡാല്ലസ് സിറ്റിയുടെ വിജയക്കുതിപ്പിന് വിരാമമിട്ടു. ലീഗിലെ കഴിഞ്ഞ 29 മത്സരങ്ങളിൽ സിറ്റിയുടെ രണ്ടാം തോൽവി മാത്രമാണിത്.
തോറ്റെങ്കിലും 32 മത്സരങ്ങളിൽ 74 പോയന്റുള്ള സിറ്റി കിരീടപ്പോരിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. 30 കളികളിൽ 60 പോയന്റുള്ള മാഞ്ചസ്റ്റർ യുനൈറ്റഡാണ് രണ്ടാം സ്ഥാനത്ത്. 31 മത്സരങ്ങളിൽ 45 പോയന്റുള്ള ലീഡ്സ് ലീഗിൽ ഒമ്പതാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!