ലോകകപ്പിലെ ഫോക്ലാന്‍ഡ് ബാനര്‍ വിവാദം: പ്രീമിയര്‍ ലീഗ് കളിക്കുന്ന അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് പണി കിട്ടുമോ?

Published : Jul 21, 2026, 01:27 PM IST
Argentina Political Banner

Synopsis

ലോകകപ്പിലെ വിവാദമായ ഫോക്ലാന്‍ഡ് ബാനര്‍ പ്രദര്‍ശനത്തിന് ശേഷം അര്‍ജന്റീനയുടെ പ്രീമിയര്‍ ലീഗ് താരങ്ങള്‍ വിസ പ്രശ്‌നങ്ങള്‍ നേരിടുമോ എന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, താരങ്ങളുടെ പ്രവൃത്തി അക്രമത്തിന് പ്രേരിപ്പിക്കാത്തതിനാലും അത് അര്‍ജന്റീനയുടെ ഔദ്യോഗിക നിലപാടായതിനാലും വിസ റദ്ദാക്കാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍: ഫിഫ ലോകകപ്പിലെ വിവാദമായ ആഘോഷങ്ങള്‍ക്ക് പിന്നാലെ, അര്‍ജന്റീനയുടെ പ്രീമിയര്‍ ലീഗ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോള്‍ വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമോ എന്ന ആശങ്കകള്‍ ഉയരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ക്ക് അടിസ്ഥാവിമില്ലെന്ന് ലീഗല്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അറ്റ്ലാന്റയില്‍ വെച്ച് നടന്ന സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീന 2-1ന് വിജയിച്ചതിന് ശേഷമാണ് ഈ വിവാദ സംഭവങ്ങള്‍ ഉണ്ടായത്. മത്സരത്തിന് ശേഷം കളിക്കളത്തില്‍ 'ഫോക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്ന് രേഖപ്പെടുത്തിയ ബാനറുമായി താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫെന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ്, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ ഡിഫെന്‍ഡര്‍ ക്രിസ്റ്റ്യാന്‍ റൊമേറോ, മുന്‍ ടോട്ടന്‍ഹാം താരം ജിയോവാനി ലോ സെല്‍സോ എന്നിവരാണ് ഈ ബാനറുമായി രംഗത്തുണ്ടായിരുന്നത്. 1982-ല്‍ ദക്ഷിണ അറ്റ്ലാന്റിക് പ്രദേശത്തെ ചൊല്ലി നടന്ന യുദ്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ മുദ്രാവാക്യം. ആ സംഘര്‍ഷത്തില്‍ 649 അര്‍ജന്റീനന്‍ സൈനികരും 255 ബ്രിട്ടീഷ് സൈനികരുള്‍പ്പെടെ 907 പേര്‍ ജീവന്‍ വെടിഞ്ഞിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് കമന്റേറ്റര്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണുണ്ടായത്. താരങ്ങളുടെ ബ്രിട്ടനിലെ സാന്നിധ്യം പൊതുജനക്ഷേമത്തിന് ഹാനികരമാണോ എന്ന് പരിശോധിക്കാന്‍ യുകെ ഹോം ഓഫീസ് ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നിരുന്നാലും, അര്‍ജന്റീനന്‍ താരങ്ങളുടെ വര്‍ക്ക് വിസ റദ്ദാക്കപ്പെടുമെന്ന സാധ്യതകളെ നിയമവിദഗ്ധര്‍ തള്ളിക്കളയുന്നു. ക്രിമിനല്‍ ശിക്ഷകളൊന്നുമില്ലാതെ തന്നെ പൊതുനന്മ മുന്‍നിര്‍ത്തി കുടിയേറ്റ അനുമതികള്‍ റദ്ദാക്കാനുള്ള വിപുലമായ അധികാരം ഹോം ഓഫീസിനുണ്ടെന്ന് യുകെയിലെ ഇമിഗ്രേഷന്‍ വിദഗ്ധയായ അസ്മ ബഷീര്‍ സ്ഥിരീകരിക്കുന്നു.

എന്നിരുന്നാലും, തീവ്രവാദം, ദേശീയ സുരക്ഷയ്ക്ക് ഭീഷണി, ഗുരുതരമായ കുറ്റകൃത്യങ്ങള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ ഗൗരവകരമായ കാര്യങ്ങള്‍ക്കാണ് ഈ നിയമം സാധാരണയായി ഉപയോഗിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. പ്രസ്തുത ബാനര്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍മാത്രം ഒരു പ്രീമിയര്‍ ലീഗ് താരത്തിന്റെ വിസ റദ്ദാക്കുന്നത് തികച്ചും അസംഭവ്യമാണെന്നും അവര്‍ വ്യക്തമാക്കി.

'ഈ പരാമര്‍ശം രാഷ്ട്രീയമായി സെന്‍സിറ്റീവ് ആണെങ്കിലും, അത് അര്‍ജന്റീനയുടെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നത്. അത് അക്രമത്തെയോ കുറ്റകൃത്യത്തെയോ വെറുപ്പിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല.' അസ്മ ബഷീര്‍ വിശദീകരിച്ചു. അതുകൊണ്ടുതന്നെ അന്യദേശക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാന്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫിഫ റാങ്കിംഗിലും അര്‍ജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്‌പെയ്ന്‍
ലോകകപ്പ് സ്വപ്ന ഇലവനിൽ ആരൊക്കെ?, റോഡ്രി നായകൻ, ടീമില്‍ സ്പെയിനാധിപത്യം; ഗോളടിക്കാൻ മെസിയും എംബാപ്പെയും