
മിലാന്‍: ഇന്‍റർ മിലാന്‍റെ (Inter Milan) ഡാനിഷ് താരം ( Danish Footballer) ക്രിസ്റ്റ്യൻ എറിക്സൺ (Christian Eriksen) ടീം വിടുന്നു. കരാർ റദ്ദാക്കാൻ ക്ലബും എറിക്സണും സംയുക്തമായി തീരുമാനിച്ചു. യൂറോ കപ്പിനിടെ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ബോധരഹിതനായി കളംവിട്ട എറിക്സൺ അടുത്തിടെയാണ് ചികിത്സയ്ക്ക് ശേഷം പരിശീലനം തുടങ്ങിയത്. പേസ്മേക്കർ (Pacemaker) ഉപകരണം ശരീരത്തിൽ ഘടിപ്പിച്ചാണ് എറിക്സൺ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
എന്നാല്‍ ഇറ്റലിയിൽ ഇത്തരം ഉപകരങ്ങൾ ഉപയോഗിക്കുന്നവർക്ക് കളിക്കാൻ വിലക്കുള്ള സാഹചര്യത്തിലാണ് ടീം വിടാൻ എറിക്സൺ തീരുമാനിച്ചത്. നിയമപ്രശ്നമില്ലാത്ത മറ്റൊരു രാജ്യത്തേക്ക് എറിക്സൺ പോകുമെന്നാണ് കരുതുന്നത്. എറിക്സണ് എല്ലാ ആശംസകളും നൽകുന്നതായി ഇന്‍റർ മിലാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്‍ററിനായി 60 മത്സരങ്ങളിൽ എറിക്സൺ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഇന്‍റർ സെരിഎ കിരീടം നേടിയിരുന്നു.
ഫുട്ബോള്‍ ലോകം നടുങ്ങിയ നിമിഷങ്ങള്‍
യൂറോയില്‍ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഇടവേളയ്‌ക്ക് തൊട്ടുമുൻപാണ് ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്. ഇതോടെ വലിയ ആശങ്ക ഉടലെടുക്കുകയായിരുന്നു. കളി ഉടന്‍ നിര്‍ത്തിവച്ച റഫറി ആന്‍റണി ടെയ്‌ലര്‍ മൈതാനത്തേക്ക് വൈദ്യസംഘത്തെ വിളിച്ചു. ഇതിനിടെ ഡെന്‍മാര്‍ക്ക് നായകൻ സിമൺ കെയർ എറിക്സണ് കൃത്രിമശ്വാസം നൽകി. ഡെന്‍മാര്‍ക്ക് താരങ്ങളെല്ലാം ചേര്‍ന്ന് എറിക്‌സണ് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തു. കൂട്ടിന് ഫിന്‍ലന്‍ഡ് ആരാധകര്‍ പതാക എറിഞ്ഞുകൊടുത്തു.
മൈതാനത്ത് താരങ്ങളും ആരാധകരുമെല്ലാം കണ്ണീര്‍ പൊഴിച്ച മിനുറ്റുകള്‍ക്കൊടുവില്‍ എറിക്‌സണ്‍ അപകടനില തരണം ചെയ്തു എന്ന അറിയിപ്പ് മൈതാനത്തെത്തി. 'ക്രിസ്റ്റ്യന്‍, എറിക്‌സണ്‍' എന്ന ആര്‍പ്പുവിളിയോടെയാണ് ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ആരാധകര്‍ ഈ സന്തോഷ വാര്‍ത്ത സ്വീകരിച്ചത്. ഫിന്‍ലന്‍ഡ് ആരാധകര്‍ ക്രിസ്റ്റ്യന്‍ എന്നും ഡെന്മാര്‍ക്ക് ആരാധകര്‍ എറിക്സൺ എന്നും ഉച്ചത്തില്‍ വിളിച്ച് ആശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. താരം കോപ്പന്‍ഹേഗനിലെ ആശുപത്രിയിൽ ഹൃദയശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു.
'സുഖമായിരിക്കുന്നു, ഡെന്‍മാര്‍ക്കിനായി ആര്‍പ്പുവിളിക്കാന്‍ ഞാനുമുണ്ടാകും'; ക്രിസ്റ്റ്യന്‍ എറിക്സണ്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!